Connect with us

Religion

നിരാശ വേണ്ട

Published

|

Last Updated

ഞാനാകെ തകര്‍ന്നു. എനിക്ക് ജീവിക്കണമെന്നില്ല. എന്നെ കൊണ്ട് ഇനി ഒന്നിനും കഴിയുകയില്ല. നിരാശയില്‍ ഉഴറുന്നവരുടെ മാനസികാവസ്ഥയാണിത്. ചിന്ത, സംസാരം, പ്രവൃത്തി എന്നിവയെ സ്വാധീനിക്കുന്നതാണ് നിരാശ. നിരാശയില്‍ കഴിയുന്ന വ്യക്തിയുടെ ജീവിതം എങ്ങനെയായിരിക്കും?. ഒന്നിലും താത്പര്യമില്ല. സ്വയം ശപിച്ച് ജീവിതം കഴിച്ചുകൂട്ടുന്നു. നിരാശക്ക് പല കാരണങ്ങളുണ്ട്. ആശിച്ചത് ലഭിക്കാതിരിക്കുമ്പോഴും സാമ്പത്തിക തകര്‍ച്ചയുണ്ടാകുമ്പോഴും രോഗം, ഇഷ്ടപ്പെട്ടവരുടെ മരണം എന്നിവകൊണ്ടും നിരാശ വരുന്നു. നിരാശരില്‍ അക്രമാസക്തി, പിന്‍വാങ്ങല്‍, ഉപേക്ഷ എന്നീ പ്രതികരണങ്ങളുണ്ടാവുന്നു. നിരാശ വ്യക്തിയില്‍ കോപം ജനിപ്പിക്കുമെന്നും അതിനെ വ്യക്തി പല വിധത്തിലും പ്രകടിപ്പിക്കുമെന്നും ഫ്രോയിഡ് വ്യക്തമാക്കിയിട്ടുണ്ട്. നിന്ദ്യമായ ഈ സ്വഭാവം ശാന്തിയുടെയും സമാധാനത്തിന്റെയും പുരോഗതിയുടെയും ശത്രുവാണ്. ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഉള്‍ക്കൊള്ളുകയും മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ക്കും നിരാശക്ക് കീഴൊതുങ്ങേണ്ടിവരില്ല.
“അല്ലാഹുവിന്റെ അനുഗ്രഹത്തെത്തൊട്ട് നിങ്ങള്‍ നിരാശരവാരുത്.” പരിശുദ്ധ ഖുര്‍ആനിലെ ഈ വചനം നിരാശ്രയര്‍ക്ക് തണലേകുന്നു. അല്ലാഹുവില്‍ മാത്രമാണ് യഥാര്‍ഥ അഭയവും സാന്ത്വനവുമെന്ന വിശ്വാസമാണ് ഈ തണലിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞു: “നിന്നെ ബാധിക്കുന്ന വിപത്തുകള്‍ ക്ഷമയോടെ തരണം ചെയ്യുക. അത് തീര്‍ച്ചയായും കാര്യങ്ങളുടെ ദൃഢതയില്‍ പെട്ടതാണ്.”” (ലുഖ്മാന്‍ 17)
അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ പ്രവാചകന്റെ പിറകില്‍ ഒട്ടകപ്പുറത്ത് യാത്ര ചെയ്യവെ അവിടുന്ന് എന്നോട് പറഞ്ഞു. കുട്ടീ, ചില കാര്യങ്ങള്‍ നിനക്ക് ഞാന്‍ അറിയിച്ചുതരാം. അല്ലാഹുവിനെ നീ സൂക്ഷിക്കുക. എങ്കില്‍ അവന്‍ നിന്നെ രക്ഷിക്കും. അല്ലാഹുവിനെ നീ സൂക്ഷിക്കുക. എങ്കില്‍ നിന്റെ കൂടെ അവനെ നിനക്കെത്തിക്കാം. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായമഭ്യര്‍ഥിക്കുക. നിനക്കൊരു ഗുണം ചെയ്യാനായി ഒരു സമൂഹമൊന്നടങ്കം ഒത്തുകൂടിയാലും നിനക്ക് ഗുണം ചെയ്യാന്‍ അവര്‍ക്ക് സാധ്യമാവുകയില്ല; അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ. നിനക്ക് ദ്രോഹം ചെയ്യാനായി അവരെല്ലാം കൂട്ടു ചേര്‍ന്നാലും നിനക്കൊരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയുകയില്ല; അല്ലാഹു നിന്റെ മേല്‍ കണക്കാക്കിയതല്ലാതെ. തൂലികകള്‍ ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു. കടലാസുകള്‍ വറ്റി (തിര്‍മുദി)

Latest