Connect with us

Kozhikode

മര്‍കസ് നോളജ് സിറ്റിയുടെ ഹോട്ടല്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ ലോഞ്ചിംഗ് പ്രൗഢമായി

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന ഹോട്ടല്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിന്റെ ലോഞ്ചിംഗ് കോഴിക്കോട്ട് നടന്നു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പദ്ധതിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പദ്ധതി അവതരിപ്പിച്ചു.

ജിടെക് എം ഡി മഅ്‌റൂഫ് ലോഗോ പ്രകാശനം ചെയ്തു.
പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള ബുക്കിംഗ് ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിംഗും ചടങ്ങില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, മര്‍കസ് സെക്രട്ടറി പി സി ഇബ്‌റാഹീം മാസ്റ്റര്‍, ഇ വി അബ്ദുര്‍റഹ്മാന്‍, കല്ലാട്ട് സിജെന്‍ ചെയര്‍മാന്‍ ത്വാഹിര്‍ കല്ലാട്ട്, എം കെ ശൗക്കത്ത് അലി, ഷാനവാസ് കെ ഉമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നോളജ് സിറ്റിയുടെ പ്രവേശനകവാടത്തിലെ അഞ്ചേക്കര്‍ ഭൂമിയിലാണ് ഹോട്ടല്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ വരുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഒരുക്കുക. ഡിലക്‌സ് റൂമുകള്‍, സ്യൂട്ട് റൂമുകള്‍, ബിസിനസ് ഡെസ്‌ക്, ടൂര്‍ ഡെസ്‌ക്, റസ്റ്റോറന്റ്, കോഫീ ഷോപ്പുകള്‍, കിയോസ്‌കുകള്‍, പാര്‍ക്കിംഗ് ബേ തുടങ്ങിയവ ഹോട്ടലിന്റെ ഭാഗമായുണ്ടാകും. ധാര്‍മികമൂല്യങ്ങളിലധിഷ്ഠിതമായ ഉപചാരമര്യാദകളുടെ മാതൃകാകേന്ദ്രമായിരിക്കും ഹോട്ടല്‍. അന്താരാഷ്ട്ര അക്കാദമിക് സമ്മിറ്റുകളും വാണിജ്യ- വ്യാപാര സംഗമങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും ലോകോത്തര മികവോടെ സംഘടിപ്പിക്കുന്നതിന് എക്‌സിബിഷന്‍ സെന്റര്‍ അരങ്ങൊരുക്കും. നോളജ് സിറ്റി സമൂഹത്തിന്റെ ഒത്തുചേരലുകള്‍ക്കും എക്‌സിബിഷന്‍ സെന്റര്‍ വേദിയാകും.
2,000 പേര്‍ക്ക് ഇരിക്കാവുന്ന എക്‌സിബിഷന്‍ സെന്റര്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടികളാല്‍ വൈജ്ഞാനിക നഗരിയുടെ യശസ്സുയര്‍ത്തും. കല്ലാട്ട് സിജെന്‍ ഗ്രൂപ്പാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്.

 

Latest