Connect with us

Kerala

തച്ചങ്കരിയുടെ ജന്മദിനാഘോഷം: ചീഫ് സെക്രട്ടറി അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ജന്മദിനം സംസ്ഥാനത്ത ആര്‍ടിഒ ഓഫീസുകളില്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചത് അന്വേഷിക്കാന്‍ എകെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജന്മദിനം ഓഫീസുകളില്‍ ആഘോഷിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്നാവും ചീഫ് സെക്രട്ടറി പ്രധാനമായും പരിശോധിക്കുക.

മാത്രമല്ല, മേലുദ്യോഗസ്ഥന്‍ നല്‍കുന്ന ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കീഴ്ജീവനക്കാര്‍ക്ക് ബാദ്ധ്യതയുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ പിറന്നാള്‍ എങ്ങനെ ആഘോഷിക്കണമെന്നതിനെ കുറിച്ച് നിലവില്‍ നിയമങ്ങളോ ചട്ടങ്ങളോ ഇല്ല, അതിനാല്‍ പിറന്നാള്‍ ആഘോഷം വിവാദമുയര്‍ത്തിയ സാഹചര്യത്തില്‍ ഇത് ചട്ടവിരുദ്ധമാണോ എന്നാണ് ചീഫ് സെക്രട്ടറി പ്രധാനമായും പരിശോധിക്കുന്നത്.

സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകളിലേക്ക് അയച്ചസന്ദേശത്തില്‍ ലഡു വിതരണം ചെയ്ത് തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്നാണ് ഓഫിസര്‍മാരോട് കമ്മീഷണര്‍ ആവശ്യപ്പെട്ടത്. എല്ലാവരും ആഘോഷിക്കണമെന്നും മധുരം ലഭിക്കാത്തവര്‍ വാങ്ങിക്കഴിച്ച ശേഷം ബില്‍ നല്‍കിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ആഘോഷത്തിന് ചെലവാകുന്ന തുക താന്‍ നല്‍കിക്കോളാമെന്നും തച്ചങ്കരി പറഞ്ഞിരുന്നു.

അതേസമയം, സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. പിറന്നാള്‍ ആഘോഷിക്കുന്നതിലെ ഔചിത്യം അവനവന്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.