Connect with us

Eranakulam

സഊദി പൗരന്മാര്‍ക്കുള്ള ഇ-വിസ സൗകര്യം തുടരണം ;ടൂറിസംമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം : ഇന്ത്യന്‍ വിസക്ക് അപേക്ഷിക്കുന്ന സഊദി പൗരന്മാര്‍ക്ക് നിലവിലുള്ള ഇ-വിസ സൗകര്യം തുടരണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ കേന്ദ്ര ടൂറിസം മന്ത്രിക്ക് കത്ത് നല്‍കി. വിസ ലഭിക്കുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ കൂടി നല്‍കണമെന്ന നിബന്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മക്ക് കത്ത് നല്‍കിയത്. ഏകദേശം അരലക്ഷം വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം സഊദി അറേബ്യയില്‍ നിന്നും കേരളം സന്ദര്‍ശിക്കുന്നത്. സംസ്ഥാനത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് സഊദി പൗരന്മാര്‍ക്കുള്ളത്.
പുതിയ നിബന്ധന വന്നത് കേരളത്തിലേക്കുള്ള സഊദി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തന്നുണ്ടെന്നും ടൂറിസം മേഖലക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുമെന്നും ബുധനാഴ്ച സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓഫ് സീസണ്‍ സമയത്തും സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒരു പരിധിവരെ സജീവമാക്കി നിര്‍ത്തുന്നതിന് സഊദി പൗരന്മാരുടെ സന്ദര്‍ശനം സഹായിക്കുന്നു. സഊദിയിലെ പ്രധാന പട്ടണങ്ങളായ റിയാദിലും ദമാമിലും ടൂറിസം വകുപ്പ് കഴിഞ്ഞമാസം ബിസിനസ് മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു. സഊദി അറേബ്യയില്‍ നിന്നും മുന്‍വര്‍ഷത്തെക്കാള്‍ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ബയോമെട്രിക് വിസ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബയോമെട്രിക് വിസ എടുക്കാനായി അപേക്ഷകന്‍ നേരിട്ട് ഹാജരാകണം. എന്നാല്‍ ഇ-വിസക്ക് അതാവശ്യമില്ല.
പുതിയ നിബന്ധന മൂലം അപേക്ഷകര്‍ ശ്രീലങ്ക അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഇത് ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനത്തെയും ബാധിക്കും. അതിനാല്‍ ബയോമെട്രിക് വിസ ഒഴിവാക്കി ഇന്ത്യയിലെത്തുന്ന മുറക്ക് ഇ-വിസ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സഊദി അറേബ്യയെയും ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിസക്ക് അപേക്ഷിക്കുന്നവര്‍ റിയാദിലെ എംബസിയില്‍ നേരിട്ട് ഹാജരാകണമെന്ന നിബന്ധന വന്നതോടെ ദൂര പ്രദേശങ്ങളില്‍ നിന്നുള്ള സഊദികള്‍ വിസക്ക് അപേക്ഷിക്കാതെയായിട്ടുണ്ട്. കേരളത്തിലേക്ക് കൂടുതല്‍ പേരെത്തുന്ന ജുബൈല്‍, ദമാം, ജിസാന്‍, ജസീം എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഇതോടെ മറ്റ് രാജ്യങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍, വിരലടയാളമടക്കമുള്ള വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ടൂറിസം മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. പുതിയ നടപടി തുടര്‍ന്നാല്‍ മണ്‍സൂണ്‍ ടൂറിസത്തെ വന്‍ തോതില്‍ ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.