Connect with us

Sports

ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ഏകദിനം ഇന്ന്

Published

|

Last Updated

മുംബൈ: ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വാംഖഡെയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 25ന് പൂനെയിലും മൂന്നാം മത്സരം കാണ്‍പൂരിലും.
അതിന് ശേഷം ടി20 പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. ആദ്യത്തേത് നവംബര്‍ ഒന്നിന് ഡല്‍ഹിയിലും രണ്ടാമത്തേത് നവംബര്‍ നാലിന് രാജ്‌കോട്ടിലും മൂന്നാമത്തേത് തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍.

ഓപണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമ്പോള്‍ ചില മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ മത്സരങ്ങളില്‍ മികവറിയിച്ച അജിങ്ക്യ രഹാനെക്ക് വഴി മാറിക്കൊടുക്കേണ്ടി വരും. മധ്യനിരയിലേക്ക് ഇറങ്ങുവാന്‍ രഹാനെക്ക് അവസരമല്ല. അവിടെ ഇപ്പോള്‍ തന്നെ പ്രതിഭാധനരായ താരങ്ങളുടെ തിരക്കാണ്. ഓപണിംഗ് സ്‌പെഷ്യലിസ്റ്റായ ശിഖര്‍ ധവാന് മാറ്റി നിര്‍ത്തുക ടീം മാനേജ്‌മെന്റിന് സാധ്യവുമല്ല.
സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനാണ് രഹാനെ. 2019 ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടില്‍ പേസ് അനുകൂല സാഹചര്യത്തില്‍ രഹാനെക്ക് വലിയ റോള്‍ വഹിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ രഹാനെയെ പൂര്‍ണമായും തഴയുവാന്‍ ക്യാപ്റ്റന്‍ കോഹ്ലിക്ക് സാധിക്കില്ല. ഇന്നലെ മാധ്യമങ്ങളെ കണ്ട വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചിപ്പിച്ചത് അജിങ്ക്യ രഹാനെയെ മാറ്റിനിര്‍ത്താനാകില്ലെന്നാണ്.

15 ഏകദിനങ്ങളില്‍ 69.38 ശരാശരിയില്‍ 902 റണ്‍സടിച്ച രോഹിത് ശര്‍മ ന്യൂസിലാന്‍ഡിനെതിരെ മികച്ച ഫോം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
നെറ്റ്‌സില്‍ വിരാട് കോഹ്ലിക്കും ശിഖര്‍ ധവാനും പന്തെറിഞ്ഞത് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇടംകൈയ്യന്‍ പേസറായ അര്‍ജുന്‍ ഏറെ നേരം നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിച്ചു. ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടിന്റെ ഇടംകൈയ്യന്‍ പേസിനെ നേരിടുന്നതിന്റെ ഭാഗമായാണിത്.

സാധ്യതാ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി(ക്യാപ്്റ്റന്‍), കെദാര്‍ ജാദവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ/ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്‌റ.
ന്യൂസിലാന്‍ഡ് : മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മന്റോ, കാന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഹെന്റി നികോള്‍സ്/ഗ്ലെന്‍ ഫിലിപ്‌സ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മിച്ചല്‍ സാനര്‍, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി.

Latest