Connect with us

Kasargod

മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി; പകര്‍ച്ചവ്യാധികള്‍ പടരുമെന്ന് ആശങ്ക

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. നഗരത്തിലെ മാലിന്യനിക്ഷേപം പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സൗകര്യമില്ലാത്തതും കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാലിന്യനിക്ഷേപം നടത്താനാവാത്ത സാഹചര്യവും പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഇടവരുത്തുന്നു.

മഴയില്‍ കുതിര്‍ന്ന മാലിന്യങ്ങള്‍ മാരകമായ സാംക്രമിക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെയും പ്രാണികളുടെയും ആവാസകേന്ദ്രങ്ങളായി മാറുകയാണ്.
കാസര്‍കോട് മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗങ്ങളില്‍ റോഡരികില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുകയാണ്. ഉപ്പള ഹനഫി ബസാര്‍ ദേശീയപാതയോരത്തെ മാലിന്യ കൂമ്പാരം ആറ് മാസമായിട്ടും നീക്കിയില്ല. മഴ തുടങ്ങിയതോടെ ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകിയതിനാല്‍ പ്രദേശവാസികളും വ്യാപാരികളും രോഗഭീതിയിലാണ്.

ഈ ഭാഗത്തെ ചിലര്‍ക്ക് ചൊറിച്ചിലും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി പറയുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിയാണ് പലരും ഇവിടെ പ്ലാസ്റ്റിക് കെട്ടുകളിലാക്കിയ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാലിന്യം നീക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

ഏതാനും ദിവസം മുമ്പ് ഇവിടെ വെച്ച് തെരുവ് നായക്കൂട്ടം വീട്ടമ്മയേയും രണ്ട് വിദ്യാര്‍ഥികളേയും ഓടിച്ചിരുന്നു. നായയെ കണ്ട് ദേശീയപാതയിലൂടെ ഓടിയ ഇവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഡെങ്കിപ്പനി അടക്കമുള്ള മാരക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലും ഇവിടത്തെ മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ജനരോഷം ഉയരുന്നുണ്ട്.

Latest