Connect with us

National

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

കാംഗ്ര: ഹിമാചല്‍ പ്രദേശിലെ കാംഗ്രാ ജില്ലയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ അടക്കം 29 പേര്‍ മരിച്ചു. നൂര്‍പൂര്‍ ടൗണിന് സമീപം ഛെലി ഗ്രാമത്തിലെ കൊടും വളവില്‍ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് തെന്നിമാറി 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. തലസ്ഥാനമായ ഷിംലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

വിദ്യാര്‍ഥികളെ കൂടാതെ രണ്ട് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരനും ബസ് ഡ്രൈവറുമാണ് മരിച്ചതെന്ന് നൂര്‍പൂര്‍ എം എല്‍ എ രാകേഷ് പഥാനിയ അറിയിച്ചു. വസീര്‍ റാം സിംഗ് സ്മാരക പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു ബസ്. മരിച്ച വിദ്യാര്‍ഥികളെല്ലാം പത്തില്‍ താഴെ പ്രായമുള്ളവരാണ്. പരുക്കേറ്റ വിദ്യാര്‍ഥികളില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വീഴ്ചയില്‍ പാടേ തകര്‍ന്നുപോയ ബസില്‍ നിന്ന് കുട്ടികളെ പുറത്തെടുക്കാന്‍ ഏറെ പ്രയാസപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന അടക്കം രക്ഷാ പ്രവര്‍ത്തനത്തിനെത്തിയിരുന്നു. ഇവര്‍ എത്തും മുമ്പുതന്നെ നാട്ടുകാര്‍ ബസില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒമ്പത് കുട്ടികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. നാല്‍പ്പത് കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.

മരണനിരക്ക് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരധ്വാജ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ അറിയിച്ചു.

Latest