Malappuram
കൊണ്ടോട്ടിക്ക് വേണ്ടത് പാലവും റോഡുമല്ല

കേരള സംസ്ഥാനം രൂപീകൃതമായ വര്‍ഷം തന്നെ കൊണ്ടോട്ടി നിയമസഭാ നിയോജക മണ്ഡലവും നിലവില്‍ വന്നു. കൊണ്ടോട്ടിക്ക് ശേഷം നിലവില്‍ വന്ന പല മണ്ഡലങ്ങളും വികസനത്തിന്റെ ഏണിപ്പടി കയറിയെങ്കിലും കൊണ്ടോട്ടി വലിയ മാറ്റമില്ലാത്തെ തുടരുന്നു. കഴിഞ്ഞ രണ്ട് സര്‍ക്കാറുകളുടെ കാലത്ത് ഒട്ടേറെ വികസനമുണ്ടായി എന്ന് വിസ്മരിക്കുന്നില്ല. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി, ഹജ്ജ് ഹൗസ്, കൊണ്ടോട്ടി താലൂക്ക് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.
വണ്‍വേ സമ്പ്രദായം വേണം
1980ല്‍ നായനാര്‍ സര്‍ക്കാറിന്റെ ഭരണകാലത്ത് പി എം അബൂബക്കര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കൊണ്ടോട്ടിയില്‍ ബൈപാസിന് തുടക്കം കുറിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമായതോടെ കൊണ്ടോട്ടി പട്ടണത്തിന്റെ വളര്‍ച്ച ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു. പഴയങ്ങാടിയിലൂടെ കടന്നുപോകുന്ന മെയിന്‍ റോഡ് വീതി കുറഞ്ഞതും അപകടങ്ങള്‍ പതിവായതുമാണ് ബൈപാസ് യഥാര്‍ഥ്യമാക്കിയത്. ബൈപാസ് വന്നതോടെ മെയിന്‍ റോഡിലൂടെയുള്ള ബസ് സര്‍വീസ് നിലക്കുകയും പഴയ ബസ് സ്റ്റാന്റ് പരിസരം ആളൊഴിഞ്ഞ പൂരപ്പറമ്പുമായി. ഇന്ന് ബൈപാസിന് ബൈപാസ് വേണ്ടെന്ന അവസ്ഥയായിരിക്കുകയാണ്. ബൈപാസില്‍ വാഹന തിരക്കും അപകടങ്ങളും പതിവായതോടെ മെയിന്‍ റോഡ് വീതി കൂട്ടി വണ്‍വേ സമ്പ്രദായം നടപ്പാക്കാന്‍ തീരുമാനിച്ചതാണ്. റോഡ് വികസനം പൂര്‍ത്തിയായിട്ടും വണ്‍വേ സമ്പ്രദായം യാഥാര്‍ഥ്യമാകാത്തത് പഴയ ബസ് സ്റ്റാന്റിന്റെ പൈതൃകവും പ്രൗഢിയും ഇല്ലാതാക്കുകയാണ്. മാത്രമല്ല വണ്‍വേ സമ്പ്രദായം നടപ്പാക്കാതിരുന്നാല്‍ ടൗണിന്റെ വികസനം ഒരു ഭാഗത്ത് മാത്രമായി കേന്ദ്രീകരിക്കപ്പെടും. ജനപ്രതിനിധി ഇതിന് കൂട്ട് നില്‍ക്കാന്‍ പാടില്ല.
കൊണ്ടോട്ടിയില്‍
കോടതി വേണം
കൊണ്ടോട്ടിയില്‍ കോടതി അനുവദിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായിരുന്നു. ഇടക്ക് വെച്ച് ഇത് മുടങ്ങിയതിന്റെ കാരണം കണ്ടെത്തി കോടതി യാഥാര്‍ഥ്യമാകുന്നതിനുള്ള ശ്രമങ്ങള്‍ തുടരണം. ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് കോഴിക്കോട് ജില്ലയോട് ചേര്‍ന്ന് നില്‍ക്കുന്ന വാഴയൂര്‍ പഞ്ചായത്തിലുള്ളവര്‍ക്കും ചാലിയാറിനോട് ചേര്‍ന്നു നില്‍ക്കുന്ന ചീക്കോട് നിവാസികള്‍ക്കും മലപ്പുറം, മഞ്ചേരി കോടതികളിലെത്താന്‍ ഒന്നിലധികം ബസില്‍ കയറി കിലോമീറ്ററുകള്‍ താണ്ടണം. ഇതിലും കഷ്ടമാണ് കൊണ്ടോട്ടി താലൂക്കിനെ തിരൂര്‍ ആര്‍ ഡി ഒ ക്ക് കീഴിലാക്കിയത്. നേരത്തെ പെരിന്തല്‍മണ്ണ ആര്‍ ഡി ഒക്ക് കീഴിലായിരുന്നു കൊണ്ടോട്ടി. താലൂക്ക് വന്നതോടെയാണ് തിരൂരിലേക്ക് മാറ്റിയത്. ആര്‍ ഡി ഒക്ക് കീഴിലുള്ള താലൂക്കുകളുടെ തൂക്കം ഒപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ജില്ലയുടെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്ത് എത്തുക എന്നത് ഒരു പകലിനെ പ്രയോജനപ്പെടുത്തേണ്ടി വരുന്നു. കൊണ്ടോട്ടിയെ വീണ്ടും പെരിന്തല്‍മണ്ണ ആര്‍ ഡി ഒക്ക് കീഴിലാക്കാന്‍ ശ്രമം വേണം.
എക്‌സൈസ് ഓഫീസ് തിരിച്ച് വരണം
കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം റൈഞ്ച് എക്‌സൈസ് ഓഫീസ് കൊണ്ടോട്ടിയിലേക്ക് തന്നെ തിരിച്ചു വരണം. രാത്രിയായാല്‍ ബസ് സ്റ്റാന്റും പരിസരവും മയക്കുമരുന്നു വിപണന കേന്ദ്രമായി മാറുകയാണ്. പോലീസ് മാത്രം ജാഗ്രത പുലര്‍ത്തിയാല്‍ നിയന്ത്രിക്കാന്‍ കഴിയുന്നതല്ല. മണ്ഡലത്തിന്റെ പല ഭാഗത്തും വ്യാജ വാറ്റുകള്‍ തകൃതിയായി നടക്കുന്നതും നിര്‍മാര്‍ജനം ചെയ്യുന്നതിനും മണ്ഡലത്തെ ലഹരി മുക്തമാക്കുന്നതിനും എക്‌സൈസ് ഓഫീസ് കൊണ്ടോട്ടിയില്‍ തന്നെ വേണം. മോങ്ങം, ഐക്കരപ്പടി പോലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്ന തിനും മുന്‍കൈയെടുക്കണം
വ്യവസായശാല വേണം
മണ്ഡലം സ്ഥാപിതമായത് മുതല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുള്ളത്. ലീഗ് കമ്മ്യൂണിസ്റ്റ് പക്ഷത്തായിരുന്ന കാലത്തും കോണ്‍ഗ്രസ് പക്ഷത്തായാലും മണ്ഡലത്തില്‍ പത്ത് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു വ്യവസായ ശാല കൊണ്ടുവരുന്നതില്‍ അമ്പേ പരാജയമായിരുന്നു. കേരളത്തില്‍ എണ്ണമറ്റ വ്യവസായ ശാലകള്‍ അനുവദിച്ചപ്പോഴും കൊണ്ടോട്ടിയിലേക്ക് ഇന്നേ വരെ ഒരു വ്യവസായ ശാലയും കൊണ്ടു വന്നിട്ടില്ല.
കുടിവെള്ള പദ്ധതി
മണ്ഡലത്തിന് പുറമെ രാമനാട്ടുകര പഞ്ചായത്തിലേതുള്‍പ്പടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണം. ചാലിയാറില്‍ നിന്ന് വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിച്ച കുറ്റന്‍ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അവിടെ നിന്ന് വീടുകളിലെത്തിക്കുന്നതിനുള്ള സംവിധാനം ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്ത വേനലിന് മുമ്പെങ്കിലും ചീക്കോട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകണം.
താലൂക്ക് ആശുപത്രി
കൊണ്ടോട്ടി താലൂക്ക് ആയി ഉയര്‍ത്തിയതോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം കടലാസില്‍ ഇടം പിടിച്ചെന്നല്ലാതെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനുള്ള ഒരു വികസന പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ല.
മണ്ഡലത്തിലെയും സമീപ പഞ്ചായത്തിലെയും ആയിരക്കണക്കിന് സാധാരണക്കാരുടെ ആതുരാലയമായ ആശുപത്രി എയര്‍പോര്‍ട്ട് റഫറല്‍ ആശുപത്രി കൂടിയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആവശ്യത്തിന് ജീവനക്കാരെയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രി എന്ന ബോര്‍ഡ് വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നതായിരിക്കരുത്.
ചിറയില്‍ യു പി
സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തണം
കേരളത്തിലെ വലിയ പട്ടികജാതി കോളനികളിലൊന്നായ കോട്ടാശ്ശേരി കോളനി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം സുഗമമാക്കുന്നതിന് ചിറയില്‍ ഗവ: യു പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ നെടിയിരുപ്പ് പഞ്ചായത്തും ഇപ്പോള്‍ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയും ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഈ ആവശ്യം സാക്ഷാത്കരിക്കുന്നതിന് എം എല്‍ എ സജീവമായി ഇടപെടണം
മാലിന്യ സംസ്‌കരണം
കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ സംയോജിപ്പിച്ച് രൂപവത്കരിച്ച കൊണ്ടോട്ടി മുനിസിപ്പാലിറ്റി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല എന്നത്. കൊണ്ടോട്ടിയിലും നെടിയിരുപ്പിലും മാലിന്യ സംസ്‌കരണത്തിന് സ്ഥലം ഉണ്ടെങ്കിലും ഇവിടെ സംസ്‌കരിക്കുന്നതിന് പരിസരവാസികള്‍ ശക്തമായി എതിര്‍ക്കുകയാണ്. മാലിന്യ സംസ്‌കരണത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് എം എല്‍ എ സജീവമായി ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം
കൊണ്ടോട്ടി മണ്ഡലത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹരിജന്‍ കോളനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നത്. കോളനികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കണം. ചീക്കോട് കുടിവെള്ള പദ്ധതിയുടെ പ്രയോജനം നെടിയിരുപ്പ്, കോട്ടാശ്ശേരി കോളനികള്‍ക്ക് ലഭ്യമാകില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനാല്‍ കോളനികളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ സാധ്യമാക്കണം. കൊണ്ടോട്ടിയില്‍ കെ എസ് ആര്‍ ടി സി ഡിപ്പോയും വേണം. ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം. മിനി സിവില്‍ സ്‌റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുകയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിച്ച് താലൂക്ക് ആശുപത്രി എന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണം. എയര്‍പോര്‍ട്ടിന്റെ സാന്നിധ്യം മുതലെടുത്ത് നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന വ്യവസായശാല ആരംഭിക്കണം.
അഡ്വ: കെ കെ സമദ്
(നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)
ജലസ്രോതസുകള്‍ സംരക്ഷിക്കണം
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്കാശുപത്രിയായി ഉയര്‍ത്തി തീരുമാനമായിട്ട് ഒരു വര്‍ഷത്തിലധികമായി. എന്നാല്‍ ആവശ്യമായ പശ്ചാത്തല സകൗര്യങ്ങളോ ജീവനക്കാരുടെ തസ്തികയോ ഇതുവരെ നിലവില്‍ വന്നിട്ടില്ല. കൊണ്ടോട്ടി വലിയ തോടുള്‍പ്പെടെ നിയോജക മണ്ഡലത്തിലെ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സാംസ്‌കാരിക നിലയത്തിന്റെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്കും വായനക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അനുഗുണമായ രീതിയില്‍ റഫറന്‍സ് കേന്ദ്രമാക്കി വളര്‍ത്തിക്കൊണ്ടുവരണം.
ബാലകൃഷ്ണന്‍ ഒളവട്ടൂര്‍
(കവി, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍)