Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അന്തിമപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും

Published

|

Last Updated

കാസര്‍കോട്: ഏപ്രില്‍ ആദ്യവാരത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 41 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെയും ദുരിതബാധിതരുള്‍പ്പെട്ട അന്തിമ പട്ടിക ഒക്‌ടോബര്‍ 31 നകം പ്രസിദ്ധീകരിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള ജില്ലാതല സെല്‍ യോഗം തീരുമാനിച്ചു.

സെല്‍ ചെയര്‍മാന്‍ കൂടിയായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം രോഗികളെ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ഫീല്‍ഡ്തല പരിശോധന പൂര്‍ത്തിയാക്കി ഡോക്ടര്‍മാരുടെ പാനല്‍ വീണ്ടും പരിശോധിച്ചതിനു ശേഷമായിരിക്കും അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത്. 1905 പേരാണ് കരട് പട്ടികയിലുളളത്.

ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഒക്‌ടോബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും കടബാധ്യതകളില്‍ അന്തിമനടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആദ്യപട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് ജില്ലാകളക്ടറെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി നബാര്‍ഡ് ആര്‍ ഐ ഡി എഫ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് 2018 മാര്‍ച്ച് 31 വരെ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ടെന്ന് കലക്ടര്‍ ജീവന്‍ബാബു കെ അറിയിച്ചു.

എംഎല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, കലക്ടര്‍ കെ ജീവന്‍ബാബു, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെല്‍ അംഗങ്ങള്‍, കെ എസ് എസ് എം റീജിയണല്‍ ഡയറക്ടര്‍ ഡോ. സി ഭാമിനി, എന്‍ എച്ച് എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.