Connect with us

Articles

നിര്‍ദ്ദേശക തത്വങ്ങളും ഏകസിവില്‍ നിയമവും

Published

|

Last Updated

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം തേടി 16 ചോദ്യങ്ങളാണ് കേന്ദ്ര നിയമ കമ്മീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളതും. വ്യക്തി നിയമത്തില്‍ മുസ്‌ലിംകള്‍ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തതോടെ ഏക സിവില്‍ കോഡ് പ്രശ്‌നം രാജ്യത്ത് ഏറ്റവും ഗൗരവമുള്ള പ്രശ്‌നമായി ഉയര്‍ന്നു വരികയും ചെയ്തിരിക്കുകയാണ്.
ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങളുടെ ഭാഗമായ 44-ാം അനുച്ഛേദത്തിലാണ് ഏകീകൃത സിവില്‍ കോഡ് നിര്‍ദേശമുള്ളത്. ഭരണഘടനയിലെ ഈ മാര്‍ഗനിര്‍ദേശകതത്വം നടപ്പിലാക്കാന്‍ ഇതുവരെ ഒരു സര്‍ക്കാറും മുന്നോട്ട് വന്നിട്ടില്ല. മതപരവും ആചാരപരവുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതില്‍ ഉള്ളതാണ് കാരണം.വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ വിവിധ മതവിഭാഗങ്ങള്‍ വ്യത്യസ്ഥ നിയമങ്ങളും കീഴ്‌വഴക്കങ്ങളുമാണ് പിന്തുടരുന്നത്. അവയിലേക്ക് രാജ്യം കടന്നു കയറുന്നത് മതവിശ്വാസത്തിലേക്കുള്ള ഇടപെടലായാണ് വിവിധ സമുദായങ്ങള്‍ കാണുന്നത്.
നമ്മുടെ ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള വകുപ്പുകള്‍ മതസ്വാതന്ത്ര്യം ഉച്ഛൈസ്തരം പ്രഖ്യാപിക്കുന്നവയാണ്. ഈ വകുപ്പുകളില്‍ വ്യവസ്ഥ ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കാകെ പൂര്‍ണ സംതൃപ്തി ഉണ്ടാക്കുന്നവയുമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ എല്ലാ പൗരന്‍മാര്‍ക്കും വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നേടിക്കൊടുക്കല്‍ മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. മതസ്വാതന്ത്ര്യത്തില്‍ പ്രധാനപ്പെട്ട ആര്‍ട്ടിക്കിള്‍ 25 ല്‍ പറയുന്നത് ഇപ്രകാരമാണ്: പൊതുസമാധാനത്തിനും സാന്മാര്‍ഗീകതക്കും ആരോഗ്യത്തിനും, ഈ ഭാഗത്തിലെ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായും എല്ലാ ആളുകള്‍ക്കും മനസ്വാക്ഷി സ്വാന്ത്ര്യത്തിനും, മതം സ്വതന്ത്രമായി വിശ്വസിക്കുന്നതിനും, ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരു പോലെ അവകാശം ഉണ്ടായിരിക്കുന്നതാണ്.
ആര്‍ട്ടിക്കിള്‍ 26: പൊതുസമാധാനത്തിനും സാന്മാര്‍ഗിതക്കും ആരോഗ്യത്തിനും വിധേയമായി ഒരു മത വിഭാഗത്തിന് അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗത്തിന്
എ) മതപരവും ധര്‍മപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും;
ബി) മതപരമായ വിഷയങ്ങളില്‍ അതിന്റേതായ കാര്യങ്ങള്‍ നടത്തുന്നതിനും;
സി) സ്ഥാപര വസ്തുവും ജംഗമവസ്തുവും ഉടമയില്‍ വയ്ക്കുന്നതിനും ആര്‍ജ്ജിക്കുന്നതിനും;
ഡി) നിയമാനുസൃതമായി അങ്ങനെയുള്ള വസ്തുവിന്റെ ഭരണം നടത്തുന്നതിനും അവകാശമുണ്ടായിരിക്കുന്നതുമാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ രാഷ്ട്ര നയ നിര്‍ദ്ദേശക തത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് നാലാം ഭാഗം. നമ്മുടെ ഭരണഘടന നിര്‍മാതാക്കള്‍ക്ക് ഐറിഷ് റിപ്പബ്ലിക്കന്‍ ഭരണഘടനയില്‍ നിന്നാണ് ഈ നിര്‍ദേശക തത്വങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രചോദനം ലഭിച്ചത്. നിര്‍ദേശകതത്വങ്ങള്‍ നമ്മുടെ ഭരണാധികാരികള്‍ക്കുള്ള ഭരണഘടനയുടെ വഴികാട്ടിയാണ്. പ്രധാനപ്പെട്ട നിര്‍ദ്ദേശക തത്വങ്ങള്‍ ഇവയാണ്: തൊഴില്‍ ചെയ്യുന്നതിനും വിദ്യ അഭ്യസിപ്പിക്കുന്നതിനുമുള്ള അവകാശവും, തൊഴിലില്ലായ്മ, വാര്‍ധക്യം, രോഗം, മുതലായവക്ക് സഹായം ലഭിക്കുന്നതിനുമുള്ള അവകാശവും ഉറപ്പാക്കുക. (ആര്‍ട്ടിക്കിള്‍ 41).
ജനങ്ങള്‍ക്ക് തൊഴില്‍ ചെയ്ത് ജീവിക്കാന്‍ മതിയായ വേതനം, മെച്ചപ്പെട്ട ജീവിതത്തോത്്, വിശ്രമം, സാമൂഹികവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ക്കുള്ള അവസരങ്ങള്‍ എന്നിവ നേടികൊടുക്കുക. കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക (ആര്‍ട്ടിക്കിള്‍ 43)
വ്യവസായ മാനേജ്‌മെന്റുകളില്‍ തൊഴിലാളികള്‍ക്ക് പങ്കാളിത്തം ഉറപ്പുവരുത്തുക. (ആര്‍ട്ടിക്കിള്‍ 43. എ)
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും, ലഹരി പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും, ഉപയോഗം തടയുകയും ചെയ്യുക. (ആര്‍ട്ടിക്കിള്‍ 47)
ഈ മുഖ്യ നിര്‍ദേശകതത്വങ്ങള്‍ പ്രായോഗികമാക്കാനുള്ള ചില നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊണ്ടു വരികയാണ്. എന്നാല്‍ ഇപ്പോഴും ഒരു സംസ്ഥാനത്തും ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നിര്‍ദേശകതത്വങ്ങളാകെ നടപ്പിലാക്കുന്നതിനുള്ള കാര്യമായ നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍ കോഡ് മാത്രം നടപ്പിലാക്കുന്നതിന് കാട്ടുന്ന ധൃതി സംശയാസ്പദവുമാണ്. നിര്‍ദേശകതത്വങ്ങളില്‍ ഏകീകൃത സിവില്‍ നിയമം മാത്രം നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ധൃതി കാണിക്കുന്നതില്‍ യാതൊരു അര്‍ഥവും ഇല്ല. നിര്‍ദേശക തത്വങ്ങള്‍ ആകെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂനിഫോം സിവില്‍കോഡ് നടപ്പിലാക്കണമെന്ന് പറഞ്ഞാല്‍ അക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ട്.
നിര്‍ദേശകതത്വങ്ങളില്‍ ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 44 ല്‍ പറയുന്നത് ഇപ്രകാരമാണ്: “രാജ്യത്തിനാകമാനം ബാധകമായ ഒരു സിവില്‍ നിയമസംഹിത നിര്‍മിക്കുക.”
ഇന്ത്യയില്‍ ഓരോ മതത്തിനും അവരവരുടേതായ നിയമങ്ങള്‍ ഉള്ളതിനാല്‍ ഏകീകൃത നിയമം പാസ്സാക്കുക എന്നത് ലഘുവായ ഒരു നടപടിയല്ല. വളരെ ആലോചിച്ചും വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷവും മാത്രമേ ഒരു നടപടിയിലേക്ക് പോകാന്‍ കഴിയുകയുള്ളു. ഹിന്ദുകോഡിലെ ഹിന്ദു മാര്യേജ് ആക്ട് (1955), ഹിന്ദു സക്‌സെഷല്‍ ആക്ട് (1956) എന്നിവ പാസ്സാക്കിയപ്പോഴും ഹിന്ദു മതമൗലിവാദികളില്‍ നിന്നു ശക്തമായ എതിര്‍പ്പുണ്ടായിട്ടുണ്ട്. പിതാവിന്റെ സ്വത്തില്‍ മകനോടൊപ്പം ഭാര്യക്കും മകള്‍ക്കും തുല്യ അവകാശം നല്‍കുക, വിവാഹ മോചനം നടത്തുമ്പോള്‍ സ്ത്രീക്ക് നീതി ഉറപ്പുവരുത്തുക തുടങ്ങിയ നടപടികളെ അന്ന് ഹിന്ദുമതമൗലികവാദികള്‍ എതിര്‍ത്തെന്ന് മാത്രമല്ല, ഹിന്ദുക്കള്‍ ഇത്തരം കാര്യങ്ങളില്‍ പിന്തുടരേണ്ടത് ഹിന്ദു ധര്‍മശാസ്ത്രങ്ങളാണെന്ന് ശക്തമായ നിലപാടെടുക്കയും ചെയ്തു. ഈ ഹിന്ദുത്വ ശക്തികളാണ് ഇപ്പോള്‍ ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി വാദിക്കുന്നതെന്നുള്ളത് വിരോധാഭാസമല്ലാതെ മറ്റെന്താണ്?
അന്നുതന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഹിന്ദുത്വ ലോബിക്ക് അനുകൂലമായാണ് നിലപാടെടുത്തത്. സര്‍ദാര്‍ വല്ലഭായ് പട്ടേലും ഡോ. രാജേന്ദ്ര പ്രസാദുമെല്ലാം ഫലത്തില്‍ ഹിന്ദുത്വ ലോബിയോടൊപ്പമായിരുന്നു. എന്തു വിലകൊടുത്തും ഈ ബില്‍ പാസ്സാക്കിയേ തീരു എന്ന നിലപാട് അന്നത്തെ നിയമ മന്ത്രിയായിരുന്ന ഡോ. അംബേദ്ക്കര്‍ എടുത്തതുകൊണ്ടാണ് ബില്‍ പാസ്സായതെന്നുള്ളതും ചരിത്രമാണ്. ജവഹര്‍ലാല്‍ നെഹ്‌റു ഇക്കാര്യത്തില്‍ അംബേദ്ക്കറോട് ഒപ്പമായിരുന്നു.
മധ്യപ്രദേശിലെ ഇന്റോര്‍ സ്വദേശിനിയായ 62 കാരിയായ ഷാബാനു ബീഗം ഭര്‍ത്താവ് അഹമ്മദ് ഖാന്‍ മൊഴി ചൊല്ലിയതിനെ തുടര്‍ന്ന് ജീവനാംശം തേടി സുപ്രീം കോടതയിലെത്തി. 1985-ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 125- ാം വകുപ്പു പ്രകാരം അഹമ്മദ് ഖാന്‍ മാസംതോറും 500 രൂപ വീതം ഷാബാനു ബീഗത്തിന് ജീവനാംശം നല്‍കണമെന്ന് കോടതി വിധിച്ചു. ഈ വിധി ശരിഅത് വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് ചൂണ്ടികാട്ടി മുസ്‌ലിം സംഘടനകള്‍ സമര രംഗത്ത് ഇറങ്ങി. അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ഈ കോടതി വിധിയെ മറികടക്കാന്‍ 1986ല്‍ മുസ്‌ലിം വനിതാ സംരക്ഷണ നിയമം കൊണ്ടുവരികയും ചെയ്തു. അതോടെ ഷാബാനു ബിഗം കേസ്സിലെ വിധി അപ്രസക്തമാകുകയും ചെയ്തു.
സാമാന്യമായി എകീകൃത സിവില്‍ നിയമത്തെ അനുകൂലിക്കുന്നവര്‍ പോലും കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കത്തെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. ഏകീകൃത സിവില്‍ നിയമം എന്ന പേരില്‍ ഹിന്ദുനിയമം അടിച്ചേല്‍പ്പിക്കുമോ എന്നതാണ് പ്രധാന ആശങ്ക. ഈ ആശങ്കക്ക് ഉപോത്ബലകമായ നിരവധി സംഭവങ്ങള്‍ സമീപകാലത്തുണ്ടായി. വ്യക്തിനിയമങ്ങളൂടെ കാര്യത്തില്‍ ഒഴികെ മറ്റെല്ലാത്തിലും ഏകീകൃത നിയമങ്ങളും രീതികളുമാണോ? രാജ്യത്ത് ഇന്നും ഒരു ഏകീകൃത ധനകോഡില്ല. ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്ക് എച്ച് യു എഫ് (ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി) എന്നപേരില്‍ ഒരു പ്രത്യേക നികുതി ദായക വിഭാഗമുണ്ട്. ഈ വിഭാഗത്തിന് മാത്രമായി ബജറ്റുകള്‍ നികുതിയിളവ് പ്രഖ്യാപിക്കാറുണ്ട്. എന്തിനാണ് ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്കു മാത്രമായി ഈ നികുതിയിളവ് പരിമിതപ്പെടുത്തുന്നത്.? ഹിന്ദു കൂട്ടുകുടുംബ നികുതി വിഭാഗം എന്നതിലെ ഹിന്ദു എന്ന വാക്ക് ഒഴിവാക്കിയാല്‍ എല്ലാ മതവിഭാഗങ്ങളിലേയും കൂട്ടകുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഇത്തരമൊരു ഒരു മാറ്റം കൊണ്ടുവരാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തയ്യാറാണോ എന്ന് ചില പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചത് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.
ഒരു മതേതര രാഷ്ട്രം (സെക്യുലര്‍ സ്റ്റേറ്റ് ) സ്ഥാപിക്കാനാണ് ഭരണഘടന ആരംഭത്തില്‍ തന്നെ ലക്ഷ്യമിട്ടിരുന്നത്. മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ പേരില്‍ രാഷ്ട്രം യാതൊരുവിധ വിവേചനവും കാണിക്കുകയില്ലെന്നും ഏത് മതവിശ്വാസിക്കും തുല്യപരിഗണന ലഭിക്കുമെന്നുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുക്കത്തില്‍ പൗരന്മാരുടെ മതപരമായ വീക്ഷണമോ വിശ്വാസമോ രാഷ്ട്രത്തിന്റെയോ അതിന്റെ ഏജന്‍സികളുമായോ ഉള്ളബന്ധത്തിലോ, അനുകൂലമായോ പ്രതികൂലമായോ കണക്കിലെടുക്കുന്നതേയില്ല.
1951-ല്‍ പാര്‍ലമെന്റില്‍ ഹിന്ദു കോഡ്ബില്‍ സംബന്ധിച്ചുണ്ടായ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഡോ. അംബേദ്ക്കര്‍ മതേതരത്വമെന്ന ആശയത്തെ താഴെപറയും പ്രകാരമാണ് വിശദീകരിച്ചത്: “”മതേതതര രാഷ്ട്രം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് ജനങ്ങളുടെ മതപരമായ വികാരങ്ങളെയും വീക്ഷണങ്ങളെയും നാം പരിഗണിക്കുന്നതല്ല എന്നല്ല; ഏതെങ്കിലും ഒരു പ്രത്യേക മതം അത് വിശ്വസിക്കാത്ത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാര്‍ലമെന്റിന് അധികാരമിെല്ലന്നാണ് മതേതര രാഷ്ട്രം (Seculiar State) എന്നതുകൊണ്ട് ആകെകൂടി നാം വിവക്ഷിക്കുന്നത്. ഭരണഘടന അംഗീകരിക്കുന്ന ഒരേയൊരു പരിമിതിയാണിത്”” . ഭരണഘടനാ നിര്‍മാണ സഭയില്‍ തന്നെ പല അംഗങ്ങളും ഇതേ ആശയം കൂടുതല്‍ വ്യക്തവും വിശദമാവുമായ ശൈലിയില്‍ പ്രകടിപ്പിച്ചിട്ടണ്ടായിരുന്നു. 42-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ഭരണഘടനയുടെ പീഡികയില്‍ മതേതരത്വമെന്ന പദം കൂടി കൂട്ടിചേര്‍ക്കുക വഴി ഈ നിലപാട് അസന്നിദ്ധമാം വണ്ണം വ്യക്തമാക്കപ്പെട്ടു.
(തുടരും)

Latest