Connect with us

National

ദയാവധം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍

Published

|

Last Updated

ദയാവധം ആവശ്യപ്പെടുന്ന കര്‍ഷകര്‍ സമരപന്തലില്‍

മുംബൈ: ധാന്യങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നല്‍കാത്തതിനെ തുടര്‍ന്ന് ദയാവധം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 91 കര്‍ഷകര്‍ രംഗത്ത്. ഇതുവരെയും ധാന്യങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് ഗവര്‍ണര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഹൈവേ നിര്‍മിക്കുന്നതിന് ഏറ്റെടുത്ത ഭൂമിക്ക് സര്‍ക്കാര്‍ ഇതുവരെയും നഷ്ടപരിഹാരം നല്‍കിയില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കുടുംബം പുലര്‍ത്താന്‍ കഴിയാത്തതിനാലും നിസ്സഹായാവസ്ഥ കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തുന്നതിനാലും ദയാവധം വേണമെന്നാണ് ആവശ്യം. മാരക രോഗം പിടിപ്പെട്ടവര്‍ക്ക് ജീവിച്ചിരിക്കെ ദയാവധത്തിന് വില്‍പത്രം മുഖേന ആവശ്യപ്പെടാമെന്ന് ഈയടുത്ത് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

കര്‍ഷകരുടെ ആവശ്യം ഔദ്യോഗികമായി നിരസിക്കപ്പെടുമെങ്കിലും ആവശ്യങ്ങള്‍ രാജ്യശ്രദ്ധ നേടേണ്ടതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കടുത്ത നിരാശയിലും നിസ്സഹായാവസ്ഥയിലുമാണ് കര്‍ഷകരുള്ളത്. അമരാവതി മേഖലയിലെ ബുല്‍ധാന ജില്ലയിലെ കര്‍ഷകര്‍ ഏറെ ഒറ്റപ്പെട്ടുമാണുള്ളത്.

ഈ മാസമാദ്യം മുപ്പതിനായിരം കര്‍ഷകര്‍ 180 കിലോമീറ്റര്‍ കാല്‍നടയായി മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമം, നടപ്പാക്കുക, വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി. ഇവരുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി നിറവേറ്റുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിഷേധ റാലി അവസാനിപ്പിച്ച് കര്‍ഷകര്‍ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.

Latest