Connect with us

Malappuram

ഫൈസല്‍വധം; മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പോസ്റ്റര്‍, പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധം

Published

|

Last Updated

ഫൈസല്‍ കൊടിഞ്ഞി

തിരൂരങ്ങാടി: നന്നമ്പ്ര വെള്ളിയാമ്പുറത്ത് മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധം. കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസലിന്റെ വധവുമായി ബന്ധപ്പെട്ടാണ് വെള്ളിയാമ്പുറത്ത് സംഘ്പരിവാറിന്റെ നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മുസ്‌ലിം സമൂഹത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റര്‍. ഇസ്‌ലാം മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ കൊടിഞ്ഞിയിലെ ഫൈസലിനെ ഇരുളിന്റെ മറവില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനകള്‍ നടന്നത് വെള്ളിയാമ്പുറത്തെ ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ഒരു സ്‌കൂളിലാണ്. സമൂഹ മനസാക്ഷിയെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നിട്ടും കൊടിഞ്ഞി വെള്ളിയാമ്പുറം ഭാഗത്ത് ഹിന്ദു മുസ്‌ലിം സൗഹാര്‍ദത്തിന് ഇതുവരേയും ഒരു പോറലും സംഭവിച്ചിട്ടില്ല. എന്നിരിക്കെ ഈ ഭാഗത്തെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതിന് സംഘ്പരിവാര്‍ കിണഞ്ഞു പരിശ്രമിക്കുന്നു എന്നതാണ് ഈ പോസ്റ്റര്‍ തെളിയിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാവാത്തതില്‍ പരക്കെ അമര്‍ഷമുണ്ട്. നേരിട്ടും ഫോണിലൂടെയും പലരും പോസ്റ്റര്‍ വിവരം പോലീസിനെ അറിയിച്ചതാണ്. ഫൈസലിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്ന സ്‌കൂളിനെതിരെയും പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതിലും ദുരൂഹത നിലനില്‍ക്കുകയാണ്. താനൂര്‍ പോലീസിന്റെ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍കമ്മിറ്റി.

 

Latest