Connect with us

Kerala

എ ടി എമ്മുകളുടെ നിരീക്ഷണം ഇനി ഹൈവേ പോലീസിന്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എ ടി എമ്മുകള്‍ ഇനി ഹൈവേ പോലീസിന്റെ നീരീക്ഷണത്തില്‍. എ ടി എമ്മുകളുടെ നിരീക്ഷണച്ചുമതല ഹൈവേ പോലിസിനെ ഏല്‍പ്പിച്ച് ഡി ജി പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാത്രി~ഒമ്പത് മുതല്‍ രാവിലെ ആറ് വരെ എ ടി എമ്മുകള്‍ ഹൈവേ പോലിസ് നിരീക്ഷിക്കണം.
ഹൈവേ പോലീസ് പട്രോള്‍ സംഘങ്ങളും നൈറ്റ് പട്രോള്‍ സംഘങ്ങളും തങ്ങളുടെ ചുമതലയിലുളള മേഖലയില്‍ എ ടി എമ്മുകളില്‍ സ്ഥിരമായി പരിശോധന നടത്തണമെന്ന് ഡി ജി പി നിര്‍ദ്ദേശിച്ചു.
സംശയകരമായ ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്കുകള്‍ എന്നിവ എ ടി എമ്മിനോട് ബന്ധിപ്പിച്ചിട്ടുണ്ടോ, പിറകുവശത്ത് കേടുപാടുകളോ അനധികൃത ഉപകരണങ്ങളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. സംശയകരമായ സാഹചര്യം കണ്ടാല്‍ പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ റിപ്പാര്‍ട്ട് ചെയ്യണം.
സുരക്ഷാ ഉദ്യോഗസ്ഥരുള്ള എടിഎമ്മുകളില്‍ അവര്‍ ശ്രദ്ധാപൂര്‍വം ഡ്യൂട്ടി നിര്‍വഹിക്കുന്നുണ്ടോയെന്ന കാര്യം നിരീക്ഷിക്കണം. വീഴ്ചയുണ്ടെങ്കില്‍ ബേങ്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. സുരക്ഷാ ഉദ്യോഗസ്ഥരില്ലെങ്കില്‍ ആ വിവരം ബന്ധപ്പെട്ട ബേങ്കിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരത്ത് എ ടി എമ്മില്‍ തട്ടിപ്പു നടന്നതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എ ടി എമ്മുകളില്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയത്.
ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് സോണല്‍ എ ഡി ജിപിമാര്‍, റെയ്ഞ്ച് ഐ ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കി.
അതേസമയം, ഹൈടെക്ക് എ ടി എം തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ മുംബൈയിലെത്തിച്ചു. തട്ടിപ്പു സംഘം പണം പിന്‍വലിച്ച എടിഎമ്മുകളിലും ഇവര്‍ താമസിച്ച ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തും. മുംബൈയില്‍ ഇവര്‍ക്കു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.

Latest