Connect with us

Articles

മര്‍കസ്; ദേശീയ ബോധവും സുരക്ഷിതവും പകര്‍ന്നു

Published

|

Last Updated

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ഭാരതീയരുടെ ദേശീയ ബോധവും ഊട്ടിയുറപ്പിക്കുന്നതില്‍ മര്‍കസും ശൈഖ് സാബും നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. കശ്മീരിന്റെ മഞ്ഞു മലകളിലേക്ക്/പ്രാന്ത പ്രദേശങ്ങളിലേക്ക് നിര്‍ഭയത്വത്തോടെ കടന്നു വന്ന് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ മഹാനായ പണ്ഡിത ശ്രേഷ്ഠനാണ് കാന്തപുരം ഉസ്താദ്.

ശൈഖ് സാബിന്റെ കശ്മീര്‍ സന്ദര്‍ശനം താഴ്‌വരയുടെ ചരിത്രത്തില്‍ വേറിട്ടൊരു അധ്യായമായി ഇന്നും അവശേഷിക്കുന്നു. കാലാ കാലങ്ങളിലായി അധികാരം കൈയാളുന്നവരുടെ കൈയിലെ കളിപ്പാവയാണ് കശ്മീര്‍, കശ്മീരികളുടെ പ്രശ്‌നങ്ങളെ കണ്ടറിയാനോ നേരാംവിധമുള്ള രാഷ്ട്രീയ പരിഹാരം കണ്ടെത്താനോ ആരും ശ്രമിച്ചിട്ടില്ല.
കലുഷിതമായ സംസ്ഥാനം എന്ന വിളിപ്പേര് ചാര്‍ത്തി മാറ്റി നിറുത്താനാണ് രാഷ്ട്രീയ അധികാര വര്‍ഗം എന്നും ശ്രമിച്ചു പോന്നിട്ടുള്ളത്. ചിട്ടയായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് കശ്മീരിന്റെ മുഖ്യ പ്രശ്‌നം.

ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവം കശ്മീരിനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമത്തിനു പകരം താഴ്‌വരയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ശൈഖ് അബൂബക്കര്‍ അഹ്മദ് കാന്തപുരത്തിന്റെ കശ്മീര്‍ സന്ദര്‍ശനവും തുടര്‍ന്നുള്ള യാത്രയും കശ്മീരികളില്‍ ധാര്‍മിക ബോധം വളര്‍ത്താന്‍ സഹായകമായി. രാഷ്ട്രീയ കാലുഷ്യത്തില്‍ ജീവിത പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കശ്മീരിലെ നിര്‍ധനരും അഗതികളും അനാഥകളുമായ ജീവിതങ്ങള്‍ക്ക് സമാശ്വാസം പകരാനും പ്രതീക്ഷയേകാനും കാന്തപുരത്തന്റെ യാത്ര നിമിത്തമായി.”ഞങ്ങള്‍ ആരാണെന്ന” തിരിച്ചറിവാണ് ശൈഖ് സാബ് പ്രധാനമായും നല്‍കിയ ഉപദേശം. ഇതിന് പ്രധാനമായും ധാര്‍മിക വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം പറഞ്ഞു തന്നു. പാവപ്പെട്ട കശ്മീരികള്‍ക്ക് സൗജന്യ പഠനത്തിനും ഉപജീവന മാര്‍ഗത്തിനും സൗകര്യം ഒരുക്കിയിരുന്നു. ഇന്ന് കശ്മീരില്‍ മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ കാതലായ മാറ്റം വന്നു കൊണ്ടിരിക്കുന്നു. എന്റെ മകനെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മര്‍കസിലെത്തിച്ചു. ഞങ്ങളുടെ കുടുംബം താമസിക്കുന്നത് ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി ജില്ലയായ കുപ്‌വാരയിലെ ഋഷികൊഡ് ഗ്രാമത്തിലാണ്. ഇവിടുത്തെ ജീവിതം കഷ്ടമാണ്. ഏതു നിമിഷവും മക്കള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെടാം.. മാതാപിതാക്കള്‍ക്ക് മക്കളേയും നഷ്ടപ്പെടാം. ഭീതിതമായ പരിതസ്ഥിതിയില്‍ നിന്നും മക്കളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മകന്‍ ഇശ്തിയാഖിനെ മര്‍കസില്‍ ചേര്‍ത്തത്.

മര്‍കസിലൂടെയാണ് കശ്മീരികള്‍ ഇന്ന് ഇന്ത്യയെ അടുത്തറിയുന്നത്. ദേശീയ ബോധവും സുരക്ഷിത ജീവിതവും മര്‍കസിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ വഴി ഇന്ന് ഓരോ കശ്മീരിയുടെ ഹൃദയത്തിലും നിറഞ്ഞു നില്‍ക്കുന്നു.
“മര്‍കസ് കശ്മീരിഹോം” നിര്‍ഭയത്വത്തിന്റെ ആശാ കേന്ദ്രമാണ്.. കശ്മീരികള്‍ക്ക് വിജ്ഞാനം മാത്രമല്ല നല്ലൊരു ജീവിതം തന്നെയാണ് മര്‍കസും ശൈഖ് സാബും നല്‍കുന്നത്. കശ്മീര്‍ ഗവണ്‍മെന്റുമായി സഹകരിച്ച് വിവിധ ജില്ലകളില്‍ മര്‍കസിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വെടിയൊച്ചകള്‍ നിലച്ചിട്ടില്ലെങ്കിലും വിജ്ഞാനത്തിന്റെ പുലര്‍ വെളിച്ചം ഞങ്ങള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഇതിനു സൗകര്യമൊരുക്കിയത് ശൈഖ് സാബാണ്.കശ്മീരികള്‍ ഭാരതത്തിന്റെ മക്കളാണ്. ഇന്ത്യാ ചരിത്രത്തിന്റെയും ഭൂഖണ്ഡത്തിന്റെയും അവിഭാജ്യ ഘടകമാണ് ഞങ്ങളുടെ സംസ്ഥാനം. അധികാര രാഷ്ട്രീയവും ഭൂമി ശാസ്ത്രപരമായ വിവേചനവുമാണ് കശ്മീരിനെ എന്നും കണ്ണീരണിയിക്കുന്നതിനു കാരണം. കശ്മീരികള്‍ എന്നും കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് കിടന്നുറങ്ങാറുള്ളത്. പ്രകൃതി ഒരുക്കിയ ഈ സൗന്ദര്യ താഴ്‌വരയുടെ ഭംഗി ആസ്വദിക്കാനോ ഭയവും ആകുലതയുമില്ലാതെ ജീവിതം നയിക്കാനോ ഒരു കശ്മീരിക്കും സാധിക്കുന്നില്ല.

 

Latest