Connect with us

Ongoing News

കലോത്സവ വേദിയിലെ പൊന്‍തിളക്കവുമായി മര്‍കസ് വിദ്യാര്‍ഥികള്‍

Published

|

Last Updated

കണ്ണൂര്‍: കലോത്സവ വേദിയില്‍ വീണ്ടും പൊന്‍തിളക്കവുമായി കാശ്മീര്‍. ഉറുദു കഥാ- കവിത രചന, പ്രസംഗം എന്നീ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് കാശ്മീരില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട് കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മഹ്മൂദ് അഹ്മദ്, അഫ്‌സാന്‍ ഉസൈന്‍ ഷാ, അസ്‌റാര്‍ അഹ്മദ് ഭട്ട് എന്നീ വിദ്യാര്‍ഥികളാണ് എ ഗ്രേഡോടെ വിജയം കരസ്ഥമാക്കിയത്.
മര്‍കസിലെ ഒമ്പതാം തരം വിദ്യാര്‍ഥിയായ മഹമൂദ് അഹ്മദ് ഹൈസ്‌ക്കൂള്‍ വിഭാഗം ഉറുദു പ്രസംഗത്തിലും പത്താം തരം വിദ്യാര്‍ഥിയായ അഫ്ഷാന്‍ ഉസൈന്‍ ഷാ ഹൈസ്‌ക്കൂള്‍ വിഭാഗം കഥാരചനയിലും എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം തന്നെ സ്വന്തമാക്കി.
എട്ടാം തരത്തില്‍ പഠിക്കുന്ന അസ്‌റാര്‍ അഹ്മദ് ഹൈസ്‌കൂള്‍ വിഭാഗം കവിതാരചനയിലുമാണ് പങ്കെടുത്തത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഉറുദു ഇനത്തില്‍ കലോത്സവ വേദിയില്‍ സ്ഥിരം സാന്നിധ്യമാണ് മര്‍കസിലെ വിദ്യാര്‍ഥികള്‍. അസ്‌റാര്‍ അഹ്മദ് ഉപരിപഠനത്തിനായി മര്‍കസ് വഴി കേരളത്തിലെത്തിയിട്ട് നാല് വര്‍ഷമായി. യു പി വിഭാഗം മുതല്‍ ഉറുദു കവിതാ രചനാ മത്സരത്തിലും മറ്റും അസ്‌റാര്‍ മത്സരിച്ച് വിജയം നേടിയിരുന്നു. അഫ്‌സാന്‍ ഉസൈന്‍ഷാ മൂന്ന് വര്‍ഷം മുമ്പ് ജമ്മു കാശ്മീറിലെ സൂരംഖ് കോട്ടില്‍ നിന്നും മഹമൂദ് അഹമദ് അഞ്ച് വര്‍ഷം മുമ്പ് പൂഞ്ചില്‍ നിന്നുമാണ് മര്‍കസിലെത്തിയത്.
വര്‍ഷങ്ങളായി ഉറുദു വിഭാഗത്തില്‍ പി കെ സി മുഹമ്മദ് മാഷാണ് പരിശീലനം നല്‍കി വരുന്നത്. സംസ്ഥാന കലോത്സത്തിലേക്ക് നിരവധി വിദ്യാര്‍ഥികളെ മാഷ് സംഭാവന ചെയ്തിട്ടുണ്ട്. കാശ്മീര്‍ സ്വദേശികളായ ഇവര്‍ക്ക് കേരളം ഇപ്പോള്‍ സ്വന്തം നാടിന് തുല്യം തന്നെയാണ്. തങ്ങളുടെ കഴിവുകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന അംഗീകാരം ഒരുപാട് സന്തോഷവും പ്രചോദനവും നല്‍കുന്നുവെന്ന് പാതി മലയാളത്തില്‍ ഇവര്‍ പറഞ്ഞു.