Connect with us

Kerala

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ പാര്‍ലിമെന്റില്‍ ഉന്നയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരായ കോഴ ആരോപണം സിപിഎം ഇന്ന് പാര്‍ലിമെന്റില്‍ ഉന്നയിക്കും. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എംബി രാജേഷ് എംപി നോട്ടീസ് നല്‍കി. ദേശീയതലത്തില്‍ നടന്ന അഴിമതിയാണിതെന്നും തെളിവുണ്ടെന്നും എംപി രാജേഷ് നോട്ടീസില്‍ പറയുന്നു.

സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ അനുവദിക്കാന്‍ സംസ്ഥാന ബി ജെ പി നേതാക്കള്‍ കോഴ വാങ്ങിയെന്ന് പാര്‍ട്ടി തന്നെ നടത്തിയ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരടക്കം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
സംസ്ഥാന ബി ജെ പിയില്‍ വന്‍പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതാണ് റിപ്പോര്‍ട്ട്. കോഴ വാങ്ങിയെന്ന് സ്ഥിരീകരിച്ചതിനൊപ്പം ഇത് കുഴല്‍പ്പണമായി ഡല്‍ഹിയിലെത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ് ആര്‍ കോളജ് ഉടമ ആര്‍ ഷാജി ബി ജെ പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെയാണ് പണം എല്‍പ്പിച്ചത്. പുതുതായി മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷിക്കാന്‍ കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവരടങ്ങിയ സമിതിയെ ബി ജെ പി നിയോഗിച്ചത്. ദേശീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇത്.
മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ സഹായം വാഗ്ദാനം ചെയ്ത് കോടികള്‍ വാങ്ങിയെന്ന ആക്ഷേപമാണ് ആദ്യം ഉയര്‍ന്നത്. പാര്‍ട്ടിയുടെ ഒരു സെല്‍ കണ്‍വീനറുടെ നേതൃത്വത്തിലുള്ളവരാണ് ഇത് ചെയ്തതെന്നും ഇവരിലൊരാള്‍ക്ക് പ്രധാന സംസ്ഥാന ഭാരവാഹിയുമായി അടുത്ത ബന്ധം ഉണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ നേരത്തെ സംസാരം ഉണ്ടായിരുന്നു. പണം കൊടുത്തെങ്കിലും കാര്യം നടക്കാതെ വന്നതോടെ ഷാജി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. സഖ്യകക്ഷിയായ ബി ഡി ജെ എസുമായി സഹകരിക്കുന്ന ഇയാള്‍ വെള്ളാപ്പള്ളി നടേശനെയും ഇക്കാര്യം അറിയിച്ചു. അവരും പരാതിയുമായി രംഗത്തുവന്നു. സംസ്ഥാന നേതൃ യോഗത്തില്‍ ചര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആര്‍ സുഭാഷിനും കൈമാറിയിരുന്നു. നേതാക്കള്‍ക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

അന്വേഷണസംഘം ആദ്യം ഷാജിയില്‍ നിന്നാണ് മൊഴിയെടുത്തത്. പണം നല്‍കിയ കാര്യം ഷാജി അന്വഷണ കമ്മീഷനെ അറിയിച്ചു. 2017 മെയ് 19നാണ് പരാതി നല്‍കിയത്. ഡല്‍ഹിയിലുള്ള ഏജന്റ് സതീഷ് നായര്‍ക്ക് നല്‍കാനാണ് പണം വാങ്ങിയതെന്ന് ഷാജി പറയുന്നു. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം ടി രമേശിന്റെ പേരും പറയുന്നത്. ചെര്‍പ്പുളശ്ശേരിയില്‍ കോഴിക്കോട് സ്വദേശി തുടങ്ങാനിരിക്കുന്ന കേരള മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. കേരള മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങിയത് എം ടി രമേശ് വഴി അഞ്ച് കോടി നല്‍കിയാണെന്നാണ് ഷാജി അന്വേഷണ കമ്മീഷനെ അറിയിച്ചത്. രമേശിനെതിരായ ആരോപണം പരിധിയില്‍ വരാത്തതിനാല്‍ വിട്ടുകളയുകയായിരുന്നു. അന്വേഷണ കമ്മീഷന്‍ രമേശിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ആരെയും പരിചയമില്ലെന്നും ആരോടും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു മൊഴി. അതേസമയം, ആര്‍ എസ് വിനോദ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. വാങ്ങിയ പണം ഡല്‍ഹിയിലുള്ള കുഴല്‍പ്പണ ഏജന്റ് വഴി സതീഷ് നായര്‍ക്ക് കൈമാറിയെന്നാണ് വിനോദ് പറയുന്നത്. എന്നാല്‍, ഇപ്പോള്‍ പരാതിയില്ലെന്ന നിലപാടാണ് എസ് ആര്‍ ആശുപത്രി ഉടമയുടെത്.

Latest