Connect with us

Editorial

പാര്‍ട്ടി ഫണ്ടിംഗ് സുതാര്യമാകണം

Published

|

Last Updated

ജനങ്ങളെ ഏറെ ദുരിതത്തിലും കഷ്ടപ്പാടിലുമാക്കിയ നോട്ട് നിരോധനം കൊണ്ടു വരുമ്പോള്‍ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഉന്മൂലനമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നത്. അത് നേടിയോ ഇല്ലയോ എന്നത് ഇന്നും അജ്ഞാതമാണ്. എന്നാല്‍ അതേ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനയുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയ ഭേദഗതി എല്ലാതരം കള്ളപ്പണത്തെയും പ്രോത്സാഹിപ്പിക്കുമെന്നുറപ്പാണ്. കോര്‍പറേറ്റ് കമ്പനികള്‍ അവസാന മൂന്നുവര്‍ഷത്തെ ലാഭ വിഹിതത്തിന്റെ 7. 5 ശതമാനം തുക മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ പാടുള്ളൂ എന്നായിരുന്നു വ്യവസ്ഥ. വന്‍ തുക നല്‍കുന്ന കമ്പനികളുടെ പേരു വിവരം രാഷ്ട്രീയ പാര്‍ട്ടികളും ഏതൊക്കെ പാര്‍ട്ടികള്‍ക്ക് നല്‍കിയെന്ന് കമ്പനികളും വെളിപ്പെടുത്തണമെന്നും ചട്ടമുണ്ടായിരുന്നു. ഇതു രണ്ടും എടുത്തുകളഞ്ഞിരിക്കുകയാണ് കേന്ദ്രം. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികള്‍ നല്‍കാവുന്ന സംഭാവനക്ക് പരിധിയില്ലാതായി. രാഷ്ട്രീയപാര്‍ട്ടികള്‍ വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.
ഇന്ത്യയുള്‍പ്പെടെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുടെയും പ്രധാന വരുമാന മാര്‍ഗം നികുതിയാണ്. എന്നാല്‍ കറന്‍സി വ്യവസ്ഥയില്‍ സാമ്പത്തിക ഇടപാടുകളില്‍ ഏറെയും അനൗദ്യോഗിക രേഖകളെയും ഉടമ്പടികളെയും ആധാരമാക്കിയാണ് നടക്കുന്നത്. സര്‍ക്കാര്‍ അറിവോടെയും ഔദ്യോഗിക നിരീക്ഷണത്തിലും നടക്കുന്ന ഇടപാടുകള്‍ തുലോം കുറവായിരിക്കും. ഇതുകാരണം വന്‍തോതില്‍ നികുതി ചോര്‍ച്ചയുണ്ടാകുന്നു. കറന്‍സി രഹിത വ്യവസ്ഥയില്‍ ഇടപാടുകളെല്ലാം ഔദ്യോഗിക നിരീക്ഷണത്തിലായിരിക്കുമെന്നതിനാല്‍ സര്‍ക്കാറിന് നികുതി വെട്ടിപ്പ് തടയാന്‍ സാധിക്കുമെന്ന കാഴ്ചപ്പാടാണ് ഇടപാടുകള്‍ ബേങ്കുകള്‍ വഴിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നായിരുന്നു ഔദ്യോഗിക കേന്ദ്രങ്ങളുടെ വിശദീകരണം. ഇതോടെ പണമിടപാടുകളില്‍ സുതാര്യത കൈവരുമെന്നും കള്ളപ്പണവും അഴിമതിയും തുടച്ചു നീക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ കമ്പനി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും കഴിഞ്ഞ ദിവസം വരുത്തിയ ഭേദഗതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവ് കൂടുതല്‍ ദുരൂഹമാക്കുകയും കോര്‍പറേറ്റ് പണം ഊരും പേരുമില്ലാതെ പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തോതില്‍ ഒഴുകാന്‍ വഴിയൊരുക്കുകയും ചെയ്യും.
അഴിമതിയുടെ വ്യാപനത്തിനും നികുതി വെട്ടിപ്പിനും ചോര്‍ച്ചക്കും പ്രധാന കാരണം രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും തമ്മിലുള്ള അവിഹിത ബന്ധമാണെന്നത് നിസ്തര്‍ക്കിതമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് മുന്‍കാലങ്ങളെ അപേക്ഷിച്ചു ഭീമമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ പിരിച്ച സംഭാവനകളില്‍ അഞ്ചിരട്ടി വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് 2014ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. കോര്‍പറേറ്റുകളും അതിസമ്പന്നരുമാണ് പാര്‍ട്ടികളുടെ ഫണ്ടിന്റെ പ്രധാന ഉറവിടം. കോര്‍പറേറ്റ്- രാഷ്ട്രീയ കൂട്ടുകെട്ട് ജനാധിപത്യത്തിനേല്‍പ്പിക്കുന്ന ആഘാതം മനസ്സിലാക്കി കോര്‍പറേറ്റ് സംഭാവനകള്‍ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയും ചെയ്യുന്നതിനിടെയാണിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന കൂടുതല്‍ ദൂരൂഹമാക്കുന്ന നിയമ ഭേദഗതിയുണ്ടായത്. കോര്‍പറേറ്റുകളുമായി കൂടുതല്‍ അടുപ്പമുളള ബി ജെ പിക്കായിരിക്കും ഭേദഗതി കൂടുതല്‍ ഗുണം ചെയ്യുക. നേരാംവണ്ണം രേഖകളിലൂടെ ലഭിക്കുകയും നിയമാനുസൃതം ചെലവഴിക്കുകയും ചെയ്യുന്ന തുകയില്‍ കോര്‍പറേറ്റ് സംഭാവനകളുടെ സംഖ്യ പരമാവധി കുറച്ചു കാണിച്ചു ബാക്കി കളികള്‍ക്കെല്ലാം കള്ളപ്പണത്തെ ആശ്രയിക്കുന്ന രാഷ്ട്രീയ രംഗത്തെ ദുഷിച്ച പ്രവണത ഇതോടെ ശക്തിപ്പെടുകയും കള്ളപ്പണക്കാര്‍ വിഹരിക്കാനുള്ള രംഗമായി രാഷ്ട്രീയം മാറുകയും ചെയ്യും.
പാര്‍ട്ടികളുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായോ, ജനങ്ങളോടോ ജനകീയ പ്രശ്‌നങ്ങളോടോ ഉള്ള പ്രതിബദ്ധത കൊണ്ടോ അല്ല കോര്‍പറേറ്റുകള്‍ പിരിവ് നല്‍കുന്നത്. പണമെറിഞ്ഞ് പണം കൊയ്യുക എന്ന ബിസിനസ് തന്ത്രമാണ് ഇതിന്റെ പിന്നിലെ താത്പര്യം. തങ്ങള്‍ സഹായിച്ചവരെ സ്വാധീനിച്ചു ചെലവിട്ടതിന്റെ അനേക മടങ്ങ് തിരിച്ചു പിടിക്കാമെന്നതാണ് അവരുടെ ലക്ഷ്യം. ഇത് കോര്‍പറേറ്റ് മേധാവികളുടെ നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും അഴിമതികള്‍ക്കും നേരെ കണ്ണടക്കാനും അവരുടെ നികുതികള്‍ എഴുതിത്തള്ളാനും രാഷ്ട്രീയ നേതൃത്വങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്. തുച്ഛമായ തുക കുടിശ്ശിക വരുത്തിയതിന് ബേങ്കുകള്‍ സാധാരണക്കാരന്റെ ചങ്കിന് പിടിക്കുമ്പോള്‍ വമ്പന്മാരുടെ സഹസ്ര കോടികള്‍ വരുന്ന കുടിശ്ശികക്ക് നേരെ നിസ്സംഗത പാലിക്കുന്നതിന്റെയും വര്‍ഷാവര്‍ഷം എഴുതിത്തള്ളുന്നതിന്റെയും രഹസ്യവും മറ്റൊന്നല്ല.
രാഷ്ട്രീയപാര്‍ട്ടികളുടെ ഫണ്ടിംഗ് സുതാര്യമാക്കണമെന്ന് പ്രധാനമന്ത്രി ഇടക്കിടെ പറയാറുണ്ട്. എന്നാല്‍ നിയമ ഭേദഗതി നിയമ വിധേയമല്ലാത്ത ഫണ്ടിംഗിന് കുടുതല്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. പൊതുസമൂഹത്തിന് ഒരു നിയമം; രാഷ്ട്രീയക്കാര്‍ക്ക് മറ്റൊരു നിയമമെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് കടക വിരുദ്ധമാണ്. നിയമങ്ങളും ചട്ടങ്ങളും കുറ്റമറ്റതാക്കി ദുര്‍വിനിയോഗത്തിന്റെ പഴുതുകള്‍ പരമാവധി അടയ്ക്കുകയാണ് ഇന്നാവശ്യം.

Latest