Connect with us

Articles

ദളിതരെ കെട്ടിയിട്ടടിച്ചും മൂത്രം കുടിപ്പിച്ചും

Published

|

Last Updated

ഗുജറാത്തില്‍ ദളിതര്‍ക്കെതിരെയുള്ള ക്രൂരമായ പീഡനങ്ങള്‍ സര്‍വ അതിരുകളും ലംഘിച്ചുകൊണ്ടിരിക്കുന്നു. ഗോരക്ഷാസമിതി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടകളാണ് കണ്ണില്ലാത്ത ക്രൂരതകളുടെ പര്യായങ്ങളായി വ്യാപകമായി അക്രമങ്ങള്‍ നടത്തുന്നത്. ഗുജറാത്തിലെ ഗിര്‍സോമനാഥ് ജില്ലയില്‍ ഉന പട്ടണത്തിനടുത്തുള്ള മോതഖ്യാല ഗ്രാമത്തില്‍ ജൂലായ് 11ന് നാല് ദളിത് യുവാക്കളെ ഗോരക്ഷാസമിതിക്കാരെന്നവകാശപ്പെടുന്നവര്‍ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ ഹീനകൃത്യത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിപ്പടരുകയാണ്.
ചത്ത പശുവിന്റെ തോലുരിഞ്ഞെന്ന് പറഞ്ഞാണ് നിര്‍ധന കുടുംബത്തില്‍പ്പെട്ട ഈ യുവാക്കളെ ക്രൂരമായി പീഡിപ്പിച്ചത്. തുകല്‍സംസ്‌കരണ ജോലിയിലേര്‍പ്പെടുന്ന ചമാര്‍ ജാതിക്കാരായ നാലു യുവാക്കളെ ഒരു വാഹനത്തിന്റെ പിറകില്‍ ബന്ധിച്ച് നിര്‍ദാക്ഷിണ്യം തല്ലിച്ചതച്ചു. മൃഗങ്ങളുടെ വില പോലും നിങ്ങള്‍ക്ക് ഞങ്ങള്‍ കല്‍പ്പിച്ചിട്ടില്ലെന്ന് വിളംബരം ചെയ്യുന്നതുപോലെയായിരുന്നു സവര്‍ണവിഭാഗക്കാരായ സംഘത്തിന്റെ അതിക്രമം. ഗോക്കളെ വധിക്കുകയെന്ന ഒരുദ്ദേശവും ആ യുവാക്കള്‍ക്കുണ്ടായിരുന്നില്ല. തുകല്‍ സംസ്‌കരിക്കുകയെന്നത് ചമാര്‍ വിഭാഗത്തിന്റെ കുലത്തൊഴിലാണ്. ആ തൊഴില്‍ അവര്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അന്നന്നത്തെ ജീവിതം കഴിഞ്ഞുപോകാന്‍ പരമ്പരാഗതമായി ചെയ്തുപോരുന്ന തൊഴിലാണത്. ഇവരുടെ തൊഴില്‍ ഗോ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതുമല്ല. അവിടെ പശുവിനെ കൊന്നാല്‍ മാത്രമാണ് ഗോസംരക്ഷണ നിയമപ്രകാരം കുറ്റകരമാകുന്നത്. അതേസമയം പശുവിനെ കൊല്ലുന്നവരെ നിയമം കൈയിലെടുത്ത് വകവരുത്താനും തെരുവില്‍ കൈകാര്യം ചെയ്യാനും വേട്ടയാടാനും ആര്‍ക്കും അധികാരവുമില്ല. രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിന് ഗോസംരക്ഷണനിയമം അനുയോജ്യമല്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടതുമാണ്. ഗോസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പ്രായാധിക്യം വന്ന കന്നുകാലികളെയും പോത്തുകളെയും എരുമകളെയും തെരുവുകളില്‍ ഉപേക്ഷിക്കുന്നു. അവ ചീഞ്ഞുനാറി ജനജീവിതത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഗോസംരക്ഷണ നിയമത്തിന്റെ മറ്റൊരു പ്രത്യാഘാതം അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ്.
ഈ നിയമത്തിന്റെ പേരിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ പരക്കെ ആക്രമണങ്ങളുണ്ടാകുന്നത്. ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ അടിച്ചുകൊന്ന സംഭവത്തോടെയാണ് ഗോരക്ഷയുടെ പേരിലുള്ള കൊലപാതകത്തിന് അടുത്ത കാലത്ത് രാജ്യത്ത് തുടക്കമായത്. ജാര്‍ഖണ്ഡില്‍ കന്നുകാലിക്കച്ചവടക്കാരനായ മുഹമ്മദ് മജ്‌ലുവിനെയും കൂടെയുണ്ടായിരുന്ന പതിനഞ്ചു വയസുകാരനായ അഹമ്മദ്ഖാനെയും തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതും പശുസംരക്ഷണത്തിന്റെ പേരിലായിരുന്നു.ഈ സംഭവങ്ങള്‍ക്കു ശേഷവും കന്നുകാലി വ്യാപാരത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ നാല് ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടി അടിച്ച സംഭവത്തോടെ ഗുജറാത്തില്‍ ദളിതര്‍ ശക്തമായ പ്രക്ഷോഭത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്. ഗുജറാത്തിലെ ദളിത് പ്രക്ഷോഭങ്ങളിലേക്കാണ് ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും. സമരത്തിന്റെ ഭാഗമായി മുപ്പതോളം ദളിതുകളാണ് ആത്മഹത്യാശ്രമം നടത്തിയത്. ജൂലായ് 11ന് നടന്ന ദളിത് വിരുദ്ധ അക്രമത്തിനുമുമ്പ് മെയ് 22ന് അമ്രേലി ജില്ലയിലെ രജുലയില്‍ അഞ്ചു ദളിതരെ ഗോരക്ഷാസമിതിക്കാര്‍ രണ്ടുമണിക്കൂര്‍ നേരം തടഞ്ഞുവെച്ച് കമ്പിവടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ചത്ത പശുവിന്റെ തോല്‍ നഗരസഭ അനുവദിച്ച സ്ഥലത്തുനിന്നും നീക്കം ചെയ്യുമ്പോഴായിരുന്നു ഈ അക്രമം. ദളിത് സമൂഹത്തിനു നേരെ ഉയര്‍ന്ന ഇത്തരം ഭീഷണികള്‍ക്ക് അവിടത്തെ പോലീസിന്റെ നിലപാടുകളും സഹായകരമായി. അക്രമങ്ങള്‍ക്കെല്ലാം പോലീസ് കാഴ്ചക്കാരായെന്നുമാത്രമല്ല, ഇരകളായ ദളിതരെ കേസിലകപ്പെടുത്തി പീഡിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി.
ഗുജറാത്തിലെ സംഭവവികാസങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബിഹാറില്‍ ദളിത് യുവാക്കളെ മൂത്രം കുടിപ്പിച്ച സംഭവമുണ്ടായത്. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് സവര്‍ണജാതിക്കാര്‍ രണ്ട് ദളിത് യുവാക്കളെ മര്‍ദിച്ചവശരാക്കിയ ശേഷമാണ് മൂത്രം കുടിപ്പിച്ചത്. ജീര്‍ണിച്ച ജാതി വ്യവസ്ഥകളുടെ ഉപാസകരായി മനുഷ്യര്‍ക്കു മേല്‍ അയിത്തവും വിവേചനങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഭ്രാന്തന്‍സംസ്‌കാരം ഇന്ത്യയെ ഏതായാലും മുന്നോട്ടുനയിക്കില്ല. അത് പതിറ്റാണ്ടുകള്‍ പിറകിലേക്കാണ് നമ്മുടെ രാജ്യത്തെ നയിക്കുക. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും കൂടി സുരക്ഷിതത്വം ലഭിക്കുന്ന ഭരണവും നിയമവ്യവസ്ഥയുമാണ് ജനാധിപത്യത്തിന്റെ കരുത്തും കാതലും. ഭരണഘടന ഈ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിരക്ഷയും അവകാശങ്ങളും ഇനിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഏത് നിയമം കൊണ്ടുവരുമ്പോഴും അത് രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് എതിരായി മാറുന്നത് അത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോഴാണ്. നിയമം മനുഷ്യാവകാശങ്ങളും ജീവിക്കാനുളള അവകാശങ്ങളും ഹനിക്കപ്പെടുന്ന രീതിയിലേക്ക് വഴിമാറുമ്പോള്‍ അതിനെതിരെ കര്‍ശനനടപടി സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അരക്ഷിതാവസ്ഥയിലാക്കുന്ന ശക്തികള്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ അനിവാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും ന്യൂനപക്ഷങ്ങളും ദളിത് പിന്നോക്കവിഭാഗങ്ങളും അവരവരുടേതായ സംഭാവനകള്‍ നല്‍കുന്നവരാണ്. തൊഴിലെടുത്ത് ജീവിക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും നമ്മുടെ ഭരണഘടന എല്ലാ വിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതിന് വിഘാതമുണ്ടാക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. പശുസംരക്ഷണത്തിന്റെ പേരില്‍ ഇനിയൊരു ജീവനും ഈ മണ്ണില്‍ പൊലിയാതിരിക്കാനും ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യാതിരിക്കാനും നിയമപരമായ സംരക്ഷണം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഭരണാധികാരികള്‍ തയ്യാറായേ മതിയാകൂ.

Latest