Connect with us

Gulf

പൈതൃക സാംസ്‌കാരിക പദ്ധതികള്‍ക്ക് യുനെസ്‌കോയുമായി ഷാര്‍ജ കൈകോര്‍ക്കുന്നു

Published

|

Last Updated

ധാരണാപത്രം ഒപ്പുവെച്ച ശേഷം ഇറിന ബോകോവക്ക് ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍
അല്‍ ഖാസിമി ഉപഹാരം നല്‍കുന്നു

ഷാര്‍ജ: ഷാര്‍ജയുടെ പൈതൃക, സാംസ്‌കാരിക തനിമക്ക് കൂടുതല്‍ മികവേകുന്നതിനും വേള്‍ഡ് ബുക്ക് ക്യാപിറ്റലായി ഷാര്‍ജയെ തിരഞ്ഞെടുത്ത ആഘോഷങ്ങളുടെ ഭാഗമായി വായനാ സംസ്‌കാരം വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന സവിശേഷമായ പരിപാടികള്‍ ഷാര്‍ജ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയും യുനെസ്‌കോയും ആവിഷ്‌കരിച്ചു. ഇത് സംബന്ധിച്ച്, എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ഓര്‍ഗനൈസിംഗ് കമ്മറ്റി മേധാവിയുമായ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയും യുനെസ്‌കോക്ക് കീഴിലെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനാ ഡയറക്ടര്‍ ജനറല്‍ ഇറിന ബോകോവയും പാരിസില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

യുനെസ്‌കോ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ യു എ ഇ വിദ്യാഭ്യാസ മന്ത്രി ഹുസ്സൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി, യുനെസ്‌കോയിലെ യു എ ഇ സ്ഥിരം പ്രധിനിധി അബ്ദുല്ല അലി മിസ്ബാഹ് അല്‍ നുഐമി എന്നിവര്‍ സംബന്ധിച്ചു. വായനാ സംസ്‌കാരം വര്‍ധിപ്പിക്കുന്നതിനും രാജ്യങ്ങളുടെ സാംസ്‌കാരിക തനിമ ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധയേകുന്നതിനും യുനെസ്‌കോ ഓരോ വര്‍ഷവും ഓരോ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തേക്ക് സര്‍വ വിജ്ഞാന ശാഖയിലെ ഉന്നതങ്ങളായ പുസ്തകങ്ങള്‍ കൂടുതല്‍ എത്തുന്നതിന് ഇതിലൂടെ വഴിയൊരുങ്ങും.

നാല് പതിറ്റാണ്ടുകളായി ഷാര്‍ജയുടെ സാംസ്‌കാരിക തലം ഉയര്‍ത്തിപ്പിടിക്കുന്ന പദ്ധതികള്‍ ശാസ്ത്ര, സാഹിത്യ, കലാ മേഖലയിലും അത്യഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. ഷാര്‍ജയുടെ വൈജ്ഞാനിക വളര്‍ച്ചക്ക് വേണ്ടിയുള്ള ശ്രമങ്ങളുടെ ഫലമായി 1998ല്‍ അറബിക് കള്‍ചര്‍ ക്യാപിറ്റല്‍, 2014ല്‍ ഇസ്‌ലാമിക് കള്‍ചര്‍ ക്യാപിറ്റല്‍ എന്നീ ബഹുമതികളും എമിറേറ്റിന്റെ സാംസ്‌കാരിക വൈജ്ഞാനിക പ്രവര്‍ത്തങ്ങള്‍ക്ക് പൊന്‍ തൂവലായി 2019ലേക്ക് വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ ബഹുമതിയും തേടിയെത്തിയിട്ടുണ്ട്. ധാരണാപത്രത്തില്‍ ഒപ്പു വെച്ച് ശൈഖ ബുദൂര്‍ പറഞ്ഞു.
എമിറേറ്റിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ബൗന്ധിക തലം ഉന്നതമായ വായനയിലൂടെ വിശാലമാക്കുന്ന വിധത്തില്‍ വൈജ്ഞാനിക പരിപാടികള്‍, സമൂഹത്തിനിടയില്‍ പുസ്തകങ്ങള്‍ നല്‍കുന്ന ഉന്നതമായ അറിവിന്റെ അപാര സാധ്യതകളെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരിക്കുന്നതിനും ഉതകുന്ന നൂതന പദ്ധതികള്‍ കരാറിന്റെ ഭാഗമായി ആവിഷ്‌കരിച്ചു നടപ്പില്‍വരുത്തും. വിവിധ ദേശക്കാരായ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹിഷ്ണുതയും സ്‌നേഹവും പരസ്പര സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്നതിന് വായനാ സംസ്‌കാരം വഴിയൊരുക്കുമെന്നും ശൈഖ ബുദൂര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര തലത്തിലും അറബ് മേഖലയിലും വായന വളര്‍ത്തുന്നതില്‍ നിസ്തൂലമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയതിന്റെ പ്രതിഫലനമാണ് ഷാര്‍ജയെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ജി സി സി രാജ്യങ്ങളില്‍ നിന്ന് ആദ്യമായിട്ടാണ് ഷാര്‍ജയെ ഇത്തരമൊരു ബഹുമതി തേടിയെത്തുന്നത്. അറബ് ലോകത്തു നിന്ന് അലക്‌സാണ്ടറിയ, ബൈറൂത് എന്നീ നഗരങ്ങളെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ ബഹുമതിക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്‌സ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ ബുക്‌സെല്ലേഴ്‌സ് ഫെഡറേഷന്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയുടെ സംയുക്ത സമിതി അടങ്ങിയ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍സ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയാണ് ഓരോ വര്‍ഷവും ബഹുമതിക്ക് അര്‍ഹമായ നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്.

 

Latest