Connect with us

Kozhikode

മലേറിയ: അതിവേഗ നടപടികള്‍ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: ഏലത്തൂരില്‍ ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് പ്ലാസ്‌മോഡിയം ഫാല്‍സിപാരം വിഭാഗത്തില്‍പ്പെട്ട മലേറിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ മേഖലയില്‍ അതിവേഗ നടപടികള്‍ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുകയും മലേറിയ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. കൊതുകിന്റെ ലാര്‍വകള്‍ നശിപ്പിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
പ്രദേശത്ത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും, മാലിന്യങ്ങള്‍ പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിബാധിതരെ പ്രത്യേകം നിരീക്ഷണ വിധേയരാക്കി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനും സംസ്ഥാനത്തെ താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ടുള്ള എല്ലാ ആശുപത്രികളിലും ഫിവര്‍ ക്ലിനിക്ക് നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും പി എച്ച് സികളില്‍ പനിബാധിതരായി എത്തിച്ചേരുന്ന മുഴുവന്‍ പേരെയും പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. മലേറിയ നിയന്ത്രിക്കുന്നതിന് പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest