Connect with us

Gulf

ഖത്വറില്‍ ബേങ്കിംഗ് മേഖലയില്‍ പരിഷ്‌കരണം

Published

|

Last Updated

ദോഹ: ബേങ്കിംഗ് മേഖലയില്‍ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ രാജ്യത്തിന്റെ ദേശീയ സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അമീര്‍ പ്രഖ്യാപിച്ച ഏഴിന നിര്‍ദേങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം സമ്പദ്ഘടന ശക്തിപ്പെടുത്തേണ്ടത്.

നിക്ഷേപത്തിന് യോജിച്ച സൗകര്യം സൃഷ്ടിക്കുന്നതിന് ബന്ധപ്പെട്ട നിയമനിര്‍മാണങ്ങളുടെയും തീരുമാനങ്ങളുടെയും പൂര്‍ത്തീകരണം, ഉദ്യോഗസ്ഥരെ കുറക്കല്‍, സമ്പദ് വ്യവസ്ഥയെയും രാഷ്ട്രത്തെയും കെട്ടിപ്പെടുക്കുന്നതിന്റെ പുതിയ ഘട്ടത്തില്‍ നാം അഭിമൂഖീകരിക്കുന്ന പ്രധാന കടമകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ബേങ്കിങ് സംവിധാനം പരിഷ്‌കരിക്കുക എന്നതാണ് ഒന്നാമത്തെ നിര്‍ദേശം.
നിശ്ചിത സമയപരിധിക്കുള്ളില്‍ ഭക്ഷ്യ, ജലസുരക്ഷാ പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, എണ്ണ, വാതക വ്യവസായത്തിന് അനിവാര്യമായ സംവിധാനങ്ങളും സൗകര്യങ്ങളും നിര്‍മാണങ്ങളും നടപ്പാക്കുക, ആക്‌സമിക സംഭവങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന വിധത്തില്‍ ആവശ്യമായ പുതിയ വ്യവസായങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്നതാണ് രണ്ടാമത്തെത്.

നിലവിലെ സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കുകയും പുതിയ ഉഭയകക്ഷി ബന്ധങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ് മൂന്നാമത്തെത്.
ദേശീയ വികസന പദ്ധതിക്കും ഖത്വര്‍ കാഴ്ചപ്പാടിനും അനുസൃതമായി 2022 ഫിഫ ലോകകപ്പ് പദ്ധതികളും നിര്‍മാണത്തിന് കീഴിലുള്ള നിലവിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നതാണ് നാലാമത്തെ നിര്‍ദേശം.
തുറമുഖങ്ങളുടെ വികസനം, ഖത്വറിലെ തുറമുഖങ്ങളെ രാജ്യാന്തര തുറമുഖങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനായി രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള കരാര്‍ പൂര്‍ത്തീകരണം വിപുലീകരിക്കല്‍, ഖത്വര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ, യാത്രാശേഷി വര്‍ധിപ്പിക്കുക എന്നിവയാണ് അഞ്ചാമത്തെ നിര്‍ദേശം.

നിശ്ചിത സമയ പരിധിക്കുള്ളില്‍ ടൂറിസം കര്‍മപദ്ധതി നടപ്പാക്കുന്നത് വേഗത്തിലാക്കുകയെന്നതാണ് ആറാമത്തെത്.
ഈ മേഖലകളിലെല്ലാം സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുക. രാജ്യത്തോടുള്ള ഉത്തരവാദിത്വം സ്വകാര്യമേഖല അംഗീകരിക്കുക എന്നിവയാണ് ഏഴാമത്തെ നിര്‍ദേശം.