Connect with us

Kerala

ഐഎന്‍എല്‍ സ്ഥാനാര്‍ഥികളായി; വള്ളിക്കുന്നില്‍ അഡ്വ. ഒ.കെ തങ്ങള്‍, കാസര്‍കോട്ട് ഡോ. അമീന്‍

Published

|

Last Updated

വള്ളിക്കുന്ന് മണ്ഡലത്തിലെ ഐഎന്‍എല്‍ സ്ഥാനാര്‍ഥി അഡ്വ. ഒ.കെ തങ്ങളും കാസര്‍കോട് ജില്ലയിലെ സ്ഥാനാര്‍ഥി ഡോ. എഎ അമീനും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഐഎന്‍എല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വള്ളിക്കുന്ന് മണ്ഡലത്തില്‍ മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകനും ഐഎന്‍എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ അഡ്വ. ഒ.കെ തങ്ങളാണ് സ്ഥാനാര്‍ഥി. കാസര്‍കോട്ട് കൊല്ലം സ്വദേശിയായ ഡോ. അമീന്‍ മത്സരിക്കും. ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന ഐഎന്‍എല്‍ പാര്‍ലിമെന്ററി ബോര്‍ഡ് യോഗമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.

കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് സ്വദേശിയായ ഒ.കെ തങ്ങള്‍ സയ്യിദ് ബാവ ബുഖാരി വലിയ ഉണ്ണി തങ്ങളുടെയും മൂന്നിയൂര്‍ പാറക്കടവ് തുറാബ് തങ്ങളുടെ മകള്‍ ആറ്റീവി ബീവിയുടെയും മകനാണ്. ഫാറൂഖ് ഹൈസ്‌കൂളില്‍ പ്രാഥമിക പഠനവും സെക്കന്‍ഡറി പഠനവും. 1981-ല്‍ ഫാറൂഖ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന തങ്ങള്‍ 1987ല്‍ അവിടെ നിന്നും കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടി. 1990 ല്‍ കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നും എല്‍ എല്‍ ബി ബിരുദം. 1991 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി ശ്രീധരന്‍ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 2004 മുതല്‍ സ്വന്തമായി പ്രാക്ടീസ് ചെയ്തു വരികയാണ്. 2006-2011 ഇടത് സര്‍ക്കാറിന്റെ കാലത്ത് മഞ്ചേരി ജില്ലാ കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി സേവനമനുഷ്ടിച്ചു.

ഫാറൂഖ് കോളജില്‍ പഠിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. എംഎസ്എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നീട് ഐഎന്‍എല്‍ രൂപീകരിച്ചപ്പോള്‍ അതില്‍ സജീവമായി. 1995ല്‍ മലപ്പുറം ജില്ലയിലെ ഒളവട്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് ഇടത് സ്വതന്ത്രനായി മത്സരിച്ചതിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രവേശിച്ചു. ഐഎന്‍എല്‍ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി, നാഷണല്‍ ലേബര്‍ യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ ഇപ്പോള്‍ ഐഎന്‍എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് സ്ഥലം ഏറ്റെടുക്കല്‍, നാലുവരിപ്പാത പ്രശ്‌നം തുടങ്ങിയവയില്‍ ജനങ്ങളോടൊപ്പം നിന്ന തങ്ങളുടെ നിലപാടുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. നാലുവരിപ്പാതയുടെ പേരില്‍ അശാസ്ത്രീയമായ കുടിയൊഴിപ്പിക്കലിനെതിരെ ഐഎന്‍എല്‍ നടത്തിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൊയിലാണ്ടി ഫ്‌ളോററ്റില്‍ സൈതാലി കോയ തങ്ങളുടെ മകള്‍ റൗളയാണ് ഭാര്യ. മക്കള്‍: സയ്യിദ് സഹീന്‍ തങ്ങള്‍ (മെക്കാനിക്കല്‍ എന്‍ജിനീയര്‍), ആഇഷാ നുസ്ഹ, ഫാത്തിമ മിര്‍ഫ, സയ്യിദ് ഹനീന്‍.

---- facebook comment plugin here -----

Latest