Connect with us

Gulf

ഇന്റര്‍നാഷനല്‍ ഓയില്‍ ഡിപ്ലോമസി മാന്‍ അവാര്‍ഡ് അല്‍ സാദക്ക്‌

Published

|

Last Updated

ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദ

ദോഹ: എനര്‍ജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അന്താരാഷ്ട്ര പെട്രോളിയം വാരത്തില്‍ ഖത്വര്‍ ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദക്ക് “ഇന്റര്‍നാഷനല്‍ ഓയില്‍ ഡിപ്ലോമസി മാന്‍ ഓഫ് ദി ഇയര്‍ 2016” അവാര്‍ഡ് സമ്മാനിക്കും. ലണ്ടനില്‍ ഈ മാസം 22ന് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം നല്‍കുക. ആഗോള ഇന്ധന വിതരണം കുറക്കാനുള്ള വിയന്ന കരാറുകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞ വര്‍ഷം അല്‍ സാദ നടത്തിയ നേതൃപരമായ ഇടപെടലുകളാണ് അവാര്‍ഡിനര്‍ഹനാക്കിയത്. സഹകരണത്തിലും പങ്കാളിത്തത്തിലും പൊതുലക്ഷ്യം കണ്ടെത്താന്‍ ലോകത്തെ മുന്‍നിര എണ്ണയുത്പാദക രാഷ്ട്രങ്ങളെ എത്തിക്കുന്നതില്‍ ഖത്വര്‍ വഹിച്ച പങ്കിനുള്ള അംഗീകാരം കൂടിയാണിത്.

എണ്ണ വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന അവസരത്തില്‍ എണ്ണയുത്പാദനം കുറക്കാന്‍ ഒപെക്- ഒപെകിതര രാഷ്ട്രങ്ങളെ ചരിത്രപരമായ കരാറിലെത്തിക്കാന്‍ മാതൃകായോഗ്യമായ ദര്‍ശനവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ച് ഒപെക് സമ്മേളനത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ ഡോ. അല്‍ സാദ ചരിത്രം സൃഷ്ടിച്ചുവെന്ന് എനര്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് കിംഗ്ഹാം പറഞ്ഞു. അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ ഡോ. അല്‍ സാദയാണ് മുഖ്യപ്രഭാഷകന്‍. അവാര്‍ഡിന് അര്‍ഹനായതില്‍ സന്തോഷമുണ്ടെന്നും വിയന്ന കരാറുകള്‍ സംരക്ഷിക്കുന്നതില്‍ ഖത്വര്‍ നിര്‍വഹിച്ച പ്രധാന പങ്കിനുള്ള അംഗീകാരമാണ് ഇതെന്നും ഡോ. അല്‍ സാദ പ്രതികരിച്ചു. രണ്ട് വിയന്ന കരാറുകളും പൂര്‍ണമായി ഫലം കണ്ടുവെന്ന വാര്‍ത്തകളാണ് ഒപെക്, ഒപെകിതര രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നത്. പ്രതിദിനം 18 ലക്ഷം ബാരല്‍ കുറക്കണമെന്നതില്‍ 15 ലക്ഷവും നിലവില്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കരാര്‍ ആറ് മാസത്തേക്കാണ്. കഴിഞ്ഞ വര്‍ഷം ഈ സമയം ബാരലിന് 30 ഡോളറില്‍ താഴെയായിരുന്ന എണ്ണ വില കരാര്‍ വന്ന ശേഷം 55 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പൊതുതാത്പര്യ പ്രകാരം ആറ് മാസം കൂടി നീട്ടാം. ഏറ്റവും വലിയ റോയല്‍ ചാര്‍ട്ടര്‍ അന്താരാഷ്ട്ര പ്രൊഫഷനല്‍ അംഗത്വമുള്ള സംഘടനയാണ് എനര്‍ജി ഇന്‍സ്റ്റിറ്റിയൂട്ട്. എലിസബത്ത് രാജ്ഞിയാണ് കാര്യദര്‍ശി. അന്താരാഷ്ട്ര പെട്രോളിയം വാരത്തില്‍ പ്രധാന അന്താരാഷ്ട്ര എണ്ണ, വാതക പരിപാടികള്‍ നടക്കും. മുതിര്‍ന്ന നേതാക്കളും നയരൂപവത്കരണ വിദഗ്ധരും അക്കാദമിക് വിചക്ഷണരും പങ്കെടുക്കും.