Connect with us

Kerala

ഹജ്ജ് അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്കുള്ള ഫോറം വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒമ്പത് മണിക്ക് സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി കെ ടി ജലീല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍വഹിക്കും. അപേക്ഷാ സ്വീകരണവും ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെ അപേക്ഷ വിതരണം നടക്കും. 24 തന്നെയാണ് പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതിയും. അപേക്ഷ ഓണ്‍ലൈന്‍ ആയും സമര്‍പ്പിക്കാവുന്നതാണ്.
എഴുപത് വയസ്സ് പൂര്‍ത്തിയായ അപേക്ഷകര്‍ക്ക് ഒരു സഹായിയെ കൂടെ കൊണ്ടുപോകാവുന്നതാണ്. കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട ഇവരും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ച ബി കാറ്റഗറിയില്‍പ്പെട്ടവരും അപേക്ഷയോടൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടും എഴുപത് ശതമാനം മുഖം വെളുത്ത പ്രതലത്തോട് കൂടിയ ഫോട്ടോയും സമര്‍പ്പിക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും പത്ത് മണിക്കും മൂന്ന് മണിക്കുമിടയില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ പാസ്‌പോര്‍ട്ട് സ്വീകരിക്കും. അതേ സമയം തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ല. ഇവര്‍ അവസരം ലഭിച്ചാല്‍ മാത്രം പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകും.
കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ക്വാട്ടയുടെ ലഭ്യതയനുസരിച്ചായിരിക്കും ഇവര്‍ക്ക് അവസരം ലഭിക്കുക. കാറ്റഗറി എ, ബി വിഭാഗങ്ങള്‍ക്ക് അവസരം നല്‍കി ശേഷിക്കുന്ന സീറ്റിലേക്ക് തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തും.

Latest