Connect with us

Gulf

2018, ഇതാ ഇന്നു മുതല്‍ യു എ ഇ 'സായിദ് വര്‍ഷ'ത്തില്‍

Published

|

Last Updated

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഷം ഇന്ന് ആരംഭിക്കുകയാണ്. നൂറാം ജന്മദിനം ആഘോഷിക്കുന്ന വര്‍ഷമായതിനാലാണ് 2018 സായിദ് വര്‍ഷമായി ആചരിക്കുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവിനെ തുടര്‍ന്നാണ് സായിദ് വര്‍ഷമായി ആചരിക്കുന്നത്. ശൈഖ് സായിദ് അധികാരത്തില്‍ എത്തിയ ആഗസ്റ്റ് ആറിനെ അനുസ്മരിച്ചാണ് ശൈഖ് ഖലീഫ സായിദ് വര്‍ഷത്തിന്റെ പ്രഖ്യാപനം നടത്തിയത്. 1966 ആഗസ്റ്റ് ആറിനാണ് ശൈഖ് സായിദ് അബുദാബിയില്‍ അധികാരമേറ്റെടുത്തത്. പിന്നീട് ലോക രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ച്ചയുടെ പാതയിലായിരുന്നു യു എ ഇ.

അന്തര്‍ദേശീയ തലത്തില്‍ യു എ ഇയുടെ നേട്ടങ്ങളില്‍ ശൈഖ് സായിദിന്റെ കയ്യൊപ്പ് അടയാളപ്പെടുത്തുന്ന ധിഷണാപരമായ കാഴ്ചപ്പാടുകളെ പുതു തലമുറക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നതിനാണ് സായിദ് വര്‍ഷം. വിഭിന്നങ്ങളായ നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന വിവിധ എമിറേറ്റുകളെ ഏകീകരിച്ച് ഒരൊറ്റ കുടക്കീഴില്‍ ലോകത്തു വന്‍ ശക്തിയായി മാറ്റിയെടുത്ത ശൈഖ് സായിദിന്റെ ഭരണ നേതൃപാടവത്തെ അനുസ്മരിക്കുന്ന വിധത്തിലാണ് സായിദ് വര്‍ഷാചരണം കൊണ്ടാടുക. ആഗോളതലത്തില്‍ ലോക നേതാക്കളുടെ പ്രശംസ ഏറ്റുവാങ്ങിയ ശൈഖ് സായിദിന്റെ ഭരണ നിപുണതകൊണ്ട് ആധുനിക യുഗത്തിലെ വികസനങ്ങളുടെ തേരാളി എന്ന് ശൈഖ് സായിദിനെ വിശേഷിപ്പിച്ചിരുന്നു. യു എ ഇക്കു പുറമെ ഗള്‍ഫ്, അറബ് രാജ്യങ്ങളിലും അന്താരാഷ്ട്ര തലത്തിലും ശൈഖ് സായിദിന്റെ കാരുണ്യ സ്പര്‍ശം ഭരണ കാലഘട്ടത്തില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ശൈഖ് സായിദ് അധികാരത്തിലേറിയതോടെ ആധുനിക ഐക്യ യു എ ഇയുടെ പിറവിക്കും നാന്ദി കുറിക്കുകയായിരുന്നു. സാമൂഹിക പുരോഗതി, അഭിവൃദ്ധി, പൗരന്മാരുടെ ഉന്നതി എന്നിവ ശൈഖ് സായിദ് ഭരണ സാരഥ്യമേറ്റതോടെ അതി ശീഘ്രം കൈവരിച്ചു. രാജ്യത്തിന്റെ പൈതൃകത്തിലൂന്നി ആധുനിക മുന്നേറ്റങ്ങളോട് സമരസപ്പെട്ടു പോവാന്‍ രാജ്യത്തെ പാകപ്പെടുത്തിയെടുത്തു. അഭൂതപൂര്‍വമായ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് യു എ ഇയെ കൈപിടിക്കാന്‍ ശൈഖ് സായിദിന്റെ ഭരണ പാടവത്തിനായി.