Connect with us

Kerala

മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങി

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി കോഴ വാങ്ങിയതായി ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അഞ്ച് കോടി അറുപത് ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേരും കോഴ ഇടപാടുമായി ബന്ധപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയത്.

ചെര്‍പ്പുളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.
ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

Latest