Connect with us

National

13000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയയാള്‍ പിടിയില്‍; പണം തന്റേതല്ലെന്ന് മൊഴി

Published

|

Last Updated

mahesh-sha

മഹേഷ് ഷാ ഇടിവി ഒാഫീസിൽ

അഹമ്മദാബാദ്: 13000 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ അഹമ്മദാബാദിലെ ബിസിനസുകാരനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് സ്വദേശി മഷേഷ് ഷാ എന്ന 45കാരനാണ് പിടിയിലായത്. ഇയാളെ കഴിഞ്ഞ 15 ദിവസമായി കാണ്‍മാനില്ലായിരുന്നു. തുടർന്ന് ശനിയാഴ്ച വെെകീട്ട് ഒരു ചാനൽ ഒാഫീസിൽ പ്രത്യക്ഷപ്പെട്ട ഇയാൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു അറസ്റ്റ്.

അതേസമയം, താന്‍ വെളിപ്പെടുത്തിയ പണം തന്റേതല്ലെന്നും രാഷ്ട്രീയക്കാരുടെയും വൻവ്യവസായികളുടെയുമാണെന്നും ഇയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് താന്‍ ഇത് ഏറ്റെടുത്തതെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്നും മഹേഷ് ഷാ പറഞ്ഞു. പണം ആരുടേതൊക്കെയാണെന്ന് ആദായ നികുതി അധികൃതരോട് വെളിപ്പെടുത്തുമെന്നും ഇയാള്‍ വ്യക്തമാക്കി. ഇ ടി വി ചാനലിന്റെ ഓഫീസില്‍ നാടകീയമായി കയറിച്ചെന്നാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. താന്‍ എവിടേക്കും ഒളിച്ചോടി പോയിട്ടില്ലെന്നും ചില കാരണങ്ങളാല്‍ മീഡിയയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നുവെന്നും മഹേഷ് ഷാ പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവ് പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ അനധികൃത സ്വത്തുക്കള്‍ വെളിപ്പെടുത്തിയത്. നവംബര്‍ 30ന് മുമ്പായി ഈ തുകയുടെ 25 ശതമാനം നികുതി അടച്ച് സ്വത്തുക്കള്‍ നിയമവിധേയമാക്കാന്‍ ഇയാള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മുമ്പ് തന്നെ ഇയാള്‍ അപ്രത്യക്ഷനാകുകയായിരുന്നു. തുടര്‍ന്ന് പണം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

മഹേഷ് ഷായുടെ ഓഫീസിലും വീട്ടിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഇയാളെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ 15 ദിവസമായി അദ്ദേഹം വീടുമായി ബന്ധപ്പെട്ടിട്ടെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഇയാളുടെ മകന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. മഹേഷിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് തെഹ്മുല്‍ സേത്‌നയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. മഹേഷ് ഷായുടെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് തെഹ്മുല്‍ അധികൃതരോട് പറഞ്ഞത്.

Latest