Connect with us

Ramzan

മനുഷ്യന്റെ പ്രകൃതം

Published

|

Last Updated

കലങ്ങി മറിയാനും കലങ്ങിത്തെളിയാനും തുല്യസാധ്യതയുള്ള പ്രകൃതമാണ് മനുഷ്യന്റേത്. ചിലപ്പോള്‍ അവന്റെ അന്തരംഗം അശാന്തമായ കടല്‍പോലെ പ്രക്ഷുബ്ധമായിരിക്കും. മറ്റു ചിലപ്പോള്‍ നിശ്ശബ്ദമായി ഒഴുകിക്കൊണ്ടിരിക്കും. തെളിനീരരുവി പോലെ പ്രശാന്തവും. കാറ്റിലകപ്പെട്ട കരിയില പോലെയാണ് ചിലപ്പോള്‍ അതിന്റെ അവസ്ഥയെങ്കില്‍ മറ്റു ചിലപ്പോള്‍ തിരയടങ്ങിയ കടല്‍ പോലെ നിശ്ചലമായിരിക്കുമത്.

ഹൃദയത്തെ കുറിക്കാനുപയോഗിക്കുന്ന “ഖല്‍ബ്” എന്ന അറബി ശബ്ദം തന്നെ ഈ സങ്കീര്‍ണതകളേയും തകിടംമറിച്ചിലിനെയും ഒരുപോലെ സൂചിപ്പിക്കുന്നുണ്ട്. കരണം മറിച്ചില്‍ കാരണമാണ് ഖല്‍ബിന് ആ പേര് കിട്ടിയത്. മരത്തില്‍ കെട്ടിത്തൂക്കിയ പക്ഷിത്തൂവല്‍പോലെയാണ് ഹൃദയം. കാറ്റ് നിരന്തരം അതിനെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്നു (ഹദീസ് അഹ്മദ് 4- 408)
മനസ്സ് പോലെത്തന്നെയാണ് മനുഷ്യന്റെ ചുറ്റുപാടുകളും. സ്ഥിരം സംവിധാനമോ സ്ഥായിയായ അവസ്ഥയോ ചുറ്റുപാടുകള്‍ക്കില്ല. മനസ്സിന്റെ മാറ്റം ചുറ്റുപാടുകളേയും ചുറ്റുപാടുകളുടെ മാറ്റം മനസ്സിനെയും സ്വാധീനിക്കുന്നു. നന്മയുടെ മധ്യത്തില്‍ ജീവിക്കുന്നവര്‍ ചീത്തയാകാനും കുറ്റകൃത്യങ്ങളില്‍ കുളിച്ചുനില്‍ക്കുന്നവര്‍ നന്നാകാനും സാധ്യതയുണ്ട്. മനുഷ്യമനസ്സുകള്‍ അതിശീഘ്രം മാറിക്കൊണ്ടിരിക്കും. പ്രഭാതത്തിലെ മുഅ്മിന്‍ പ്രദോഷത്തിലെ കാഫിറും പ്രദോഷത്തിലെ മുഅ്മിന്‍ പ്രഭാതത്തിലെ കാഫിറും ആകാന്‍ പോന്ന സാഹചര്യമാണ് ഐഹിക ജീവിതത്തില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് പ്രവാചകന്‍ (സ്വ) ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നത്. “അല്ലാഹുമ്മ യാ മുഖല്ലിബല്‍ ഖുലൂബ് സബ്ബിത് ഖല്‍ബീ അലാ ദീനിക്” “അല്ലാഹുവേ എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ അടിയുറച്ചുനിര്‍ത്തണമേ”
അക്രമിയും കൊലപാതകിയുമായ ഒരാളെ കണ്ടുമുട്ടിയ ഒരു മനുഷ്യന്‍ ചിന്തിച്ചുപോയി. അയാളേക്കാളും എന്തുകൊണ്ടും നല്ലത് സല്‍കര്‍മിയായ ഞാനായിരിക്കുമെന്ന്. ഈ വിവരമറിഞ്ഞ ഇബ്‌നു മുബാറക് (റ) സല്‍കര്‍മിയോട് പറഞ്ഞു. “താങ്കളുടെ ഈ തോന്നല്‍ അയാള്‍ ചെയ്ത പാപത്തേക്കാളും ഗൗരവമുള്ളതാണ്. കാരണം തെറ്റ് ചെയ്തവന്‍ പശ്ചാത്തപിക്കാനും സ്വയം ശ്രേഷ്ഠനായി കരുതിയവന്‍ ദൈവനിഷേധത്തിലേക്ക് വഴുതി വീഴാനും സാധ്യതയുണ്ടല്ലോ. ആര്‍ക്കറിയാം തന്റെ പര്യവസാനം എങ്ങനെയായിരിക്കുമെന്ന്? (ഫത്ഹുല്‍ ബാരി 2/338).
പാപക്കുഴിയിലേക്ക് കാലിടറി വീണ് പോകാതിരിക്കാനും നന്മയിലേക്ക് തിരിച്ച് നടക്കാനുമുള്ള പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളുമാണ് പുണ്യറമസാനിന്റെ ഇരവ് പകലുകളില്‍ നാം ചെയ്യേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ.

Latest