Connect with us

International

പാക്കിസ്ഥാനുമായി സൈനിക സഹകരണം ശക്തമാക്കാന്‍ ചൈന

Published

|

Last Updated

ബീജിംഗ്: എക്കാലത്തേയും സുഹൃത്തായ പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കാന്‍ ചൈന പദ്ധതിയിടുന്നു. ബാലസ്റ്റിക് മിസൈല്‍, ക്രൂയിസ് മിസൈല്‍, വിവിധോദ്ദേശ്യ പോര്‍വിമാനങ്ങള്‍ എന്നിവയുടെ നിര്‍മാണം സംബന്ധിച്ച് പാക്കിസ്ഥാനിലെ പുതിയ സൈനിക തലവന്‍ ഉന്നത ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പാക് സൈനിക തലവനായി സ്ഥാനമേറ്റ ശേഷം ജനറല്‍ ഖമര്‍ ജവേദ് ബജ്‌വ നടത്തിയ ആദ്യ ചൈന സന്ദര്‍ശനത്തില്‍ ചൈനീസ് സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ കീഴിലുള്ള ജോയിന്റ് സ്റ്റാഫ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ജനറല്‍ ഫാങ് ഫെന്‍ഗുയിയുമായി ചര്‍ച്ച നടത്തി.

ചൈനീസ് ഉപ പ്രധാനമന്ത്രി സഹാങ് ഗഓലി, സന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജനറല്‍ ഫാന്‍ ചാങ്‌ലോംഗ്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ജനറല്‍ ലി സുഹോചെങ് എന്നിവരുമായും മേഖലയിലെ സുരക്ഷ, സാമ്പത്തിക പ്രതിരോധ സഹകരണം ഉഭയകക്ഷി താത്പര്യമുള്ള മറ്റ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൈനിക കൈമാറ്റങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി പി എല്‍ എ റോക്കറ്റ് സേനയിലെ വിദഗ്ധന്‍ സോങ് സോംഗ്പിംഗ് ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു.

 

Latest