Connect with us

National

വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ: 50 രൂപക്ക് ഒരു ജിബി ഡാറ്റ

Published

|

Last Updated

ന്യൂഡല്‍ഹി: മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യ വോയ്‌സ് കോളുകളും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റാ ഉപയോഗവും വാഗ്ദാനം ചെയ്ത് റിലയന്‍സിന്റെ പുതിയ സംരംഭമായ ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു. റിലയന്‍സിന്റെ ഓഹരി ഉടമകളുടെ യോഗത്തില്‍ മുകേഷ് അംബാനിയാണ് താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്. 50 രൂപക്ക് ഒരു ജി ബി ഡാറ്റയാണ് പ്ലാനിന്റെ സവിശേഷതകളിലൊന്ന്. കൂടുതല്‍ ഡാറ്റകള്‍ ഉപയോഗിക്കുമ്പോള്‍ 25 രൂപ വരെയായി ഇത് കുറയും. ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജുകള്‍ ഈടാക്കില്ലെന്നതും മറ്റൊരു സവിശേഷതയാണ്. ഡാറ്റാ ചാര്‍ജ് നല്‍കുമ്പോള്‍ വോയ്‌സ് കോളുകളും മെസ്സേജുകളും സൗജന്യമായിരിക്കും. പ്ലാന്‍ പ്രകാരം ഒരു എം ബി ഇന്‍ര്‍നെറ്റ് അഞ്ചുപൈസ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 3,000 രൂപക്ക് ലഭിക്കുന്ന ജിയോയുടെ ലൈഫ് ഹാന്‍ഡ്‌സെറ്റ് ഫോര്‍ ജി സേവനം സൗജന്യമായി നല്‍കുന്നതാണ്. സാംസങ് ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകളിലും ജിയോ 4ജി സേവനം സൗജന്യമായി ലഭിക്കും. സെപ്തംബര്‍ അഞ്ച് മുതല്‍ ജിയോ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്കും റിലയന്‍സ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 30,000 സ്‌കൂളുകളിലും കോളജുകളിലും സൗജന്യമായി അതിവേഗ വൈഫൈ കണക്ഷന്‍ നല്‍കും. അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗം ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കികൊണ്ട് ഡിജിറ്റല്‍ ജീവിതത്തിനാണ് ജിയോ തുടക്കമിടുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. സെപ്തംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ ഒന്നുവരെ വോയ്‌സ്‌കാള്‍, ഇന്‍ര്‍നെറ്റ് ഡാറ്റ, വിഡിയോ,ആപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും വെല്‍കം ഓഫറായി സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട ജിയോക്ക് ഇപ്പോള്‍ 15 ലക്ഷം ഉപയോക്താക്കളുണ്ട്. ഉപഭോക്താക്കളുടെ എണ്ണം
പത്ത് കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അംബാനി പറഞ്ഞു. ജിയോയുടെ സര്‍വീസുകള്‍ 90 ദിവസത്തേക്ക് സൗജന്യമായിരിക്കും. അഞ്ചുലക്ഷം ആക്ടിവേഷന്‍ ഔട്ട്‌ലെറ്റുകളും 10 ലക്ഷം റീചാര്‍ജ്ജ് ഔട്ട്‌ലറ്റുകളുമാണ് ജിയോ തുറക്കുന്നത്. സൗജന്യ സേവനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍ര്‍നെറ്റ് ഡാറ്റയും നല്‍കി ജിയോ വിപണിയില്‍ ആധിപത്യം കുറിക്കാനൊരുങ്ങുമ്പോള്‍ മറ്റ് കമ്പനികളും നിരക്കുകള്‍ കുറക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചനകള്‍. റിലയന്‍സ് ജിയോ നല്‍കുന്നത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഇന്‍ര്‍നെറ്റ് ഡാറ്റാ നിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാള്‍ റിലയന്‍സിനെ ഉയര്‍ത്തുകയാണ് ജിയോയിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

Latest