Connect with us

Kerala

രാജിവെക്കാത്ത മണി, രാജി വെച്ച മാണി

Published

|

Last Updated

തിരുവനന്തപുരം: നാക്കു പിഴച്ച മണിയെക്കുറിച്ചായിരുന്നു സഭയിലെ ചര്‍ച്ച. അസാധാരണ സാഹചര്യം, ഗൗരവതരം തുടങ്ങി കടുകട്ടിയുള്ള പ്രയോഗങ്ങള്‍ മേമ്പൊടി ചേര്‍ത്താണ് പ്രതിപക്ഷം വിഷയം ഉന്നയിച്ചതും. എന്നാല്‍ ഇതിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ നാവിലെല്ലാം വികടസരസ്വതി കയറി.

ആദ്യം പിഴച്ചത് മുഖ്യമന്ത്രിക്കാണ്. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കൈയേറ്റം എന്നതിനു പകരം മുഖ്യന്‍ പറഞ്ഞത് ചപ്പാത്തിചോലയിലെ കൈയേറ്റം എന്ന്. ചപ്പാത്തിയെന്ന് ആരോ വിളിച്ച് പറഞ്ഞപ്പോള്‍ പറഞ്ഞത് ആവര്‍ത്തിച്ചു പിണറായി. പലപ്പോഴും നാക്ക് കുഴക്കിയ തിരുവഞ്ചൂരിന്റേതായിരുന്നു അടുത്ത ഊഴം. എം എം മണിക്കെതിരെ കത്തി കയറുന്നതിനിടെ തിരുവഞ്ചൂരിനെ കുഴപ്പിച്ചത് “പെമ്പിളൈ ഒരുമ”.
പെമ്പളൈ എന്നു പറയാന്‍ നന്നേ ബുദ്ധിമുട്ടിയ തിരുവഞ്ചൂരിനു പലതവണ പെ, പെണ്‍, പെമ്പൈ തുടങ്ങിയ വാക്കുകളില്‍ നാക്കുടക്കി. സഭയില്‍ ചിരി ശക്തമായതോടെ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ എമ്പളൈ ഒരുമയെന്നായി.
ഇതിന് പിന്നാലെയായിരുന്നു മുന്‍ധനമന്ത്രി കെ എം മാണിയുടെ രംഗപ്രവേശം. ചെന്നിത്തലയുടെ പ്രസംഗ ശേഷം മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോഴാണ് സഭയിലെ “പ്രത്യേക ബ്ലോക്ക്” ആയ മാണി വാക്കൗട്ട് പ്രസംഗത്തിന് അവസരം തേടിയത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ മന്ത്രി രാജിവെച്ചാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞാണ് മാണി തുടങ്ങിയത്. രണ്ടുമിനുട്ട് സംസാരിച്ച ശേഷം മന്ത്രി രാജിവെക്കാത്ത സാഹചര്യത്തില്‍ ഞാനും കേരളാകോണ്‍ഗ്രസ് പാര്‍ട്ടിയും രാജിവെക്കുകയാണെന്ന് മാണി പ്രഖ്യാപിച്ചു.
വാക്കൗട്ട് നടത്തുന്നുവെന്നതിന് പകരം രാജിവെക്കുന്നുവെന്ന് പറഞ്ഞത് കേട്ട് സഭയും ഗ്യാലറി ഒന്നാകെയും ചിരിച്ചു. താങ്കള്‍ രാജിവെക്കുകയാണോയെന്ന് സ്പീക്കര്‍ ചോദിച്ചതോടെയാണ് മാണിക്ക് അപകടം മണത്തത്. ഇതോടെ താനും പാര്‍ട്ടിയും രാജിവെക്കുന്നില്ലെന്നും വാക്കൗട്ട് നടത്തുകയാണെന്നും പറഞ്ഞ് മാണി സ്ഥലം വിട്ടു.

മണിയുടെ പരാമര്‍ശത്തില്‍ അസാധാരണത്വം പ്രകടമായതിനാല്‍ ചോദ്യോത്തരവേള തന്നെ നിര്‍ത്തിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അങ്ങനെയൊരു പതിവില്ലെന്ന് സ്പീക്കര്‍ ചട്ടം പിടിച്ചതോടെ വിഷയം ശൂന്യവേളയിലേക്ക് മാറ്റി. മന്ത്രിയുടെ രാജി മിനിമം ഡിമാന്‍ഡായി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചതോടെ ഒരിടത്തും എത്തില്ലെന്ന് ഉറപ്പായി. പിന്നെ നടുത്തളത്തിലായി കലാപരിപാടികള്‍. സഭ നിര്‍ത്തിവെച്ചെങ്കിലും സമവായമുണ്ടായില്ല. മണിയുടേത് നാടന്‍ ശൈലിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ്. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന സാധാരണക്കാരനായ തനിക്ക് നാടിന്റെ ഭാഷയേ അറിയൂവെന്ന് എം എം മണിയും. അതു പണ്ഡിതോചിതമായ ഭാഷയല്ല. ആ ഭാഷയില്‍ നന്മയുണ്ട്, ശുദ്ധിയുണ്ട്, മനുഷ്യസ്‌നേഹമുണ്ട്. അതിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. മനസ്സിന്റെ ഭാഷയാണ് ഞങ്ങള്‍ സംസാരിക്കാറ്. മനസ്സിലുള്ളത് മറച്ചുവെച്ച് മിനുക്കിതേച്ച വാക്കുകള്‍ കൊണ്ട് കൃത്രിമമായി സംസാരിക്കാറില്ല. പ്രൊഫസര്‍മാരുടെ ഭാഷയില്‍ തനിക്ക് സംസാരിക്കാനാകില്ല. നാടന്‍ ശൈലി വിട്ട് ഏതോ പ്രൊഫസര്‍ എഴുതി നല്‍കിയത് മണി സഭയില്‍ നോക്കി വായിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡ് 294 അനുസരിച്ച് മണിയെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കാവുന്നതാണെന്ന് രമേശ് ചെന്നിത്തലയുടെ ലോ പോയിന്റ് നല്‍കി. ഒരു സ്ത്രീക്ക് നിരുപദ്രവകരമായ ഒരു എസ് എം എസ് അയച്ചതിന് ഡബ്ല്യു ആര്‍ വരദരാജനെ ആത്മഹത്യയിലേക്ക് തള്ളി വിട്ട സി പി എം ഇപ്പോള്‍ മണിയെ സംരക്ഷിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. കാന്തലോട്ട് കുഞ്ഞമ്പു, വി ഈച്ചരന്‍, ഇമ്പിച്ചിബാവ തുടങ്ങിഔപചാരിക വിദ്യാഭ്യാസമില്ലാത്ത എത്രയോപേര്‍ ഇരുന്ന കസേരയിലാണ് മണിയും ഇരിക്കുന്നതെന്ന് ഓര്‍മിപ്പിച്ചാണ് രമേശ് അരങ്ങൊഴിഞ്ഞത്.