Sports
ഇനിയെല്ലാം ഫുട്‌ബോള്‍; പൊരുതി നേടാന്‍ ഇന്ത്യ


എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രം കുറിക്കുന്ന ദിവസം. ഫിഫയുടെ ഏതെങ്കിലുമൊരു ലോകകപ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങുന്നു. ആതിഥേയര്‍ എന്ന ആത്മവിശ്വാസത്തിന്റെ ടാഗ് കഴുത്തിലണിഞ്ഞ് ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ എതിരാളി അമേരിക്കയാണ്. ഗ്രൂപ്പ് എയില്‍ ഘാന, കൊളംബിയ ടീമുകളെയും ഇന്ത്യ നേരിടേണ്ടതുണ്ട്.
ഇന്ത്യയുടെ പോര്‍ച്ചുഗീസ് കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസിന്റെ അഭിപ്രായത്തില്‍ നിര്‍ണായകമായ ഒരു കാല്‍വെപ്പാണിത്. അതിനപ്പുറത്തേക്ക് ഈ ടീമില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന മുന്‍കൂര്‍ജാമ്യം. പക്ഷേ, നിരാശപ്പെടുത്തില്ല. പൊരുതി, പോരാട്ടത്തിന്റെ തീക്കനലുകള്‍ വാരിവിതറിയിട്ടേ ഇന്ത്യന്‍ കുട്ടികള്‍ കീഴടങ്ങുകയുള്ളൂവെന്ന് ക്യാപ്റ്റന്‍ അമര്‍ജിത് സിംഗ് ഉറപ്പ് നല്‍കുന്നു.
അഭിമാനകരമായ മുഹൂര്‍ത്തമാണ് രാജ്യത്തിന്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ ടീമിന്റെ പുരോഗതിക്കായി പതിനഞ്ച്‌കോടിയോളം ചെലവഴിച്ചു. നാല് വന്‍കരകളിലായി പതിനെട്ട് രാജ്യങ്ങളില്‍ പര്യടനത്തിന് വിട്ടതാണ് ശ്രദ്ധേയ നീക്കം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നൂറിലേറെ മത്സരങ്ങള്‍ ഇന്ത്യ കളിച്ചു. ജര്‍മന്‍ കോച്ച് നികോളായ് ആയിരുന്നു ആദ്യം ടീമിനെ പരിശീലിപ്പിച്ചത്. പിന്നീട് താളപ്പിഴകള്‍ മാറാതെ വന്നതോടെ ഫെഡറേഷന് ഇടപെടേണ്ടി വന്നു. അങ്ങനെയാണ് ലൂയിസ് നോര്‍ട്ടന്‍ പരിശീല സ്ഥാനത്തെത്തുന്നത്.
ഇന്ത്യയുടെ മറ്റൊരു ടീമും ഇത്രയേറെ രാജ്യങ്ങളില്‍ സന്നാഹ മത്സരങ്ങള്‍ കളിച്ചിട്ടില്ല. കോണ്‍കകാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലെ റണ്ണേഴ്‌സപ്പുകളായ അമേരിക്ക മികച്ച ടീമാണ്. ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്താന്‍ സാധ്യതയുള്ള ടീം. മാന്‍ ടു മാര്‍ മാര്‍ക്കിംഗാണ് അമേരിക്കയുടെ കേളീശൈലി. ടൂര്‍ണമെന്റിനെത്തിയ കളിക്കാരില്‍ പലരും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബുകളുടെ യൂത്ത് അക്കാദമിയുടെ വാഗ്ദാനങ്ങളാണ്. ഇതില്‍ പലരെയും യൂറോപ്പിലെ സൂപ്പര്‍ ക്ലബ്ബുകള്‍ നോട്ടമിട്ടിരിക്കുന്നു.
അമര്‍ജിത് സിംഗ് നയിക്കുന്ന ടീമിലും പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകളെ ആകര്‍ഷിക്കാന്‍ പോന്നവരുണ്ട്. ഏഴ് മാസം മുമ്പ് പുറത്താക്കപ്പെട്ട കോച്ച് നികോളായ് ആഡം ഇന്ത്യന്‍ താരങ്ങളെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. സാങ്കേതിക മികവ് നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ യുവനിരക്ക് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളില്‍ കളിക്കാന്‍ സാധിക്കുമെന്നായിരുന്നു ജര്‍മന്‍ കോച്ച് നികോളായുടെ നിരീക്ഷണം.
നികോളായ്ക്ക് പകരം മാര്‍ച്ച് മാസം ലൂയിസ് നോര്‍ട്ടനെത്തിയപ്പോള്‍ അഴിച്ചു പണി നടന്നു.
ഗോള്‍ വല കാക്കുക ധീരന്‍ സിംഗായിരിക്കും. സെന്റര്‍ ബാക്കില്‍ അന്‍വര്‍ അലിയും ജിതേന്ദ്ര സിംഗും. ലെഫ്റ്റ് ഫുള്‍ബാക്കില്‍ സഞ്ജീവ് സ്റ്റാലിന്‍ വരുമ്പോള്‍ റൈറ്റ് ഫുള്‍ ബാക്ക് പൊസിഷനില്‍ ഹെന്‍ഡ്രി അന്റോനെ ആയിരിക്കും. എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ബോറിസ് സിംഗ് പുറത്തായതിനെ തുടര്‍ന്നാണ് ഹെന്‍ഡ്രി സ്ഥിരം ലൈനപ്പില്‍ ഇടം പിടിച്ചത്.
ആറടി രണ്ടിഞ്ച് ഉയരമുള്ള ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ജീക്‌സന്‍ സിംഗ് നിര്‍ണായക താരമാണ്. പ്രതിരോധത്തിനും മധ്യനിരക്കും ഇടയില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുക ജീക്‌സന്‍ സിംഗ് ആയിരിക്കും. ക്യാപ്റ്റന്‍ അമര്‍ജിത് സിംഗിന്റെ സഹോദരനാണ് ജീക്‌സന്‍ സിംഗ്. മധ്യനിരയില്‍ ഇവര്‍ക്കൊപ്പംസുരേഷ് സിംഗ് വാന്യാം കൂടി ചേരുന്നതോടെ നില ഭദ്രമാകും.
ഇടത് വിംഗില്‍ കോമള്‍ താറ്റലും ഏകസ്‌ട്രൈക്കറായി അനികേത് ജാദവും സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലുണ്ടാകും.
അറ്റാക്കിംഗ് ഗെയിമാണ് അമേരിക്കയുടേത്. ഇന്ത്യക്ക് പ്രതിരോധം ശക്തിപ്പെടുത്തുകയേ രക്ഷയുള്ളൂ. പ്രത്യാക്രമണത്തിലൂടെ ഗോളുകള്‍ നേടുക എന്ന തന്ത്രമായിരിക്കും ആതിഥേയര്‍ സ്വീകരിക്കുക.
ക്യാപ്റ്റന്‍ ജോഷ് സര്‍ജന്റ്ിന്റെ ഫിനിഷിംഗ് അമേരിക്കക്ക് പ്രതീക്ഷ നല്‍കുന്നു. ബുണ്ടസ് ലിഗ ക്ലബ്ബ് വെര്‍ഡര്‍ ബ്രെമനുമായി അടുത്ത സീസണിലേക്ക് കരാറിലെത്തിക്കഴിഞ്ഞു പതിനേഴുകാരന്‍. അമേരിക്കക്ക് വേണ്ടി അണ്ടര്‍ 20 ലോകകപ്പിലും ജോഷ് കളിച്ചു.
മുന്‍ ലോക ഫുട്‌ബോളര്‍ ജോര്‍ജ് വിയയുടെ മകന്‍ ടിം വിയ അമേരിക്കന്‍ നിരയിലുണ്ട്. ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുടെ താരമാണ് ടിം വിയ.