Connect with us

Kozhikode

റോഡുകളില്‍ ദുര്‍ഗന്ധം പരത്തി മത്സ്യ ലോറികള്‍ കുതിക്കുന്നു

Published

|

Last Updated

ഫറോക്ക്: മത്സ്യ ലോറികള്‍ ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളെ ദുര്‍ഗന്ധപൂരിതവും അപകടകരവുമാക്കുന്നു. മത്സ്യലോറികളില്‍ നിന്ന് നിയന്ത്രണമില്ലാതെ റോഡിലേക്ക് മലിന ജലം തുറന്നുവിടുന്നതാണ് ദുര്‍ഗന്ധത്തിന് കാരണം.

കഴിഞ്ഞ ദിവസം കരുവന്‍തിരുത്തി പാലത്തിന് സമീപത്തുള്ള ബാവ മസ്ജിദ് ബസ് സ്‌റ്റോപ്പ് പരിസരത്ത് മണിക്കൂറുകളോളം നിര്‍ത്തിയിട്ട മീന്‍ ലോറിയില്‍ നിന്നും പുറത്തുവിട്ട മീന്‍ വെള്ളം റോഡില്‍ പരന്നുണ്ടായ ദുര്‍ഗന്ധം ജനങ്ങളെയും കാല്‍നട യാത്രികരേയും ഒരു പോലെ പ്രയാസത്തിലാക്കി.

ചാലിയം, ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് പുറം നാട്ടിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് തള്ളുന്ന മത്സ്യ വെള്ളമാണ് ദുര്‍ഗന്ധത്തിന് കാരണമാകുന്നത്.
മുമ്പ് കരുവന്‍തിരുത്തി ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ദുരിതമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേ സമയം റോഡരികില്‍ ഇരുട്ടിന്റെ മറവില്‍ ഇത്തരം വണ്ടികള്‍ ബോധപൂര്‍വം നിര്‍ത്തിയിട്ട് മാലിനജലം ഒഴിക്കിവിടുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇതുവഴിയുള്ള യാത്ര മൂക്ക് പൊത്തിമാത്രമേ സാധ്യമാവു എന്ന അവസ്ഥയാണ് നിലവിലുള്ളത്. മീന്‍ ലോറികളില്‍ നിന്ന് പുറംതള്ളുന്ന മലിനജലത്തില്‍ തെന്നി അപകടങ്ങള്‍ സംഭവിക്കുന്നതും നിത്യ സംഭവമാണ്.

ഇതര സംസ്ഥാനത്ത് നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളില്‍ നിന്നും ബേപ്പൂര്‍, ചാലിയം, പുതിയാപ്പ തുടങ്ങിയ ഹാര്‍ബറുകളില്‍ എത്തി മത്സ്യം കയറ്റി ദേശീയ പാത വഴി പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളാണ് ഇതില്‍ കൂടുതല്‍. നൂറുകണക്കിന് ലോറികളാണ് ജില്ലയിലെ ദേശീയപാതകളിലൂടെ നിത്യേന ഓടുന്നത്.
ഇത്തരം മത്സ്യ വണ്ടികളില്‍ മലിന ജലം സംഭരിക്കാന്‍ ടാങ്ക് സംവിധാനം ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇത് റോഡിലേക്ക് തുറന്നുവിടുകയാണ്. ടാങ്കിന്റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന വാല്‍വിന്റെ അറ്റത്ത് സൈക്കിള്‍ ട്യൂബ് ഘടിപ്പിച്ച് ഇതിലൂടെ റോഡിലേക്ക് തുറന്നുവിടുകയാണ്.

ഇതിലൂടെ ഒഴുകുന്ന മലിനജലം റോഡില്‍ ഒഴുകി ബൈക്ക് ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ റോഡില്‍ തെന്നി വീണ് അപകടം സംഭവിക്കുന്നതും നിത്യ സംഭവമാണ്.വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടവര്‍ ഇത് നിയന്ത്രിക്കാന്‍ പ്രാദേശിക തലത്തില്‍ നിരവധി തവണ പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ആവശ്യപ്പെടുകയും പരാതി നല്‍കുകയും ചെയ്‌തെങ്കിലും പരിഹാരമായിട്ടില്ല. ഇത്തരം ലോറികള്‍ക്ക് ഒരു നിയന്ത്രണവും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടുമില്ല. ചില സമയങ്ങളില്‍ ദേശീയപാതയോരത്ത് വണ്ടികള്‍ നിര്‍ത്തിയിട്ട് മലിനജലം തുറന്നുവിടുന്നതും പതിവാണ്. മഴ ആരംഭിച്ചതോടെ റോഡിന്റെ കുഴികളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന മലിന ജലം വന്‍ ദുര്‍ഗന്ധമാണുണ്ടാക്കുന്നത്.

വാഹനങ്ങള്‍ മിനുറ്റുകളോളം നിര്‍ത്തിയിടുന്ന സ്ഥലങ്ങളില്‍ മലിന ജലം കെട്ടികിടന്ന് കൊതുകുകള്‍ പെരുകുന്ന സ്ഥിതിയാണ്. ഫറോക്ക് പഴയപാലം റോഡ്, കരുവന്‍തിരുത്തി റോഡ്, ബി സി റോഡ്, ചെറുവണ്ണൂര്‍, അരീക്കാട്, മീഞ്ചന്ത തുടങ്ങിയ ദേശീയ പാതയിലെ നിരവധി സ്ഥലങ്ങളിലെ ജനങ്ങള്‍ക്കാണ് മലിനജലം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നത്. ജില്ലയില്‍ പലയിടത്തും പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും ഇത്തരം വാഹനങ്ങള്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. വെള്ളം ദിവസങ്ങളോളം കെട്ടികിടക്കുന്ന പ്രദേശങ്ങളില്‍ മീന്‍ വെള്ളം കൂടി ചേരുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

 

Latest