Connect with us

Articles

ചുഴലിക്കാറ്റ് ജാഗ്രത: പദ്ധതി വരട്ടെ

Published

|

Last Updated

ചുഴലിക്കാറ്റ് ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കുന്നതില്‍ കേരളം പിറകിലാവുന്നതെന്തുകൊണ്ട് ? കാലാകാലങ്ങളില്‍ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കുന്നതില്‍ മാത്രമല്ല, പ്രതിരോധ നടപടികളിലും സംസ്ഥാനം പിറകില്‍ തന്നെയാണ്. ഇത് ഭരണ കൂടങ്ങളുടെ കഴിവ് കേടായി കുറ്റപ്പെടുത്തേണ്ടതില്ല, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രകൃതി ദുരന്തങ്ങള്‍ കുറവായതും നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തതകളുമാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട പശ്ചിമതീരത്തെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ലോകബേങ്ക് നടത്തിയ പഠനത്തിലും ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയും പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതില്‍ പിറകിലാണ്. കാലാവസ്ഥയും പരിസ്ഥിതി ദുരന്തവും നേരിടുന്നതിന് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയായ നാഷനല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ട് എന്ന പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനങ്ങളില്‍ പുതിയ ജാഗ്രതാ സംവിധാനത്തിന് കളമൊരുങ്ങും. പ്രൊജക്ടിന് രൂപം നല്‍കുന്നതിന് മന്ത്രാലയം വിദഗ്ധര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം കേരളവും മഹാരാഷ്ട്രയും വിശദമായ പ്രൊജക്ടുകള്‍ തയ്യാറാക്കി വരുന്നു. 2018 ഏപ്രിലിനകം പ്രൊജക്ട് പൂര്‍ത്തിയാക്കി നല്‍കിയാല്‍ മാത്രമേ കേന്ദ്ര പദ്ധതിയുടെ ആനുകൂല്യം കേരളത്തിന് ലഭ്യമാവുകയുള്ളൂ. അല്ലാത്തപക്ഷം ഈ പദ്ധതി കേരളത്തിന് നഷ്ടമാകുക മാത്രമല്ല, 2021വരെ പദ്ധതി ലഭിക്കുകയുമില്ല. ലോകബേങ്കാണ് മേല്‍ പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, തീരദേശ സംസ്ഥാനങ്ങള്‍ എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രാപ്രദേശിലും ഒഡീഷയിലും പ്രൊജക്ട് പൂര്‍ത്തിയായി. ഇവിടെ തീരദേശ റോഡുകള്‍, സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍, തുടങ്ങിയവ നിര്‍മിക്കാന്‍ ലോകബേങ്ക് ധനസഹായം നല്‍കുകയും ചെയ്തിരുന്നു.

ഈ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ അവസാനം പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കേണ്ടിയിരുന്നുവെങ്കിലും 2018 മാര്‍ച്ച് വരെ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. 2014ല്‍ സംസ്ഥാനം വിഭജിക്കപ്പെട്ടതാണ് വൈകാന്‍ കാരണമായി ആന്ധ്രപ്രദേശ് പറയുന്നത്. രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത് 2361 കോടി രൂപയാണ്. ഇതില്‍ 1881 കോടി രൂപ ലോകബേങ്ക് വഹിക്കും. കേരളമടക്കമുള്ള പശ്ചിമതീര സംസ്ഥാനങ്ങളും പശ്ചിമ ബംഗാളുമാണ് 2015ല്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ വരുന്നത്. കേരളം ഇപ്പോഴും റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നതേയുള്ളൂ. 27 സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കാമെന്ന് കേരളവും 11 എണ്ണം നിര്‍മിക്കാമെന്ന് മഹാരാഷ്ട്രയും പറഞ്ഞിട്ടുണ്ട്. പശ്ചിമബംഗാള്‍ മാത്രമാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗുജറാത്ത് പകുതിയിലധികം നടപ്പാക്കിയിട്ടുണ്ട്. കര്‍ണാടകയും ഗോവയും സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ക്കായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ജിയോസ്‌പെഷ്യല്‍ ഡാറ്റ കമ്പനിയായ ആര്‍ എം എസ് ഐ വികസിപ്പിക്കുന്ന റിസ്‌ക് അറ്റ്‌ലസ് തയ്യാറാക്കിയിട്ടില്ല . ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ നിര്‍ണായകമാണിത്. ആര്‍ എം എസ് ഐയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 40 ശതമാനവും തീരപ്രദേശത്തിന്റെ 100 കിലോമീറ്റര്‍ ചുറ്റളവിലാണ് താമസിക്കുന്നത്. ആറ് മാസം മുമ്പ് നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ സെര്‍വറിന് ആര്‍ എം എസ് ഐ പ്രോജക്ട് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെയും അറ്റ്‌ലസ് തുറന്നിട്ടില്ല. 2016 ഒക്ടോബറില്‍ തന്നെ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് യൂസര്‍നൈമുകളും പാസ്‌വേര്‍ഡുകളും കൈമാറിയിരുന്നതായി ലോകബേങ്ക് പറയുന്നു. ചുഴലിക്കാറ്റിന്റെ അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി സംസ്ഥാനങ്ങളെ വിവിധ മേഖലകളാക്കി തിരിച്ചിരുന്നു. ഗുജറാത്ത് ഒഴികെയുള്ള പ്രദേശങ്ങള്‍ കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായാണ് കണക്കാക്കുന്നത്. ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ചുഴലിക്കാറ്റ് സാധ്യത കുറഞ്ഞ പ്രദേശങ്ങളാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. നാഷനല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ടിന്‍മേലുള്ള സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ലോകബേങ്ക് നടത്തിയ പഠനത്തിലാണ് കേരളത്തെക്കുറിച്ച് മോശം പരാമര്‍ശം രേഖപ്പെടുത്തിയിരിക്കുന്നത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജാഗ്രതാ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശം ഉയരുന്നതിനിടെയാണ് ലോകബേങ്കിന്റെയും റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

 

Latest