Connect with us

Kasargod

വാഹനത്തിന് നല്‍കാന്‍ പണമില്ല: അമ്പതുകാരന്‍ ആശുപത്രിയിലെത്തിയത് വീല്‍ചെയറില്‍ കിലോമീറ്ററുകള്‍ താണ്ടി

Published

|

Last Updated

കാസര്‍കോട്: വാഹനങ്ങള്‍ക്ക് യാത്രാക്കൂലി നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മൃതദേഹം ചുമന്ന് കിലോമീറ്ററുകളോളം നടന്നുപോകുന്ന മനുഷ്യരുടെ വാര്‍ത്തകള്‍ കേള്‍ക്കാറുള്ളത് ഉത്തരേന്ത്യയില്‍ നിന്നാണ്. അസാം, ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദളിതരും ദരിദ്രരുമായ പട്ടിണിപ്പാവങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് സമാനമായ സംഭവം കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട്ടും നടന്നു.

കാസര്‍കോട് ജില്ലയിലെ പൈവളിഗെ ബായാര്‍ പദവിലാണ് മനുഷ്യമനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമുണ്ടായത്. രണ്ട് കാലുകളിലും വ്രണങ്ങള്‍ പഴുത്ത് നടക്കാന്‍ കഴിയാതെ വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന പരമേശ്വരസാലങ്കെ (50)യാണ് പതിനേഴ് കിലോമീറ്റര്‍ താണ്ടി ആശുപത്രിയിലെത്തിയത്. കര്‍ണാടക സ്വദേശിയായ പരമേശ്വര സാലങ്കൈ പൈവളിഗെ ബായാര്‍ പദവില്‍ റോഡരികിലായി തുണി മറച്ചുകെട്ടിയാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ കമലക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന പരമേശ്വര കൂലി വേല ചെയ്ത് കുടുംബം പുലര്‍ത്തിവരികയായിരുന്നു. ഒരുവര്‍ഷം മുമ്പ് പാമ്പുകടിയേറ്റതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്.
പല ആശുപത്രികളിലും പരമേശ്വരയെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തിന്റെ ഉപജീവനമാര്‍ഗത്തിനും ഭര്‍ത്താവിന്റെ ചികിത്സക്കും പണം കണ്ടെത്താന്‍ കമല ഇടക്കിടെ കൂലിവേലക്ക് പോയിത്തുടങ്ങി. ഭര്‍ത്താവിന്റെയും കുട്ടിയുടെയും പരിചരണം കൂടി ഏറ്റെടുക്കേണ്ടതിനാല്‍ മിക്ക ദിവസങ്ങളിലും കമലക്ക് പണിക്കുപോകാന്‍ കഴിയുമായിരുന്നില്ല. ഇതോടെ കുടുംബം പട്ടിണിയെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലായി. തുഛമായ വരുമാനം ഒന്നിനും തികയാതെ വരുന്നു. സഹായത്തിന് മറ്റാരുമില്ലാത്തത് ഈ കുടുംബത്തിന്റെ ദയനീയാവസ്ഥക്ക് ആക്കം കൂട്ടുകയാണ്. ഇതിനിടെ പരമേശ്വരയുടെ ഇരു കാലുകളും നീരുവെക്കുകയും വ്രണങ്ങള്‍ വരികയും ചെയ്തു. ചില മരുന്നുകള്‍ പുരട്ടുന്നുണ്ടെങ്കിലും വ്രണങ്ങള്‍ ഉണങ്ങുന്നില്ല. വിദഗ്ധ ചികിത്സ നടത്തുന്നതുപോയിട്ട് ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിക്ക് പോലും പണമില്ലാത്ത ഗതികേടിലാണ് പരമേശ്വരയും കുടുംബവും. ഇത്തരമൊരു സാഹചര്യത്തിലാണ് വാഹനയാത്രക്ക് പണമില്ലാതിരുന്ന പരമേശ്വര ഭാര്യയുടെ സഹായത്തോടെ വീല്‍ചെയറില്‍ തന്നെ കിലോ മീറ്ററുകള്‍ താണ്ടി മംഗല്‍പ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിയത്. നാല് വയസ്സുള്ള ആണ്‍കുട്ടിയെ ഒപ്പം കൂട്ടി കമല ഏറെ ക്ലേശിച്ചാണ് പരമേശ്വരയെ വീല്‍ചെയറില്‍ തള്ളി ആശുപത്രിയിലെത്തിച്ചത്. പൊരിവെയില്‍ തളര്‍ന്ന് അവശരായാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

Latest