Connect with us

Ongoing News

ശ്രോതാക്കളുടെ മനം കവര്‍ന്ന് ഖവാലി

Published

|

Last Updated

ഖാദിസിയ്യ: സൂഫി സംഗീതത്തിന്റെ ഈരടികളിലൂടെ ശ്രോതാക്കളെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയര്‍ത്തയ ജനറല്‍ വിഭാഗത്തിന്റെ ഖവ്വാലി ആലാപന മത്സരം സാഹിത്യോത്സവിന്റെ ഒന്നാം വേദിയായ “പുഴയോര”ത്തെ ശ്രദ്ധേയമാക്കി.
നിറഞ്ഞൊഴുകിയ സദസില്‍ ഗസല്‍ പെരുമഴ തീര്‍ത്താണ് ഖവാലി മത്സരം സമാപിച്ചത്. ചരിത്ര പുരുഷന്മാരുടെ അപദാനങ്ങള്‍ മനോഹരമായ ഈരടികളാല്‍ ചേര്‍ത്ത് തുന്നി വ്യത്യസ്ത ഭാഷകളില്‍ വേദിയില്‍ നിറഞ്ഞു പെയ്തപ്പോള്‍ തിങ്ങിനിറഞ്ഞ സദസും അതിന്റെ ഭാഗമായി.
പ്രാസ്ഥാനിക നേതാക്കള്‍ വേദിയുടെ മുന്‍നിരയില്‍ ഇരിപ്പുറപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു. 2015 മുതലാണ് ഖവാലി സാഹിത്യോത്സവ് മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയത്. മത്സരാര്‍ഥികള്‍ക്കൊപ്പം സദസും ലയിച്ചലിയുന്ന ഖവാലി വേദികള്‍ സാഹിത്യോത്സവിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ്.

വാശിയേറിയ മത്സരത്തിനൊടുവില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മഹ്ഫൂസ് കമാലും സംഘവും ഒന്നാം സ്ഥാനം നേടി. മലപ്പുറം ഈസ്റ്റില്‍ നിന്നുള്ള എം അജ്മലും സംഘവും രണ്ടാം സ്ഥാനവും കണ്ണൂരില്‍ നിന്നുള്ള സിനാനും സംഘവും മൂന്നാം സ്ഥാനവും നേടി.

Latest