Connect with us

Articles

ദരിദ്രപക്ഷത്തുനിന്നൊരു ബജറ്റ്

Published

|

Last Updated

2017-18 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ഡോ. തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റ് ഇടതുപക്ഷ ബദല്‍ സമീപനങ്ങളില്‍ ഊന്നുന്നതായി. സമസ്ത സേവനമേഖലകളില്‍ നിന്നും ക്ഷേമപദ്ധതികളില്‍ നിന്നും പിന്മാറുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധവും ബദല്‍ പരിപ്രേക്ഷ്യവുമാണ് ബജറ്റിന്റെ മുഖമുദ്ര. സാമൂഹിക ക്ഷേമപദ്ധതികളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഉത്പാദനമേഖലയിലും പശ്ചാത്തല സൗകര്യമേഖലയിലും വലിയ തോതിലുള്ള നിക്ഷേപ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി അതിന്റെ മാനിഫെസ്റ്റോവിലൂടെ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ 35 കര്‍മ്മപദ്ധതികളും ബജറ്റ് നിര്‍ദേശങ്ങളിലൂടെ നടപ്പാക്കാന്‍ തുടക്കം കുറിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഡോ. ഐസകിന്റെ ബജറ്റിന്റെ സവിശേഷത ദുര്‍ബലവിഭാഗങ്ങളോടുള്ള പക്ഷപാതിത്വവും അവരുടെ ക്ഷേമത്തിനുള്ള പദ്ധതി നിര്‍ദേശങ്ങളുമാണ്. കേരള സമൂഹം നേടിയ ജീവിതഗുണനിലവാരത്തിന്റെയും വികസനത്തിന്റെയും പൊതുധാരയിലെത്താത്ത ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമത്തിലും പുരോഗതിയിലും ഊന്നിനില്‍ക്കുന്ന നിരവധി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിന് 3351 കോടി രൂപയാണ് വകയിരുത്തിയത്. പട്ടികജാതിക്കാര്‍ക്കായുള്ള പ്രതേ്യക ഘടകപദ്ധതിക്ക് 2600 കോടി രൂപയും പട്ടിക വര്‍ഗത്തിനായുള്ള പദ്ധതികള്‍ക്ക് 751 കോടി രൂപയും. ജനസംഖ്യയില്‍ 9.1 ശതമാനം വരുന്ന പട്ടികജാതിക്കാര്‍ക്ക് മൊത്തം പദ്ധതി അടങ്കലിന്റെ 9.81 ശതമാനം വകയിരുത്തുന്നുവെന്നത് ഈ ബജറ്റിന്റെ ദളിത് പക്ഷപാതിത്വം വ്യക്തമാക്കുന്നതാണ്. ജനസംഖ്യയില്‍ 1.45 ശതമാനം വരുന്ന പട്ടികവര്‍ഗക്കാര്‍ക്ക് 2.83 ശതമാനവും വകയിരുത്തി. ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലായി പട്ടികജാതിക്കാര്‍ക്ക് 188 കോടി രൂപയും പട്ടികവര്‍ഗക്കാര്‍ക്ക് 366 കോടി രൂപയും വകയിരുത്തി.
തദ്ദേശഭരണസ്ഥാപനങ്ങള്‍ വഴിയാണ് ഈ പണം ചെലവഴിക്കുക. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നേരിട്ട് ആസൂത്രണ പ്രക്രിയയില്‍ പങ്കാളിയാകാനും തങ്ങളുടെ ആഗ്രഹപ്രകാരം പദ്ധതിക്ക് രൂപം നല്‍കാനും അവസരം ഉണ്ടാകും. ഊരുകൂട്ട തീരുമാനത്തെ മറികടക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടാവില്ല. ഇതിനര്‍ഥം പ്രാദേശിക ആസൂത്രണത്തില്‍ പട്ടികവര്‍ഗക്കാര്‍ക്ക് സംഘടിതമായി ഇടപെടാന്‍ കഴിയുമെന്നതാണ്. ഭൂമിക്കും പാര്‍പ്പിടത്തിനുമാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്.
പട്ടികജാതി പദ്ധതിയില്‍ ഭൂമിവാങ്ങുന്നതിന് 150 കോടി രൂപയും ഭവനനിര്‍മ്മാണത്തിന് 500 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ആവാസ് യോജനയുടെ ഭാഗമായ 60 കോടി രൂപ കൂടി ഇതില്‍ കൂടുതലായി ചേര്‍ക്കും. ആദിവാസി പദ്ധതിയില്‍ പാര്‍പ്പിടത്തിന് 115 കോടി രൂപയും ഭൂരഹിത ആദിവാസികളെ പുനരധിവാസിപ്പിക്കാന്‍ 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കിക്കഴിഞ്ഞാല്‍ വിദ്യാര്‍ഥികളുള്ള വീട്ടില്‍ അധികമായൊരു പഠനമുറികൂടി നിര്‍മിക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ വിദ്യാഭ്യാസത്തിനായി ടി എസ് പിയില്‍ 112 കോടി രൂപയും എസ് സി പിയില്‍ 459 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ധനസഹായവും നല്‍കാനാണ് ഈ തുക വിനിയോഗിക്കുക. മോഡല്‍ റസിഡന്‍സ് സ്‌കൂളുകള്‍, പോസ്റ്റ് മെട്രിക് പ്രീമെട്രിക് ഹോസ്റ്റലുകള്‍ ഇവയുടെ നവീകരണ പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലുമുണ്ട്.

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ്സുകഴിഞ്ഞ ആദായനികുതി പരിധിയില്‍ വരാത്ത എല്ലാവര്‍ക്കും സാമൂഹിക സുരക്ഷാപെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1100 രൂപയായി വര്‍ധിപ്പിച്ചു. ഭവനരഹിതരായവര്‍ക്ക് ഒരു ലക്ഷം വീട് നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതിയും മുന്നോട്ടുവെച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍ക്കായി 1699 കോടി രൂപയാണ് വകയിരിത്തിയിട്ടുള്ളത്. വന്‍കിട പഞ്ചനക്ഷത്ര ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കാനുള്ള ആരോഗ്യ പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സൗജന്യ മരുന്നു നല്‍കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയവമാറ്റം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള മരുന്ന് 10 ശതമാനം വിലക്ക് നല്‍കും. കുഷ്ഠം, മന്ത് തുടങ്ങിയ രോഗങ്ങളുടെ സമ്പൂര്‍ണ നിവാരണ പദ്ധതി മുന്നോട്ടുവെച്ചിട്ടുണ്ട്.

രോഗികള്‍ക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. താലൂക്ക്, ജില്ലാ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ ജീവനക്കാരുടെ തസ്തികയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തില്‍ അഞ്ച് ശതമാനം സംവരണവും ജോലിക്ക് നാല് ശതമാനം സംവരണവും നല്‍കും. ബുദ്ധിവൈകല്യവും അന്ധതയും ചലനശേഷിയുമില്ലാത്തവര്‍ക്കും കുഷ്ഠരോഗ വിമുക്തര്‍ക്കും രണ്ട് ലക്ഷം രൂപക്കുള്ള സ്വാവലംബം ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ശിശുക്ഷേമത്തിന് 1621 കോടി വകയിരുത്തിയിട്ടുണ്ട്. സ്ത്രീസുരക്ഷക്ക് അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും ബജറ്റില്‍ പ്രതേ്യക പദ്ധതികള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest