Connect with us

Kerala

സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ ഗ്രൂപ്പ് മേധാവി ടോം സക്കറിയയാണ് ഇടുക്കിയിലെ വലിയ കയ്യേറ്റക്കാരനെന്ന് റവന്യുമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 110 ഹെക്ടര്‍ ഭൂമിയാണ് ഇടുക്കിയില്‍ കയ്യേറിയിരിക്കുന്നത്. സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ ഗ്രൂപ്പ് മേധാവി ടോം സക്കറിയയുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റ ഭൂമിയുള്ളതെന്നും പി.സി. ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.

ടോം സക്കറിയയ്‌ക്കൊപ്പം തൃപ്പൂണിത്തുറ സ്വദേശി സിറിള്‍ പി.ജേക്കബും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുള്ളവരില്‍ പ്രധാനിയാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഇടുക്കിയിലെ ഏലമലക്കാടുകളിലാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നിട്ടുള്ളത്. ഇടുക്കി ജില്ലയിലാണ് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളതെന്നും മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 54,097 ഹെക്ടര്‍ ഭൂമിയാണ് ഇവിടെ സര്‍ക്കാരിനുള്ളത്. ഇതില്‍ 110 ഏക്കര്‍ ഭൂമിയാണ് കയ്യേറിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്, തിരുവനന്തപുരം ജില്ലകളാണ് കയ്യേറ്റം നടക്കുന്ന മറ്റു പ്രധാന സ്ഥലങ്ങളെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടില്‍ 81 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറിയിട്ടുള്ളത്. തിരുവനന്തപുരത്ത് 74 ഹെക്ടര്‍ ഭൂമിയും കയ്യേറ്റക്കാരുടെ കൈവശമാണ്. കയ്യേറ്റമൊഴിപ്പിക്കാനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനും നീക്കമുണ്ടോ എന്ന ചോദ്യത്തിന്, നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി മറുപടി നല്‍കി.