Connect with us

Ongoing News

മലപ്പുറം മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല

Published

|

Last Updated

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മലപ്പുറം ജില്ലയില്‍ ഇത്തവണ തിരഞ്ഞെടുപ്പിന് പതിവില്ലാത്ത ചൂടാണ്. ആറിടത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. താനൂര്‍, മങ്കട, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ് വാശിയേറിയ പോരാട്ടം കൊഴുക്കുന്നത്. ഇവയില്‍ പ്രചാരണം കൊണ്ട് സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച രണ്ട് മണ്ഡലങ്ങളാണ് താനൂരും മങ്കടയും. നിലവില്‍ യു ഡി എഫിന്റെ തട്ടകമായ ഈ രണ്ട് മണ്ഡലങ്ങളില്‍ ഇതുവരെ കാണാത്ത മത്സരമാണ്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ ഇരുമുന്നണികള്‍ക്കും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ കോട്ടയെന്ന വിശേഷണമുള്ള മലപ്പുറത്ത് ആകെയുള്ള പതിനാറ് മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് ഇടത്പക്ഷത്തിന് സീറ്റുള്ളത്. പൊന്നാനിയും തവനൂരും. പന്ത്രണ്ട് മണ്ഡലങ്ങളും മുസ്‌ലിംലീഗിന്റെ സിറ്റിംഗ് സീറ്റാണ്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും നിലവിലുണ്ട്. ഈ മേധാവിത്വം തകര്‍ക്കാനുള്ള പോരാട്ടം കൂടിയായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ ആറ് മണ്ഡലങ്ങളിലെ മത്സര ഫലം പ്രവചിക്കുക എളുപ്പമാകില്ല. യു ഡി എഫ് ഈസി വാക്കോവര്‍ പ്രതീക്ഷിച്ച തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, താനൂര്‍, തിരൂര്‍, മങ്കട മണ്ഡലങ്ങളില്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കണ്ട സ്ഥിതി വിശേഷമല്ല ഇപ്പോഴുള്ളത്. യു ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് വിള്ളലേല്‍പ്പിക്കുന്ന തരത്തിലാണ് ഇടതുപക്ഷം ഈ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയത്. പൊന്നാനിയും തവനൂരും പിടിച്ചു നിര്‍ത്താന്‍ ഇടതുപക്ഷം വിയര്‍പ്പൊഴുക്കുന്നതും മത്സരത്തിന്റെ തീവ്രതയാണ് സൂചിപ്പിക്കുന്നത്. ഇടത് സ്ഥാനാര്‍ഥികളില്‍ അഞ്ച് പേര്‍ സ്വതന്ത്രന്‍മാരാണെന്നതിന് പുറമെ പലരും കോണ്‍ഗ്രസ് ബന്ധമുള്ളവരുമാണ്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പലതും ഇടത്തോട്ട് ചായുമെന്ന കണക്കുകളിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍. മുസ്‌ലിംഭൂരിപക്ഷ ജില്ലയില്‍ ശക്തി തെളിയിക്കാനുള്ള ശ്രമം ബി ജെ പി യും നടത്തുന്നുണ്ട്. ഇതിനായി വേങ്ങരയിലും മലപ്പുറത്തും മുസ്‌ലിംസമുദായത്തില്‍ പെട്ടവരെ സ്ഥാനാര്‍ഥിയാക്കാനും ബി ജെ പി തയ്യാറായി.
താനൂരില്‍ മുന്‍ കെ പി സി സി അംഗമായിരുന്ന വി അബ്ദുര്‍റഹിമാനാണ് ഇടത് സ്വതന്ത്രന്‍. കഴിഞ്ഞ ലോക്‌സഭാ” തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബശീറിനെതിരെ ഇടത് സ്വതന്ത്രനായി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ട അദ്ദേഹത്തിന് 2009ല്‍ ഇ ടിക്ക് ലഭിച്ച 82,684 വോട്ടിന്റെ ഭൂരിപക്ഷം 2014ല്‍ 25,410 വോട്ടായി കുറക്കാന്‍ സാധിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ അബ്ദുര്‍റഹിമാന്‍ രണ്ടത്താണിയാകട്ടെ മൂന്നാം തവണയാണ് താനൂരില്‍ ജനവിധി തേടുന്നത്. 2006ല്‍ 11,170വോട്ടും 2011ല്‍ 9,433 വോട്ടുമാണ് “ഭൂരിപക്ഷം. എന്നാല്‍ ലോക്‌സഭാ” തിരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ ഇ ടിക്ക് 6,620 വോട്ടിന്റെ “ഭൂരിപക്ഷമേയുളളൂ. വി അബ്ദുര്‍റഹ്മാനിലൂടെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താനായെന്നാണ് വിലയിരുത്തല്‍. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമാകുമെന്ന് വേണം കരുതാന്‍.
സുരക്ഷിത മണ്ഡലമെന്ന് പേരുള്ള മങ്കടയില്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ലീഗ് സ്ഥാനാര്‍ഥി ടി എ അഹ്മദ് കബീര്‍ വിയര്‍ക്കുകയാണ്. 23,593 വോട്ടിന്റെ “ഭൂരിപക്ഷമുണ്ടായിട്ടും ടി കെ റശീദലിയുടെ മികച്ച സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടതുപക്ഷം മത്സരം കടുപ്പിച്ചിട്ടുണ്ട്. വികസന പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി പ്രചാരണത്തില്‍ മുന്നേറാനും റശീദലിക്കായി.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്താണ് കളത്തിലുള്ളത്. കോണ്‍ഗ്രസ് കോട്ടയില്‍ 2011ല്‍ ആര്യാടന്‍ മുഹമ്മദിന് 5,687വോട്ടിന്റെ “ഭൂരിപക്ഷമേ ലഭിച്ചിട്ടുളളൂ. 2006ല്‍ 18,070 ആയിരുന്നു ഭൂരിപക്ഷം. മുസ്‌ലിം ലീഗ് കാലുവാരിയെന്നായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ പരാതി. എതിര്‍പക്ഷത്ത് കോണ്‍ഗ്രസ് സംസ്ഥാന “ഭാരവാഹിയായിരുന്ന പി വി അന്‍വറാണ് ഇടത് സ്വതന്ത്രന്‍. കോണ്‍ഗ്രസിനുളളിലെ ഷൗക്കത്ത് വിരുദ്ധരുടെ വോട്ടും ലീഗിലെ ഒരുവിഭാഗത്തിന്റെ വോട്ടും ലഭിക്കുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. ബി ഡി ജെ എസ് മത്സരിക്കുന്ന ജില്ലയിലെ ഏക മണ്ഡലം കൂടിയാണ് നിലമ്പൂര്‍.
വാശിയേറിയ മത്സരത്തിന് തെല്ലും സാധ്യതയില്ലാതിരുന്ന തിരൂരങ്ങാടിയില്‍ പ്രചാരണം തുടങ്ങിയതോടെ പോരാട്ടം കനക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രചാരണത്തില്‍ അപ്രതീക്ഷിതമായ മുന്നേറ്റമുണ്ടാക്കാന്‍ ഇടത് സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്തിന് സാധിച്ചു. മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും കോട്ടയില്‍ ഇടിച്ചു കയറിയാണ് നിയാസ് മുന്നേറ്റം തുടരുന്നത്. സിറ്റിംഗ് എം എല്‍ എ പി കെ അബ്ദുര്‍റബ്ബിന് കഴിഞ്ഞതവണ 30,208 വോട്ടിന്റെ “ഭൂരിപക്ഷമുണ്ട്. സി പി ഐയുടെ കെ കെ അബ്ദുസമദിന് 28,458 വോട്ടേ ലഭിച്ചുളളൂ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടതുപക്ഷവും ചേര്‍ന്ന് ജനകീയ വികസന മുന്നണി രൂപവത്കരിച്ച് പരപ്പനങ്ങാടി നഗരസഭയുടെ “ഭരണം പിടിച്ചെടുത്തിരുന്നു. ഇവര്‍ ഏറ്റെടുത്ത നിരവധി സമരങ്ങളില്‍ ഇടത് സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത് മുന്‍നിരയിലുണ്ടായിരുന്നത് നേട്ടമാകുമെന്നാണ് ഇടത് പ്രതീക്ഷ. വിദ്യാഭ്യാസ മന്ത്രിയായിട്ടും മണ്ഡലത്തിലെ ഓലമേഞ്ഞ സ്‌കൂളും, വികസന പിന്നാക്കാവസ്ഥയാണ് നിയാസിന്റെ തുറുപ്പുചീട്ട്. മുസ്‌ലിംലീഗ് തെന്നല പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ നിയാസിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. യുവാക്കളുടെ നീണ്ട നിര തന്നെ ഇദ്ദേഹത്തോടൊപ്പമുണ്ടെന്നതും ഇടതുക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
ലീഗിന്റെ ശക്തി കേന്ദ്രമായ തിരൂര്‍ മണ്ഡലം പിടിച്ചടക്കാന്‍ ഇടത് സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. സിറ്റിംഗ് എം എല്‍ എ. സി മമ്മുട്ടിക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തിരൂരിലും നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സംവിധാനം തകര്‍ന്നതോടെ കോണ്‍ഗ്രസിലെ ഒരുവിഭാഗവും ഇടതുപക്ഷവും കൈകോര്‍ത്തുളള വികസന മുന്നണിയാണ് തിരൂര്‍ നഗരസഭ”ഭരിക്കുന്നത്. യു ഡി എഫിലെ ഈ പോരില്‍ തന്നെയാണ് ഇടത് പ്രതീക്ഷകളും.
ഇടത് സ്വതന്ത്രന്‍ കെ ടി ജലീല്‍ രണ്ടാമങ്കത്തിനാണ് തവനൂരില്‍ ഇറങ്ങിയിരിക്കുന്നത്. പി ഇഫ്ത്തിഖാറുദ്ദീനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വിജയത്തില്‍ കുറഞ്ഞതൊന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നില്ല. ഇവിടെ മത്സരം കടുത്തതാണ്. ഇടതിന്റെ മറ്റൊരു സീറ്റായ പൊന്നാനിയില്‍ സിറ്റിംഗ് എം എല്‍.എ പി ശ്രീരാമകൃഷ്ണനും കെ പി സി സി സെക്രട്ടറി പി ടി അജയ്‌മോഹനും രണ്ടാം വട്ടം ഏറ്റുമുട്ടുമ്പോള്‍ വാശിയേറിയ മത്സരം പ്രകടമാണ്. ഏത് വിധേനയും മണ്ഡലം പിടിച്ചടക്കാനുള്ള അടവുകളാണ് യു ഡി എഫ് പയറ്റുന്നത്.
പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലിക്കെതിരെ സി പി എമ്മിന്റെ വി ശശികുമാര്‍ മികച്ച മത്സരമാണ് നടത്തുന്നത്. അലി ഫാന്‍സ് അസോസിയേഷനിലെ ഒരുവിഭാഗം അഴിമതിയും സ്വജനപക്ഷപാതവുമാരോപിച്ച് രംഗത്ത് വന്നതും മത്സരം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അലിക്ക് 9,589 വോട്ടിന്റെ “ഭൂരിപക്ഷമേയുളളൂ. 2006ല്‍ വിജയിച്ച വി ശശികുമാറിന് 14003 വോട്ടിന്റെ “ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇരു മുന്നണികളും മികച്ച പ്രചാരണമാണ് പെരിന്തല്‍മണ്ണയില്‍ നടത്തിയത്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പി അബ്ദുല്‍ ഹമീദ് മാസ്റ്ററും ഐ എന്‍ എല്ലിന്റെ ഒ കെ തങ്ങളും തമ്മിലാണ് വള്ളിക്കുന്നിലെ പോരാട്ടം. പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോള്‍ ഇടതുപക്ഷം പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. 2011ല്‍ കെ എന്‍ എ ഖാദര്‍ 18,122 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
ഏറനാട്ടില്‍ സിറ്റിംഗ് എം എല്‍ എ ലീഗിലെ പി കെ ബശീറിനെതിരെ മുന്‍ ലീഗുകാരനായ കെ ടി അബ്ദുര്‍റഹിമാനാണ് രംഗത്തുളളത്. ഇദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത യു ഡി എഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണിത്. വേങ്ങരയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ “ഭൂരിപക്ഷമാണ് അവസാന നിമിഷത്തില്‍ യു ഡി എഫിന്റെ ചര്‍ച്ച. അഡ്വ. പി പി ബശീറിലൂടെ പ്രതിരോധം പുറത്തെടുക്കുന്നുണ്ട് ഇടതുപക്ഷം.
കൊണ്ടോട്ടിയില്‍ ഇടതിന്റെ കെ പി വീരാന്‍കുട്ടിയും ലീഗിലെ ടി വി ഇബ്‌റാഹീമും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് – ലീഗ് പോര് ശക്തമായ മണ്ഡലമാണിതെങ്കിലും ലീഗിന്റെ കാല്‍ലക്ഷത്തിലധികം വരുന്ന “ഭൂരിപക്ഷം മറികടക്കാനായാല്‍ വമ്പന്‍ വിജയമായി മാറുമത്. മന്ത്രി അനില്‍കുമാറിന്റെ വണ്ടൂരില്‍ പോരിന് അത്ര വാശിയില്ല. യുവാവായ നിശാന്താണ് ഇടത് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് – ലീഗ് പോരുണ്ടെങ്കിലും മന്ത്രിയെന്ന നിലയില്‍ അനില്‍കുമാര്‍ പൊതു സ്വീകാര്യനാണ്. എങ്കിലും ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാകാനുള്ള സാധ്യതയേറെയാണ്. മലപ്പുറത്ത് ലീഗിലെ പി ഉബൈദുല്ല രണ്ടാമങ്കത്തിനാണ് ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉബൈദുല്ലക്ക് ലഭിച്ചത്. ഇത് നിലനിറുത്തുകയാണ് യു ഡി എഫിന്റെ ലക്ഷ്യം. അഡ്വ. കെ പി സുമതിയാണ് ഇടത് സ്ഥാനാര്‍ഥി. ജില്ലയിലെ സി പി എമ്മിന്റെ ഏക വനിതാ സ്ഥാനാര്‍ഥി കൂടിയാണ് ഇവര്‍. കെ എന്‍ ബാദുഷാ തങ്ങളിലൂടെ ബി ജെ പി രംഗത്തുണ്ട്. മഞ്ചേരിയില്‍ ലീഗിന്റെ അഡ്വ. എം ഉമ്മര്‍ രണ്ടാമങ്കത്തിനിറങ്ങുമ്പോള്‍ സി പി ഐയുടെ അഡ്വ. കെ മോഹന്‍ദാസാണ് സ്ഥാനാര്‍ഥി. മത്സര സാധ്യതയുണ്ടായിരുന്നിട്ടും ഇടത് പ്രയോജനപ്പെടുത്തിയില്ലെന്ന വികാരമാണ് മണ്ഡലത്തിലുള്ളത്. ലീഗിന്റെ സുരക്ഷിത മണ്ഡലമായ കോട്ടക്കലില്‍ ഇത്തവണ കന്നിക്കാരുടെ മത്സരമാണ്. സിറ്റിംഗ് എം എല്‍ എ അബ്ദുസമദ് സമദാനി കളമൊഴിഞ്ഞ സീറ്റില്‍ ആബിദ് ഹുസൈന്‍ തങ്ങളും എന്‍ സി പി സ്ഥാനാര്‍ഥിയായി എന്‍ എ മുഹമ്മദ് കുട്ടിയുമാണ് ഏറ്റുമുട്ടുന്നത്.

Latest