Connect with us

Kerala

വിദേശ വനിതയുടെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: അയര്‍ലന്‍ഡ് സ്വദേശിനി ലിഗാ സ്‌ക്രോമാന്റെ തിരോധാനം തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജയദേവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് തീരുമാനമെടുത്തെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഇവരെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പോലീസ് മേധാവി പ്രഖ്യാപിച്ചു. 14ന് കോവളത്തു വെച്ചാണ് ലിഗാ സ്‌ക്രോമാനെ കാണാനില്ലെന്നറിയിച്ച് ഭര്‍ത്താവും സഹോദരിയും കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ചികിത്സയിലായിരുന്ന ഇവര്‍ അവിടെ നിന്നും ഓട്ടോയില്‍ കോവളത്തെത്തിയെന്നാണ് വിവരം. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇവരെ കോവളത്തിറക്കിയ വിവരം പോലീസിന് നല്‍കിയത്.

കോവളത്തു നിന്നുമാണ് ഇവരെ കാണാതായത്. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നുകണ്ട് ലിഗാ സ്‌ക്രോമാന്റെ ഭര്‍ത്താവ് ആന്‍ഡ്രൂ സോഷ്യല്‍ മീഡിയയിലൂടെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരു വനിതയുടെ മൃതദേഹം കണ്ടെത്തിയെന്നും അത് ലിഗാ സ്‌ക്രോമാന്റെതാണെന്നും വ്യാജ വാര്‍ത്തകള്‍ പടര്‍ന്നു. എന്നാല്‍, സഹോദരിയും ഭര്‍ത്താവും തമിഴ്‌നാട്ടിലെത്തി മൃതദേഹം ലിഗാ സ്‌ക്രോമാന്റെതല്ലെന്ന് സ്ഥിരീകരിച്ചു. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് ഒരുലക്ഷം രൂപയും ഭര്‍ത്താവ് ആന്‍ഡ്രൂ പ്രഖ്യാപിച്ചിരുന്നു.
വിദേശ വനിതയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് ചീഫ് പുതിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചത്.