Connect with us

Gulf

ഹമദിലെ ഹൃദ്‌രോഗ കാതറ്റര്‍ തെറാപ്പി ലൈവ് ആയി ദുബൈയില്‍ പ്രദര്‍ശിപ്പിച്ചു

Published

|

Last Updated

ദോഹ: ഹമദ് ജനറല്‍ ആശുപത്രിയില്‍ രണ്ടു ഹൃദ്‌രോഗികളില്‍ നടത്തിയ പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയ കൂടാതെയുള്ള കാതറ്റര്‍ തെറാപ്പി ചികിത്സ തത്സമയം ദുബൈയില്‍ നടന്ന സിംപോസിയത്തില്‍ പങ്കെടുത്ത വിദഗ്ധരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പേറഷനിലെയും സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെയും കാര്‍ഡിയോളജി വിദഗ്ധര്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനമാണ് 450ലധകം പ്രതിനിധികള്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ചത്.
കാതറ്റര്‍ തെറാപ്പി മുഖ്യ അജണ്ടയായി ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര സിംപോസിയത്തിലെ പ്രതിനിധികള്‍ക്കു വേണ്ടിയായിരുന്നു പ്രദര്‍ശനമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഹൃദ്‌രോഗ ചികിത്സയുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഭാഗങ്ങളിലെ വിദഗ്ധരാണ് ദുബൈയില്‍ നടന്ന സിംപോസിയത്തില്‍ പങ്കെടുത്തത്. എച്ച് എം സി പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. ഹിശാം അല്‍ സലൂസ്, സിദ്‌റ പീഡിയാട്രിക്‌സ് ചെയര്‍മാന്‍ ഡോ. സിയാദ് ഹിജാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. രാജ്യാന്തര തലത്തിലെ വിദഗ്ധര്‍ക്കു മുന്നില്‍ തെറാപ്പി ചികിത്സ പ്രര്‍ശിപ്പിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷമായി കാണുന്നുവെന്ന് ഡോ. ഹിശാം പറഞ്ഞു. ഇതാദ്യമായാണ് ലൈവ് ബ്രോഡ്കാസ്റ്റ് നടത്തുന്നത്. തെറാപറ്റിക് കാര്‍ഡിയാക് കാതറ്ററൈസേഷന്‍ രംഗത്ത് ഹമദിലെ അത്യാധുനിക സൗകര്യം ലോകത്തെ പ്രമുഖ വിദഗ്ധര്‍ക്കു മുന്നിലാണ് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്.
പത്തു വയസ്സു പ്രായമുള്ള ഖത്വരി ബാലനിയാലായിരുന്നു ആദ്യ തെറാപ്പി. ഹൃദയവാല്‍വിലെ ചോര്‍ച്ചയായിരുന്നു പ്രശ്‌നം. ശസ്ത്രക്രിയ ഇല്ലാതെ രക്തവാഹിനികളായ വാല്‍വ് പുറത്തെടുത്ത് പുതിയ വാല്‍വ് ഘടിപ്പിക്കുന്ന ചികിത്സാ രീതിയാണ് പ്രദര്‍ശിപ്പിച്ചത്. ബംഗ്ലാദേശ് സ്വദേശിയായ മുതിര്‍ന്ന പൗരനില്‍ നടത്തിയതായിരുന്നു രണ്ടാമത്തേത്. ഹൃദയത്തില്‍ രൂപപ്പെട്ട വിലയ ദ്വാരമായിരുന്നു പ്രശ്‌നം. ഹൃദയത്തിന്റെ മുകളിലെ രണ്ട് അറകളെ വേര്‍തിരിക്കുന്നതായിരുന്നു ദ്വാരം. ആധുനിക ഉപകരണം ഉപയോഗിച്ച് ഈ ദ്വാരം അടക്കുന്ന രീതിയാണ് ഇയാള്‍ക്കു വേണ്ടി ചെയ്തത്. രണ്ടു രോഗികളിലും പരമ്പരാഗത ശസ്ത്രക്രിയാ രീതിക്കു വിരുദ്ധമായി ശരീരം മുറിക്കാത്ത ആധുനിക ചികിത്സാ രീതിയാണ് ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലോകവ്യാപകമായി ചികിത്സാ സംവിധാനം പ്രചരിപ്പിക്കാന്‍ കഴിഞ്ഞതിലെ ആഹ്ലാദത്തിലെയും സിദ്‌റയിലെയും ഡോക്ടര്‍മാര്‍.