Connect with us

Kozhikode

മദ്യവര്‍ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കൊടുവള്ളി: കൊടുവള്ളിയില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും മൊബൈല്‍ ലിക്വര്‍ ടെസ്റ്റിംഗ് ലബോറട്ടറി യൂനിറ്റിന്റെയും ഉദ്ഘാടനം എക്സൈസ്, തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് മദ്യ നിരോധനമല്ല, സമ്പൂര്‍ണ മദ്യവര്‍ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഓരോ താലൂക്കിലും ഒരു സര്‍ക്കിള്‍ ഓഫീസ് തുടങ്ങാന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമാക്കി പൊതു ജനപങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയാണ് വിമുക്തി. അനധികൃത ലഹരി പദാര്‍ഥങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന വിഷയത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി അവകാശപ്പെട്ടു. പുതുതായി രൂപവത്കരിച്ച താലൂക്കുകളില്‍ സര്‍ക്കാര്‍ എക്‌സസൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി താമരശ്ശേരി താലൂക്കില്‍ അനുവദിച്ച സര്‍ക്കിള്‍ ഓഫീസാണ് കൊടുവള്ളി മിനിസിവില്‍ സ്‌റ്റേഷനില്‍ രണ്ടാം നിലയില്‍ പഴയ കൊടുവള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാര്യാലയം ഒഴിഞ്ഞ മുറിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ചടങ്ങില്‍ കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു, അഡ്വ. പി ടി എ റഹിം എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മാ ജോര്‍ജ്, വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, വിമുക്തി മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി ബിനു, വിമുക്തി ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ജയകുമാരന്‍ നായര്‍, ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി സന്തോഷ്, സി കെ പവിത്രന്‍, കെ രാമകൃഷ്ണന്‍, ഇ സി മുഹമ്മദ്, റസിയ ഇബ്രാഹിം, വായൊലി മുഹമ്മദ് സംസാരിച്ചു.
സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതവും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ് നന്ദിയും പറഞ്ഞു.