Connect with us

National

ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി മാറിക്കൊടുക്കാന്‍ തയ്യാര്‍: സിദ്ധരാമയ്യ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദളിത് മുഖ്യമന്ത്രിയെയാണ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ താന്‍ മാറിക്കൊടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. “ഒരു ദളിതന്‍ മുഖ്യമന്ത്രിയാകുന്നതിനെ ഞാന്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. മല്ലികാര്‍ജുന ഖാര്‍ഗെയോട് തികഞ്ഞ ബഹുമാനമാണുള്ളത്. എം എല്‍ എമാരെക്കൂടി വിശ്വാസത്തിലെടുത്ത് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും നില്‍ക്കും.” താന്‍ ആര്‍ക്കും എതിരല്ലെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും കര്‍ണാടക രാഷ്ട്രീയത്തില്‍ തന്നെ തുടരുമെന്നും സിദ്ധരാമയ്യ മൈസൂരുവില്‍ പറഞ്ഞു.

പ്രചാരണ വേളയില്‍ മോദി അടക്കം പല ബി ജെ പി നേതാക്കളും സിദ്ധരാമയ്യക്ക് പകരം ഒരു ദളിത് മുഖത്തെ മുഖ്യമന്ത്രിയാക്കുമോ എന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വെല്ലുവിളി നടത്തിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ത്രിശങ്കു സഭക്ക് സാധ്യത കല്‍പ്പിച്ചതോടെയാണ് സിദ്ധരാമയ്യയുടെ പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പാണിത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. തന്റെ അവസാന ശ്വാസം വരെ വര്‍ഗീയതക്കെതിരെ പോരാടുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാര്യമായി എടുക്കുന്നില്ല. തൂക്കു മന്ത്രിസഭ നിലവില്‍ വരുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്ക വേണ്ടെന്നും പ്രവര്‍ത്തകരോട് വിശ്രമിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പുഴ ഇറങ്ങിക്കടക്കുന്ന ആളോട് പുഴയുടെ ശരാശരി ആഴം പറഞ്ഞുകൊടുക്കുന്നതുപോലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും അദ്ദേഹം പരിഹസിച്ചു.
കര്‍ണാടകയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കു മന്ത്രിസഭ നിലവില്‍ വരുമെന്നുമായിരുന്നു ഇന്നലെ നടന്ന വോട്ടെടുപ്പിനു ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിക്കതും പ്രവചിച്ചത്. കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം പ്രകടനം കാഴ്ചവെക്കുമെന്നും ജനതാ ദള്‍ (എസ്) ആയിരിക്കും ആര് മന്ത്രിസഭയുണ്ടാക്കും എന്ന കാര്യം തീരുമാനിക്കുകയെന്നും പ്രവചനമുണ്ടായി.

---- facebook comment plugin here -----

Latest