Connect with us

National

പന്ത് കാണാതെ കീപ്പറെ നോക്കിനില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് മോദിയെന്ന് രാഹുല്‍

Published

|

Last Updated

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രിക്കറ്റ് കളിക്കാരനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പന്ത് എവിടെ നിന്നാണ് വന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് നരേന്ദ്ര മോദിയെന്ന് രാഹുല്‍ പറഞ്ഞു. “സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പറെ നോക്കുന്നത് ഒരു റണ്‍സെങ്കിലും കിട്ടുമോ എന്നറിയാനാണ്. അതേ സമയം നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുന്നത് പന്ത് എവിടെ നിന്നാണ് വന്നതെന്ന് അറിയാതെയാണ്” രാഹുല്‍ പരിഹസിച്ചു. പിന്‍ഭാഗത്തെ കണ്ണാടി നോക്കി ഡ്രൈവ് ചെയ്യുന്നത് പോലെയാണ് പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നതെന്ന പരാമര്‍ശനത്തിന് പിന്നാലെയാണ് രാഹുല്‍ മോദിയെ ക്രിക്കറ്റ് കളിക്കാരനോട് ഉപമിച്ച് രംഗത്തെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ ഗാന്ധി. ബിജെപിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ സന്ദര്‍ശനം പുരോഗമിക്കുന്നത്. പ്രചാരണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ കൊപ്പല്‍ ജില്ലയില്‍ രാഹുല്‍ നടത്തിയ റോഡ് ഷോ അണികളെ ആവേശത്തിന്റെ കൊടിമുടിയിലെത്തിച്ചു. ദളിതരുള്‍പ്പെടെ പിന്നാക്ക ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഗ്രാമ വീഥികളിലൂടെയാണ് രാഹുല്‍ റോഡ് ഷോ നടത്തിയത്. റോഡിനിരുവശങ്ങളിലും രാഹുലിന് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സംസ്ഥാനത്തിന്റെ വടക്ക് – പടിഞ്ഞാറന്‍ മേഖലകളിലാണ് രാഹുല്‍ നാല് ദിവസത്തെ പര്യടനം നടത്തുന്നത്.

റാലികളും പൊതുസമ്മേളനങ്ങളും റോഡ് ഷോയും നടത്തുന്നതിനോടൊപ്പം ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും സന്ദര്‍ശിച്ചാണ് രാഹുല്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. ഗുജറാത്തില്‍ ഉപയോഗിച്ച പ്രത്യേകം തയ്യാറാക്കിയ ബസിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. കാപ്പാളിലെ ഹുളിങ്കമ്മ ക്ഷേത്രവും ഗവി സിദ്ധേശ്വര മഠവുമാണ് രാഹുല്‍ ആദ്യദിവസം സന്ദര്‍ശിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെ പി സി സി പ്രസിഡന്റ് ജി പരമേശ്വരയുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ആദ്യദിവസം മൂന്ന് കേന്ദ്രങ്ങളിലും ഇന്നലെ കൊപ്പല്‍ ജില്ലയിലെ കററ്റഗിയിലും രാഹുല്‍ പ്രസംഗിച്ചു. പിന്നീട് കര്‍ഷകരുമായി സംവദിച്ചു. ഗുല്‍ബര്‍ഗ ജെവര്‍ഗി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം. 6.30ന് ഖ്വാജ ബണ്ഡെ നവാസ് ദര്‍ഗ സന്ദര്‍ശിക്കും.