Connect with us

Gulf

കനത്ത മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ വൈകി

Published

|

Last Updated

ദുബൈ: യു എ ഇയിലെങ്ങും വെള്ളിയാഴ്ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. അബുദാബിയില്‍ വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കൊച്ചി, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നടക്കം വിമാനങ്ങള്‍ വൈകിയെന്ന് അധികൃതര്‍ അറിയിച്ചു.

ക്രിസ്മസ് അവധി ആഘോഷിക്കാന്‍ യാത്രക്കൊരുങ്ങിയ പലരുടെയും യാത്ര മൂടല്‍മഞ്ഞ് മൂലം വൈകി. അര്‍ധരാത്രി മുതലാണ് മഞ്ഞ് വിമാന ഗതാഗതത്തെ മോശമായി ബാധിച്ചത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി, മുംബൈ, ജിദ്ദ, ബഹ്‌റൈന്‍, മസ്‌കത്ത്, കയ്‌റോ, ഇസ്‌ലാമാബാദ്, ധാക്ക, ജക്കാര്‍ത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെല്‍ബണ്‍, സിഡ്‌നി, ലോസ് ഏഞ്ചലസ്, ഡാലസ്, പാരിസ്, ഫുക്കറ്റ്, ആതന്‍സ്, റോം, ഡബ്ലിന്‍, ബെയ്‌റൂത്ത്, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളും വൈകി.
തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, പൂണെ, ജിദ്ദ, മസ്‌കത്ത്, ബഹ്‌റൈന്‍, കുവൈത്ത്, കെയ്‌റോ, ന്യൂഡല്‍ഹി, ബ്രിസ്‌ബെന്‍, ധാക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വന്ന വിമാനങ്ങളും മണിക്കൂറുകള്‍ വൈകി.

മോശം കാലാവസ്ഥയെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള ഓപ്പറേഷനുകള്‍ വൈകിയെന്ന് എത്തിഹാദ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു. കാലാവസ്ഥ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ +971 (0) 25990000 നമ്പറില്‍ബന്ധപ്പെടാം.

മോശം കാലാവസ്ഥയെ തുടര്‍ന്ന് പൂനെയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സും ബ്രിസ്ബനില്‍ നിന്നുള്ള ഇത്തിഹാദ് വിമാനവും അല്‍ ഐന്‍ വിമാനത്താവളത്തിലും കൊച്ചിയില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള ഇത്തിഹാദ് വിമാനങ്ങള്‍ അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇറങ്ങിയത്.
ഉള്‍നാടന്‍ റോഡുകളിലും തീരമേഖലകളിലും കാഴ്ചപരിധി കുറയുമെന്ന് താമസക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബുദാബി ശവാമഖിലും അബുദാബി ഭാഗത്തേക്കുള്ള മുഴുവന്‍ റോഡുകളിലും ഇന്നലെ രാവിലെ കനത്ത മഞ്ഞുണ്ടായിരുന്നു. തീരമേഖലകളിലും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷ ഈര്‍പം 95 ശതമാനം വരെ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.

 

Latest