Connect with us

Kerala

ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: ഇടുക്കിയിലെ പീരുമേട്ടില്‍ ഹോപ് പ്ലാന്റേഷന്് മിച്ചഭൂമി അനുവദിച്ച വിവാദ ഉത്തരവ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കി. 750 ഏക്കര്‍ പ്ലാന്റേഷന് നല്‍കാന്‍ 2015 ഡിസംബര്‍ 17ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് തീരുമാനിച്ചത്. കൂടാതെ സൗജന്യ അരി, മരുന്ന് എന്നിവ വിതരണം ചെയ്യുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കം തുടരുന്നതിനിടെ ഹൈക്കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഭൂമി പതിച്ചു നല്‍കിയത് വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇതോടൊപ്പം മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതിയും കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവും സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഹോപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഫെബ്രുവരി 20നാണ് പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന് 750 ഏക്കര്‍ ഭൂമി പതിച്ചുനല്‍കാന്‍ റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

തുടര്‍ന്ന് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. 2010ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഹോപ്പ് പ്ലാന്റേഷന്റെ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയിരുന്നതാണ്. എന്നാല്‍ ഈ ഉത്തരവിന് കോടതിയില്‍ നിന്നും കമ്പനി അധികൃതര്‍ സ്‌റ്റേ വാങ്ങുകയും ചെയ്തു. 2014 ഓഗസ്റ്റില്‍ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കവെ ആറുമാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സര്‍ക്കാര്‍ തീരുമാനം സ്വാഗതര്‍ഹമാണെന്ന് വി.എം സുധീരനും ടി.എന്‍ പ്രതാപനും പ്രതികരിച്ചു.
.