Connect with us

International

പാനമ കേസ്: നവാസ് ശരീഫ് അന്വേഷണ സംഘത്തിന് മുന്നില്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: നികുതി വെട്ടിച്ച് വിദേശരാജ്യത്ത് പണം നിക്ഷേപിച്ചുവെന്ന ആരോപണം നേരിടുന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സുപ്രീം കോടതി നിയോഗിച്ച സംയുക്ത അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇത്തരം കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന ആദ്യ പാക് പ്രധാനമന്ത്രിയാണ് നവാസ് ശരീഫ്. മൂന്ന് മണിക്കൂറോളം അദ്ദേഹത്തെ സംഘം ചോദ്യം ചെയ്തു.
ബന്ധപ്പെട്ട രേഖകള്‍ സഹിതം അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നലെ ഹാജരാകാന്‍ മേധാവി വാജിദ് സിയ നേരത്തെ നവാസ് ശരീഫിനോട് നിര്‍ദേശിച്ചിരുന്നു. കസാഖിസ്ഥാനില്‍ നടന്ന എസ് സി ഒ ഉച്ചകോടിയില്‍ സംബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച മടങ്ങിയെത്തിയപ്പോഴാണ് ഇത് സംബന്ധിച്ച സമന്‍സ് നവാസ് ശരീഫിന് കൈമാറിയത്. പനാമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20നാണ് നവാസ് ശരീഫിനെതിരായ അന്വേഷണത്തിന് പാക് സുപ്രീം കോടതി സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചത്. ലണ്ടനില്‍ നാല് അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി, കള്ളപ്പണം നിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നവാസ് ശരീഫിനെതിരെയുള്ളത്.

അതേസമയം, താനോ കുടുംബമോ ഒരു തരത്തിലുള്ള അനധികൃത ഇടപാടുകളും നടത്തിയിട്ടില്ലെന്ന് നവാസ് ശരീഫ് പ്രതികരിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ചില അദൃശ്യശക്തികള്‍ ഗൂഢാലോചന നടത്തുകയാണ്. തന്റെ പ്രധാനമന്ത്രി സ്ഥാനത്തിന് ഈ ആരോപണങ്ങള്‍ ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. തനിക്കും കുടുംബത്തിനുമെതിരെ ഇത്തരത്തില്‍ ക്രൂരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആദ്യമല്ലെന്നും എന്നാല്‍, ഒന്നുപോലും തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും നവാസ് ശരീഫ് കൂട്ടിച്ചേര്‍ത്തു.

Latest