Connect with us

Editorial

രാജസ്ഥാന്‍ നല്‍കുന്ന സൂചന

Published

|

Last Updated

മുഴുത്ത വര്‍ഗീയത കൊണ്ട് എക്കാലവും പിടിച്ചു നില്‍ക്കാമെന്ന ബി ജെ പിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് രാജസ്ഥാനിലെ അജ്മീര്‍, അല്‍വാര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കേറ്റ കനത്ത പരാജയം. അന്തരിച്ച കേന്ദ്രമന്ത്രി സന്‍വര്‍ലാല്‍ ജാട്ട് 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ 1,71,983 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച അജ്മീറില്‍ 84,162 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ രഘു ശര്‍മ, സന്‍വര്‍ലാല്‍ ജാട്ടിന്റെ പുത്രന്‍ രാംസ്വരൂപ് ലമ്പയെ മലര്‍ത്തിയടിച്ചത്. സഹതാപ തരംഗം പ്രതീക്ഷിച്ചാണ് രാംസ്വരൂപിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. അത് പക്ഷേ ഫലം ചെയ്തില്ല. മുസ്‌ലിം, ജാട്ട് വോട്ടുകള്‍ നിര്‍ണായകമായ ഈ മണ്ഡലത്തിലെ ദുദു തഹ്‌സിലിലെ അഥര്‍വ പോളിംഗ് ബൂത്തില്‍ ബി ജെ പിക്ക് ഒരു വോട്ടു പോലും ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്. അന്‍വാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കരണ്‍ സിംഗ് യാദവ് 1,96,496 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പിയുടെ ജസ്വന്ത് യാദവിനെ പരാജയപ്പെടുത്തിയത്. 2014ല്‍ ബി ജെ പിയുടെ മഹന്ദ് ചന്ദ്‌നാഥ് 2,83,895 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 2014ല്‍ സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു വിജയിച്ചത്.

മാസങ്ങള്‍ക്കകം സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിക്കും മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യക്കും കനത്ത ക്ഷീണമുണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. വസുന്ധര രാജെയുടെ ജനപ്രീതി സംസ്ഥാനത്ത് കുത്തനെയിടിഞ്ഞുവെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍ എസ് എസ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടവും ഹിന്ദുത്വ തീവ്രവാദികളുടെ അഴിഞ്ഞാട്ടവും വസുന്ധര രാജെ സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നിലപാടുകളുമാണ് ബി ജെ പിക്ക് വിനയായത്. പശു വളര്‍ത്തലും പാല്‍കച്ചവടവും പരമ്പരാഗത തൊഴിലായി സ്വീകരിച്ച മൂന്ന് ലക്ഷത്തോളം മിയാ മുസ്‌ലിംകളുള്ള മണ്ഡലമാണ് അല്‍വാര്‍. മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വംശീയ ആക്രമണമാണ് സംഘ്പരിവാര്‍ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് നടത്തി വരുന്നത്. ഗോസംരക്ഷണ സേന ഏറ്റവും കുടുതല്‍ വര്‍ഗീയ താണ്ഡവമാടിയ പ്രദേശമാണ് ഉപതിരഞ്ഞെടുപ്പ് നടന്ന അല്‍വാര്‍. പശുവുമായി പോകുകയായിരുന്ന ഉമര്‍ഖാനെ കാവിഭീകരര്‍ വെടിവെച്ചു കൊന്നതും പെഹ്‌ലുഖാനെ പൊതുജനമധ്യത്തില്‍ തല്ലിക്കൊന്നതും അല്‍വാറിലായിരുന്നു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ രാജസ്ഥാനില്‍ സിറ്റിംഗ് സീറ്റുകളില്‍ ബി ജെ പിയെ നിലംപരിശാക്കിയത് കോണ്‍ഗ്രസിനും പുതുതായി നേതൃത്വം ഏറ്റെടുത്ത രാഹുല്‍ഗാന്ധിക്കും കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ രാജസ്ഥാനില്‍ ഭരണമാറ്റമുണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്ക് ഇത് ബലമേകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഉപതെരഞ്ഞടുപ്പിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും ഈ വര്‍ഷം തന്നെയാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ രാഷ്ട്രീയ അലയൊലികള്‍ മധ്യപ്രദേശിലേക്കും വ്യാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബി ജെ പിയെ കേന്ദ്രത്തില്‍ ഭരണത്തിലേറ്റുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും. ഗുജറാത്തില്‍ പ്രയാസപ്പെട്ട് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞ സാഹചര്യമല്ല ഈ രണ്ട് സംസ്ഥാനങ്ങളിലും നിലവിലുള്ളതെന്ന് കോണ്‍ഗ്രസ് കൈവരിച്ച ഭൂരിപക്ഷം സൂചിപ്പിക്കുന്നുണ്ട്. കേന്ദ്രത്തില്‍ രണ്ടാമൂഴമെന്ന മോദി സര്‍ക്കാറിന്റെ സ്വപ്‌നത്തിനു മേലും ഉപതിരഞ്ഞെടുപ്പ് പലം കരിനിഴല്‍ വീഴുത്തുന്നുണ്ട്. ആകസ്മികമായിരുന്നില്ല ബി ജെ പിയുടെ ഈ പതനം. കഴിഞ്ഞ ആഗസ്റ്റിലും ഡിസംബറിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടിരുന്നു. ആഗസ്റ്റില്‍ രാജസ്ഥാനിലെ 37 നഗരസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ബി ജെ പി ജയിച്ചത് പത്ത് സീറ്റിലും. അവശേഷിച്ചവ സ്വതന്ത്രന്മാരാണ് നേടിയത്. നാല് ജില്ലാ പരിഷത്തുകളിലേക്ക് ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാലും ജയിച്ച കോണ്‍ഗ്രസ് 27 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 16 ഉം സ്വന്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പരാജയം മുഖ്യമന്ത്രി വസുന്ധര രാജെയുടെ തലയില്‍ കെട്ടി വെച്ചു കൈകഴുകാനുള്ള ശ്രമത്തിലാണ് ബി ജെ പി നേതൃത്വം. വസുന്ധരയുടെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെങ്കിലും ഗോരക്ഷയുടെ പേരില്‍ നടന്ന കാവിഭീകരരുടെ കിരാതത്വമാണ് പരാജയത്തിന് മുഖ്യകാരണമെന്ന വസ്തുതക്ക് നേരെ പാര്‍ട്ടി കണ്ണടക്കുകയാണ്. മതന്യൂനക്ഷങ്ങള്‍ക്കെതിരെയുള്ള സംഘ്പരിവാര്‍ അക്രമമായിരുന്നു. പ്രചാരണവേദികളില്‍കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയത്. ഇതോടൊപ്പം മോദിയുടെ ഏകാധിപത്യ പ്രവണതക്കെതിരെ പാര്‍ട്ടിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അസംതൃപതിയും കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ട്. പാര്‍ട്ടിയും മോദിയും നിലപാട് മാറ്റുകയും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ വര്‍ഗീയ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടുകയും ചെയ്യാതെ വസുന്ധര രാജെയെ ബലിയാടാക്കിയത് കൊണ്ട് ബി ജെ പി രക്ഷപ്പെടില്ല.

 

Latest