Connect with us

Malappuram

വിദ്യാര്‍ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് രക്ഷിതാക്കള്‍ക്ക് പൊല്ലാപ്പാകുന്നു

Published

|

Last Updated

അരീക്കോട്: വിദ്യാര്‍ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് രക്ഷിതാക്കള്‍ക്ക് പൊല്ലാപ്പാകുന്നു. വെബ്‌സൈറ്റ് മുഖേനെ ഇന്നലെയാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. നേരത്തെ സ്‌കൂളുകളില്‍ ബന്ധപെട്ട രേഖകള്‍ പരിശോധിച്ച് സമര്‍പ്പിക്കലായിരുന്നു. ഇത്തവണ വിദ്യാര്‍ഥി പഠിക്കുന്നുണ്ടെന്ന സാക്ഷ്യപത്രവും മുന്‍ വര്‍ഷത്തെ ക്ലാസിലെ സര്‍ട്ടിഫിക്കറ്റും നല്‍കി സ്‌കൂള്‍ അധികാരികള്‍ സ്‌കോളര്‍ഷിപ്പില്‍ നിന്നും കൈയൊഴിയുകയാണ്. ഓണ്‍ലൈന്‍ മുഖേനെ അപേക്ഷിക്കണമെന്ന നിര്‍ദേശം വന്നതോടെ വലിയൊരു ഭാരം തങ്ങളുടെ ചുമലില്‍ നിന്നും ഒഴിഞ്ഞെന്ന മട്ടിലാണ് അധ്യാപകര്‍.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഒമ്പത് രേഖകളാണ് ചോദിക്കുന്നത്. ഇവ തരപ്പെടുത്തുന്നതിനായി രക്ഷിതാക്കള്‍ പരക്കം പായുകയാണ്. സ്‌കൂള്‍ സാക്ഷ്യപത്രത്തോടൊപ്പം സ്വന്തം സാക്ഷ്യപെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യപെടുന്നുണ്ട്. പലര്‍ക്കും വ്യക്തമായ ധാരണയില്ലാത്തതും വിനയാവുകയാണ്. ആയിരം രൂപയാണ് ലഭിക്കുക. അതിന് അഞ്ഞൂറ് രൂപയുടെ ജോലിയെടുക്കാനുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരില്‍ പലര്‍ക്കും തുക ലഭിക്കാനുണ്ട്. ഇത്തവണ രക്ഷിതാക്കള്‍ക്ക് ഭാരം കൂടിയതോടെ തുക ലഭിക്കുമോയെന്ന ആശങ്കയിലാണ്. അതിനിടെ അപേക്ഷിക്കുന്നതിന്റെ പേരില്‍ അക്ഷയ സെന്ററുകള്‍ രക്ഷിതാക്കളെ വട്ടം കറക്കുകയും അധിക ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നതായി ആക്ഷേപം ഉണ്ട്. അപേക്ഷ അക്ഷയ സെന്ററുകള്‍ മുഖേനെ തന്നെ അപേക്ഷിക്കണമെന്നില്ല. ഏത് ഓണ്‍ലൈന്‍ സെന്റര്‍ മുഖേനയും അപേക്ഷിക്കാവുന്നതാണ്. വെബ്‌സൈറ്റ് അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയതോടെ പലസെന്ററുകളിലും തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. യഥാവിധം സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. ഈ മാസം 31 വരെയാണ് അപേക്ഷിക്കേണ്ട തീയതി. ഈ സമയം അപര്യാപ്തമാണെന്നാണ് രക്ഷിതാക്കളുടെ വാദം. മാത്രമല്ല ഓണ്‍ലൈന്‍ മുഖേനെ നല്‍കുന്ന അപേക്ഷകള്‍ വെരിഫിക്കേഷന് വേണ്ടി സ്‌കൂളില്‍ സമര്‍പ്പിക്കണമോ അതോ രക്ഷിതാക്കള്‍ സബ്ജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കണമോയെന്നതില്‍ വ്യക്തമായ ധാരണയില്ല.