Connect with us

Gulf

ഹാരോഡ്‌സില്‍ ചാരപ്രവര്‍ത്തനമെന്ന സഊദി ചാനല്‍ വാര്‍ത്തയില്‍ ട്രോള്‍ പ്രളയം

Published

|

Last Updated

ദോഹ: ചില ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മേല്‍ ഖത്വര്‍ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ഹാരോഡ്‌സ് ചാരപ്രവൃത്തി ചെയ്യുന്നുവെന്ന സഊദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലില്‍ വന്ന വാര്‍ത്തയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. യു എ ഇ, ബഹ്‌റൈന്‍, സഊദി എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെ ഹാരോഡ്‌സ് പ്രത്യേകം നിരീക്ഷിക്കുന്നുവെന്ന് അല്‍ ഇഖ്ബാരിയ്യ ടി വി ട്വിറ്റര്‍ അക്കൗണ്ടില്‍ ബുധനാഴ്ച പോസ്റ്റ് ചെയ്യുകയായിരുന്നു. “ഖത്വരി ഹാരോഡ്‌സ് ഖലീജികളുടെ (ഗള്‍ഫ് പൗരന്മാര്‍) മേല്‍ ചാരപ്രവൃത്തി നടത്തുന്നു” എന്ന ഹാഷ്ടാഗോടെയാണ് ഈ ട്വീറ്റ് അവസാനിച്ചത്.

ലേഖനത്തിന്റെയോ വീഡിയോ റിപ്പോര്‍ട്ടിന്റെയോ ലിങ്ക് ഇല്ലാതെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇങ്ങനെയൊരു അവകാശവാദം ചാനല്‍ ഉന്നയിച്ചത്. ചാനലിന്റെ വെബ്‌സൈറ്റിലും ഇത്തരമൊരു സ്റ്റോറിയില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഉകാസ് എന്ന സഊദി പത്രം ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൂന്ന് രാഷ്ട്രങ്ങളിലെ ഉപഭോക്താക്കളുടെ പര്‍ച്ചേസിംഗ് രേഖപ്പെടുത്താന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്ന തരത്തിലാണ് ഉകാസിന്റെ റിപ്പോര്‍ട്ട്. അവകാശവാദത്തെ സംബന്ധിച്ച് ഹാരോഡ്‌സിന്റെ സ്ഥിരീകരണം റിപ്പോര്‍ട്ടിലില്ല. ഹാരോഡ്‌സിന്റെ കരിയര്‍ ഓഫീസിന്റെ സമയം പ്രതിപാദിക്കുന്ന കത്താണ് റിപ്പോര്‍ട്ടിനൊപ്പം കൊടുത്തത്.
ഈ വാര്‍ത്ത കണ്ട് പോസ്റ്റ് ചെയ്ത ഇല്‍ ഇഖ്ബാരിയ്യയുടെ ട്വീറ്റിന് ആയിരത്തിലേറെ മറുപടികളാണ് വിവിധ തുറകളില്‍ നിന്ന് ലഭിച്ചത്. ഈ ട്വീറ്റിനെ തുടര്‍ന്നുള്ള ഹാഷ്ടാഗില്‍ കാര്‍ട്ടൂണുകളുടെയും കമന്റുകളുടെയും ട്രോളുകളുടെയും പ്രളയമായിരുന്നു. “ഷോപ്പിന്റെ ഗേറ്റിലുള്ള കരടി രൂപം ക്യാമറ മറച്ചുവെച്ച് ഖത്വരി ഇന്റലിജന്‍സിന് ഉപഭോക്താക്കളുടെ വിവരം അയക്കുന്നു”, “ഹാരോഡ്‌സില്‍ നിന്ന് വാങ്ങിയ ചോക്കലേറ്റില്‍ രഹസ്യക്യാമറ കണ്ടു. ആളുകളുടെ ഉദരത്തിന് നേരെയാണ് അത് ഘടിപ്പിച്ചത്”, തുടങ്ങിയ ട്രോള്‍ ട്വീറ്റുകള്‍ വൈറലായി.

ഖത്വരി സര്‍ക്കാറിന്റെ കീഴിലുള്ള ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതിയിലുള്ളതായതിനാല്‍ ലണ്ടന്‍ ഹാരോഡ്‌സ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് കുറച്ചു ദിവസം മുമ്പ് ട്വിറ്ററില്‍ ആഹ്വാനമുണ്ടായിരുന്നു. ഇതിനെയും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കണക്കിന് ശിക്ഷിച്ചിരുന്നു. 2010ല്‍ ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദ് അല്‍ ഫായിദില്‍ നിന്നാണ് രണ്ട് ബില്യന്‍ ഡോളറിന് ഖത്വര്‍ ഹാരോഡ്‌സ് വാങ്ങിയത്.
ഹീത്രു എയര്‍പോര്‍ട്ട്, ഷര്‍ഡ് ടവര്‍, കാനറി വാര്‍ഫ് തുടങ്ങി ലണ്ടനിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ഓഹരികളുണ്ട്.